Follow Us On

15

November

2024

Friday

ഇനി പറയൂ… വിമര്‍ശിക്കണോ…?

ഇനി പറയൂ… വിമര്‍ശിക്കണോ…?

ജിബി ജോയി, ഓസ്‌ട്രേലിയ

വര്‍ത്തമാനകാലത്തില്‍ ക്രൈസ്തവ സഭയ്‌ക്കെതിരെ വെല്ലുവിളി ഉയരുമ്പോഴെല്ലാം ക്രൈസ്തവര്‍ ഇന്ന് യുദ്ധമുഖം തുറക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. അത് എളുപ്പമാണല്ലോ! സഭ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴും ഇതുതന്നെ അവസ്ഥ! ഘോരഘോരം കുറെ വാഗ്വാദങ്ങള്‍. അവസാനം ചടങ്ങുപോലെ സഭാനേതൃത്വത്തെയും പുരോഹിതരെയും സഭാസ്ഥാപനങ്ങളെയും പഴിചാരി എല്ലാം അവസാനിപ്പിക്കും. സഭയുടെ സമകാലിക പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്കൂടി ഉത്തരവാദികളാണെന്ന സ്വയംവിമര്‍ശനത്തിന് പകരം സഭയെയും സഭാനേതൃത്വത്തെയും വിമര്‍ശിക്കുന്നതിനാണ് ചിലര്‍ക്കിന്ന് താല്പര്യം.

കേട്ടത്: സഭാ സ്ഥാപനങ്ങള്‍ സഭാ വിശ്വാസികളെ പരിഗണിക്കുന്നില്ല. ഒരു ബിസിനസ് പോലെയാണ് സഭാസ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നത്.

കണ്ടത്: കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യയില്‍ വന്ന വന്‍ ഇടിച്ചില്‍ മൂലം സഭാ സ്ഥാപനങ്ങളെല്ലാം തന്നെ വിഭിന്നമായ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മുമ്പ് സഭാതനയരായിരുന്നു ഇവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരില്‍ ഏറെയും. ഇന്നാകട്ടെ ഇതരമതസ്ഥരെക്കൂടെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സ്ഥാപനങ്ങളെല്ലാം തന്നെ അതാത് മേഖലയില്‍ ഒരുമത്സരം അഭിമുഖീകരിക്കുന്നത് കൂടാതെ, സഭാസ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ ബാഹ്യശക്തികളില്‍ നിന്ന് സംഘടിതമായ ആക്രമണങ്ങള്‍ക്കുകൂടി ഇരയായി.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളജിലെ അടുത്തകാല സംഭവം ഒരു ഉദാഹരണം. സമീപകാലത്ത്, ഒരുനൂറ്റാണ്ടിന്റെ സേവനപാരമ്പര്യമുള്ള ഒരു സ്‌കൂളില്‍ സഭയില്‍നിന്നും അകന്ന് കഴിയുന്ന രക്ഷിതാവിന്റെ പരാതി ഏറ്റുപിടിച്ചതാകട്ടെ ആ പ്രദേശത്തെ വര്‍ഗീയ സംഘടനകള്‍. ഒരു ദേശമൊന്നാകെ സ്‌കൂളിന് കട്ടസപ്പോര്‍ട്ട് കൊടുത്തപ്പോള്‍ എല്ലാം പെട്ടെന്ന് കെട്ടടങ്ങി. ചില ക്രൈസ്തവ സ്‌കൂളുകളില്‍ ഇതരമതസ്ഥര്‍ ഭൂരിപക്ഷത്തോടടുക്കുകയും അവരുടെ മതപരമായ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സ്‌കൂള്‍ മാനേജ്മന്റ് മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ സമ്മര്‍ദ്ദവും, കൃത്രിമമായി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും.

ഇടുക്കി ജില്ലയിലെ ഒരു സ്‌കൂള്‍ ഇത്തരത്തില്‍ പൂട്ടേണ്ടിവന്നു! വടക്കേ ഇന്ത്യയിലുംമറ്റും പറഞ്ഞുകേട്ടിരുന്ന ഇത്തരുണത്തിലുള്ള സംഘടിത ആക്രമണങ്ങള്‍ മറ്റൊരു രൂപത്തില്‍ ഇവിടെ പ്രത്യക്ഷപ്പെടുകയാണോ? പ്രത്യേകിച്ച് ക്രൈസ്തവര്‍ ചെറുന്യൂനപക്ഷമാകുന്ന പ്രദേശങ്ങളില്‍!.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ, എന്തിനും ഏതിനും സഭാസ്ഥാപങ്ങളെ കാര്യകാരണമില്ലാതെ വിമര്‍ശിക്കുന്ന സഭാമക്കളുമുണ്ട്. സഭാ സ്ഥാപനങ്ങളെ പൊതുവായി ഇത്തരുണത്തില്‍ വിമര്‍ശിക്കുവാന്‍ ‘ഉണ്ട ചോറിനോട് നന്ദി കാണിക്കാത്തവര്‍ക്കേ’ കഴിയൂ. സഭാസ്ഥാപനങ്ങളിലൂടെ പഠിച്ചുയര്‍ന്നവരാണ് നാമെല്ലാവരും. സഭയുടെ യശസിന് നിദാനമായതും പൊതുസമൂഹത്തിന് ക്രൈസ്തവ സഭയോടുള്ള ആര്‍ദ്രതയും പ്രതിപത്തിയും സഭാസ്ഥാപനങ്ങളിലൂടെ ഉണ്ടായതാണ്.

കേരളത്തിലെ മുഴുവന്‍ ജനങ്ങളും ജീവിതത്തില്‍ എപ്പോഴെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങളുടെ സേവനം സ്വീകരിച്ചവരായിരിക്കും. പക്ഷെ, അക്രൈസ്തവന് ക്രൈസ്തവ സ്ഥാപനങ്ങളോടുള്ള സ്‌നേഹംപോലും സഭാമക്കള്‍ക്കില്ല. വിശുദ്ധ ചാവറയച്ചനെപ്പോലുള്ള നവോത്ഥാന നായകരുടെയും അനേകം വന്ദ്യവൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും അവരോടുചേര്‍ന്ന് പ്രവര്‍ത്തിച്ച നമ്മുടെ പൂര്‍വികരുടെയും കഠിന പരിശ്രമത്തിന്റെ ഫലമാണ് സഭാസ്ഥാപനങ്ങള്‍. അവരോടുള്ള നന്ദിയും കടപ്പാടും നമ്മുടെ സിരകളില്‍ എന്നും അണയാതെ കത്തണം. നാമത് പ്രകടിപ്പിക്കേണ്ടത് ഈ സ്ഥാപനങ്ങളെ സ്‌നേഹിച്ചും, സഹായിച്ചും അല്ലേ?

ക്രിസ്തു അത് ഒരിക്കലും മറക്കില്ല
സ്ഥാപനങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് കാരണങ്ങള്‍ പലതുണ്ട്. വിശ്വാസശോഷണം, ചില രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം, അധികാരികളില്‍ നിന്നുണ്ടായ ദുരനുഭവം, വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച തെറ്റിധാരണ എന്നിങ്ങനെ… ക്രിസ്തുവിന്റെ സൗമ്യതയുടെയും കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും ആള്‍രൂപമാകാന്‍ സ്ഥാപനാധികാരികള്‍ക്ക് കഴിയേണ്ടതുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ പരാജയപ്പെട്ടുപോയിട്ടുണ്ടാകാം; എല്ലാവരും മനുഷ്യരാണല്ലോ.
ചിലരുടെ പ്രശ്‌നം, അവരും കുടുംബവുമൊക്കെ സഭയോട് ചെയ്തതനുസരിച്ച് തിരിച്ചു കിട്ടുന്നില്ല എന്നതാണ്. ഓര്‍ക്കുക, നമ്മുടെ പൂര്‍വികര്‍ ഈ സ്ഥാപനങ്ങളെയൊക്കെ ഉദാരമായി സഹായിച്ചത് ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയാണ്. എന്റെ ദേശത്തുള്ള ഒരു കുടുംബമാണ് അവിടങ്ങളിലുള്ള പല കോണ്‍െവന്റുകള്‍ക്കും സ്ഥലം കൊടുത്തത്. അത് ക്രിസ്തുവിന്റെ മൗതികശരീരമായ സഭയുടെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. സ്വീകരിച്ചവര്‍ മറന്നാലും ക്രിസ്തു അതുമറക്കില്ല എന്നബോധ്യം അവര്‍ക്കുണ്ടായിരുന്നു. ഇന്ന് കൊടുത്താല്‍ ഉടന്‍ തിരിച്ച് കിട്ടണമെന്നാണ്.

