ചെന്നൈ: തമിഴ് ഭാഷയുടെ പ്രചാരണത്തിനായുള്ള തമിഴ്നാട് ഗവണ്‍മെന്റിന്റെ പുരസ്‌കാരം കത്തോലിക്ക വൈദികനായ ഫാ. ഡി അമുദാന്. ആംഗ്ലിക്കന്‍ മിഷനറിയായിരുന്ന ജോര്‍ജ് ഉഗ്ലോ പോപ്പിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യമായാണ് കത്തോലിക്ക പുരോഹിതന് ലഭിക്കുന്നത്.
ചെന്നൈ, അഡയാറിലെ രാജരത്നം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി എം.പി സ്വാമിനാഥനില്‍നിന്ന് ഫാ. അമുദാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തമിഴ് ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഫാ. അമുദാന്‍ ഉള്‍പ്പടെ 25 പേര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.
തഞ്ചാവൂര്‍ രൂപതാംഗമായ ഫാ. അമുദാന്‍ അറിയപ്പെടുന്ന അക്കാദമിക്ക് വിദഗ്ധനാണ്. ഇന്ത്യന്‍ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായ ഫാ. അമുദാന്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് ഭാഷക്കും സംസ്‌കാരത്തിനും ക്രൈസ്തവര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് തമിഴ് ഭാഷയില്‍ പതിനേഴും ഇംഗ്ലീഷ് ഭാഷയില്‍ എട്ടും പ്രബന്ധങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
സിബിസിഐയുടെ മീഡിയ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി 1979 മുതല്‍ 1982 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ. അമുദാന്‍ തമിഴ് ഭാഷയില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. തമിഴ് ബൈബിളിനു വേണ്ടി അദ്ദേഹം എസ്തേറിന്റെ പുസ്തകം ഗ്രീക്ക് ഭാഷയില്‍ നിന്ന് തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *