Follow Us On

24

November

2025

Monday

ഫ്രാന്‍സിലെ നൈസിനടുത്ത് പുരാതന ദൈവാലയം കണ്ടെത്തി

ഫ്രാന്‍സിലെ നൈസിനടുത്ത് പുരാതന ദൈവാലയം കണ്ടെത്തി

നൈസ്/ഫ്രാന്‍സ്: ഫ്രാന്‍സിലെ നൈസിനടുത്തുള്ള ചെറുപട്ടണമായ വെന്‍സില്‍ പുരാതന ക്രൈസ്തവ കത്തീഡ്രലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെന്‍സ് മാര്‍ക്കറ്റ് ഹാളുകള്‍ പുതുക്കിപ്പണിയാനുള്ള പ്രാരംഭ നടപടികള്‍ക്കിടയിലാണ് ദൈവാലയത്തിന്റേതുപോലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ പുരാവസ്തു ഖനനം  ‘അസാധാരണ’മായ   കണ്ടെത്തലുകളിലേക്ക് നയിക്കുകയായിരുന്നു.

യൂറോപ്പില്‍ അമ്പതോ അറുപതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന തരത്തില്‍ അമൂല്യമായ കണ്ടെത്തലാണ് ഇതെന്ന് നൈസ് മെട്രോപൊളിറ്റന്‍ ഏരിയയുടെ പുരാവസ്തു വിഭാഗത്തിന്റെ തലവനായ ഫാബിയന്‍ ബ്ലാങ്ക്-ഗാരിഡല്‍  പറഞ്ഞു. വിശദമായ ഖനനത്തില്‍ ഏകദേശം മുപ്പത് മീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ഒരു സമുച്ചയമാണ് കണ്ടെത്തിയത്. അഞ്ചാം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ ഉപേക്ഷിക്കപ്പെടുകയും നിലംപരിശാക്കുകയും ചെയ്ത ഒരു കത്തീഡ്രലാണിത്.

യാതൊരു കേടുപാടുകളും കൂടാതെ നിലനിന്ന മാമ്മോദീസാ നല്‍കുന്ന ഇടം പ്രധാനപ്പെട്ട കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു. പുരാതന കത്തോലിക്കാസഭയിലെ ആചാരാനുഷ്ഠാനങ്ങള്‍ മനസിലാക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് മാമ്മോദീസാ നല്‍കിയിരുന്ന കാലഘട്ടത്തിലെ ഈ മാമ്മോദീസാ ‘തൊട്ടി’ സഹായകമാകുമെന്ന് കരുതപ്പെടുന്നു. ബിഷപ്പുമാരുടെ മൃതകൂടീരങ്ങളും ഉദ്ഖനനത്തില്‍ കണ്ടെത്തി.
അതേസമയം പുരാതന കത്തീഡ്രലിന്റെ കണ്ടെത്തല്‍ മാര്‍ക്കറ്റിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല എന്ന സൂചനയാണ് അധികാരികള്‍ നല്‍കുന്നത്.   മാമ്മോദീസാ നല്‍കിയിരുന്ന ഇടം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട പുരാവസ്തുക്കളും ഇടങ്ങളും ചില്ലുകൂട്ടിലാക്കി സംരക്ഷിക്കും. മാര്‍ക്കറ്റിലെത്തുന്നവര്‍ക്ക്  യൂറോപ്പിന്റെ സമ്പന്നമായ ക്രൈസ്തവ പൗരാണികതയുടെ ഓര്‍മപ്പെടുത്തലായി ഇവ നിലകൊള്ളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?