എന്റെ വീടിനടുത്തുള്ള, ഞാന്‍ ജനിച്ച ധര്‍മഗിരി അഥവാ സെന്റ് ജോസഫ് ഹോസ്പിറ്റല്‍, ക്രിസ്തുവിനായി ആത്മാക്കളെ നേടാന്‍ ജീവിതം മാറ്റിവച്ച ദൈവദാസന്‍ പഞ്ഞിക്കാരനച്ചന്‍ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയതാണ്. ഇതേക്കുറിച്ച് എനിക്ക് ബോധ്യമുള്ള ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. ‘പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിപോലും മാറ്റിനിര്‍ത്തപ്പെടരുത്’ എന്നായിരുന്നു അച്ചന്റെ നിര്‍ദ്ദേശം. ഇന്ന് മുന്നൂറോളം ബെഡുകളുള്ള ആ ഹോസ്പിറ്റലില്‍ ധര്‍മ്മഗിരി സിസ്റ്റേഴ്‌സ് (എംഎസ്‌ജെ) അനുവര്‍ത്തിക്കുന്നതും അച്ചന്റെ ആ നിര്‍ദേശമാണ്.

ആശുപത്രി ബില്‍ അടയ്ക്കാന്‍ ക്ലേശക്കുന്നവര്‍ക്ക്, അപേക്ഷ പരിശോധിച്ചശേഷം സാവകാശം നല്‍കുകയോ പണം ഇളച്ചുനല്‍കുകയോ ചെയ്യുന്നുണ്ട്. കത്തോലിക്കാ കുടുംബങ്ങള്‍ക്ക് മൂന്നാമത്തെ പ്രസവച്ചെലവിന്റെ പകുതി സൗജന്യമായും നാലുമുതല്‍ മുഴുവന്‍ സൗജന്യമായും നല്‍കിവരുന്നു. അര്‍ഹരെന്ന് ബോധ്യമുള്ളവര്‍ക്ക് തിമിര ശസ്ത്രക്രിയ സൗജന്യമാണ്. വികാരിയാച്ചന്റെയോ ജനപ്രതിനിധിയുടെയോ കത്തുണ്ടെങ്കില്‍ എല്ലാ ചികത്സയ്ക്കും സാമ്പത്തിക ഇളവുകള്‍ ലഭ്യമാണ്. മാതാപിതാക്കള്‍ തനിയെ താമസിക്കുന്ന കുടുംബങ്ങളെ ഒരു ഡോക്ടര്‍ ഉള്‍പ്പെടുന്ന ടീം എല്ലാ ആഴ്ചയും വീടുകളില്‍ പോയി സന്ദര്‍ശിച്ച് സഹായിക്കുന്നു. വികാരിയച്ചന്റെ ശുപാര്‍ശയുമായി ജോലിക്കുവരുന്ന എല്ലാവരെയും ജോലിക്കായി പരിഗണിക്കാറുണ്ട്.

സൗജന്യ ഭക്ഷണപദ്ധതിയുണ്ട്. ജീവന്‍ രക്ഷിക്കേണ്ട ഒരുകേസും പണമില്ലാത്തതിന്റെ പേരില്‍ തള്ളിക്കളയാറില്ല. പാലിയേറ്റീവ് വാര്‍ഡിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മുഴുവന്‍ കെയറും സൗജന്യമാണ്. നഴ്‌സിങ്ങ് ബുക്ക് എഴുതിയ സിസ്റ്റര്‍ നാന്‍സി മെമ്മോറിയല്‍ ഫണ്ടില്‍ നിന്ന് മൂന്നു കുട്ടികളെ എല്ലാ വര്‍ഷവും സൗജന്യമായി പഠിപ്പിക്കുന്നു. സഭാസ്ഥാപനങ്ങളില്‍ ഈടാക്കുന്ന തുകയെ വിമര്‍ശിക്കുന്നവര്‍ സമീപത്തുള്ള ഇതരസ്ഥാപങ്ങളുമായി താരതമ്യം ചെയ്ത് വിമര്‍ശിക്കാനും മടിക്കാറില്ല. ഉദാഹരണത്തിന്, അവിടത്തേത് ആധുനിക സ്‌കാനിംഗ് മെഷീന്‍ ആണ്, അവിടെ പുതിയ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങി, മെഡിക്കല്‍ കോളജ് തുടങ്ങി. ഇവിടെ ഇതൊന്നും ഇല്ല എന്നൊക്കെ… സൗജന്യമായി ചികിത്സിച്ചാല്‍ സ്ഥാപനനവീകരണം കഴിയില്ലല്ലോ? ഇത് ഒരു ഉദാഹരണമായി പറഞ്ഞുവെന്നുമാത്രം. ഇനി പറയൂ.. ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ ചേര്‍ത്തുനിര്‍ത്തണമോ… അതോ…. വിമര്‍ശിക്കണമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?