ചെന്നൈ: തമിഴ്‌നാട്ടിലെ ക്രൈസ്തവ മാനേജ്‌മെന്റിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലേതുപോലെയുള്ള ഭക്ഷണവും വിദ്യാഭ്യാസസൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് സഭാനേതൃത്വം. തമിഴ്‌നാട്ടില്‍ ക്രൈസ്തവ മാനേജ്‌മെന്റിനും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും കീഴിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
തമിഴ്‌നാട്ടിലെ 8,403 സ്‌കൂളുകളില്‍ ഏകദേശം 2500 സ്‌കൂളുകളും നടത്തുന്നത് ക്രൈസ്തവ സമൂഹമാണ്. അതെല്ലാം തന്നെ എയ്ഡഡ് സ്‌കൂളുകളുമാണ്.
ക്രൈസ്തവരുടെ സ്‌കൂളുകള്‍ ഭൂരിഭാഗവും വിദൂരഗ്രാമങ്ങളിലാണ്. അവിടെയാണെങ്കില്‍ ഗവണ്‍മെന്റിന് സ്‌കൂളുകള്‍ നടത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമാണ്. നൂറ്റാണ്ടുകളായി തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസം നല്‍കുന്നതില്‍ ക്രൈസ്തവ സ്‌കൂളുകള്‍ വഹിച്ച പങ്ക് ചെറുതല്ല. അന്ന് സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. കാരണം ക്രൈസ്തവസമൂഹം നല്‍കുന്ന സേവനം അവര്‍ക്ക് നിഷേധിക്കാനാവില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ പ്രഭാതഭക്ഷണംപോലെയുള്ള പദ്ധതികളില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കുകീഴിലുള്ള സ്‌കൂളുകളോട് വിവേചനം കാണിക്കുകാണെന്ന് ഫാ. അന്തോണിസ്വാമി സോളമന്‍ പറഞ്ഞു. തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സിലിന്റെ എഡ്യുക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറിയാണ് ഫാ. സോളമന്‍.
പ്രൈമറി സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്. മാത്രമല്ല സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിന് 8 ശതമാനത്തോളം സ്‌പെഷല്‍ അഡ്മിഷന്‍ ക്വോട്ടയുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം 1000 രൂപ സ്റ്റൈപന്‍ഡും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍തന്നെ സര്‍ക്കാര്‍ എയ്ഡഡ് ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്നുവെന്ന് ഫാ. ജോണ്‍ കെന്നഡി പറയുന്നു. മധുര പ്രോവിന്‍സിലെ ഈശോസഭയുടെ എഡ്യുക്കേഷന്‍ കോ-ഓര്‍ഡിനേറ്ററാണ് അദ്ദേഹം. മാത്രമല്ല തമിഴ്‌നാട്ടിലെ പുതിയ എഡ്യുക്കേഷന്‍ പോളിസി-2018 ല്‍ ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ക്ലോസുകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *