Follow Us On

27

November

2024

Wednesday

ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് ഇന്നേക്ക് 23 വര്‍ഷം….
2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്….
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന്‍ വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് അപകടം സംഭവിച്ചത്….

ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡീസല്‍ടാങ്കിന് എങ്ങനെയോ തീപിടിച്ച് ബസ് ഒരു അഗ്നിഗോളമായി മാറുകയായിരുന്നു…. വലിയ ശബ്ദവും പുകപടലങ്ങളുമാണ് പിന്നീട് യാത്രക്കാര്‍ കണ്ടത്…. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും മനസിലായില്ല…. ബസ് അപകടത്തിലാണെന്ന് മാത്രം അറിഞ്ഞു…. അതോടെ ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും രക്ഷപെടാനുളള തിടുക്കമായി…. ബസ്സിനുള്ളിലാകെ പടര്‍ന്നുപിടിച്ച പുകപടലങ്ങള്‍ ബസിനെയാകെ മൂടിക്കളഞ്ഞു…. അതുകൊണ്ടുതന്നെ അതിനകത്തുണ്ടായിരുന്ന യാത്രക്കാര്‍ക്ക് ഡോറൊന്നും കാണാതെ വന്നതോടെ അവര്‍ തപ്പിത്തടഞ്ഞു കിട്ടിയ ജനലുകളിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമിക്കുകയും ചെയ്തു…. ഇങ്ങനെ, കുറച്ചുപേര്‍ രക്ഷപ്പെട്ടു…. എങ്കിലും നിരവധിപേര്‍ ബെസ്സിനുള്ളില്‍ പെട്ടുപോയി…. രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും അവര്‍ക്കുമുന്‍പില്‍ കൊട്ടിയടയ്ക്കപ്പെട്ടു…. ഈയൊരു സന്ദര്‍ഭത്തിലും മനോധൈര്യം കൈവിടാതെ ഈ അഞ്ചുപേരും ഉള്ളിലുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു….

കത്തിയമരുന്ന തീ അതിന്റെ അതിഭയങ്കരമായ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിക്കഴിഞ്ഞിരുന്നു…. ഇതിനിടയില്‍ രക്ഷപ്പെടാനുള്ള അവസരം ഈ അഞ്ചുപേര്‍ക്ക് മുന്നില്‍ നില്ക്കുമ്പോഴും; അതൊന്നും ശ്രദ്ധിക്കാതെ ബസിനുള്ളില്‍ അകപ്പെട്ടവരെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി സുരക്ഷിതരാക്കി പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടയില്‍ അവരുടെ സുരക്ഷിതത്വം അവര്‍ മറന്നിരുന്നു…. ഒടുവില്‍ ബസിലുണ്ടായിരുന്നവരില്‍ പലരേയും രക്ഷപ്പെടുത്തി അവരോടൊപ്പം സുരക്ഷിതനായി പുറത്തേക്ക് വന്ന റോയി, താനും ഒപ്പമുള്ള മറ്റു നാല് സഹപ്രവര്‍ത്തകരും രക്ഷപെട്ടുവെന്ന് ആശ്വസിക്കുമ്പോഴാണ് തന്റെ കൂടെയുള്ളവരെല്ലാം ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് മനസിലാക്കിയത്…. ഉടന്‍ റോയി അവരെ രക്ഷിക്കാനുള്ള ശ്രമമായി…. വീണ്ടും ബസിനുള്ളിലേക്ക് തിരിച്ച് കയറിയ റോയിയെ പലരും വിലക്കിയപ്പോള്‍ അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ ബസ്സിനുള്ളിലേക്ക് കയറി…. കൂടെയുള്ളവരെ എങ്ങനെയെങ്കിലും രക്ഷിക്കുക എന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ് മുഴുവന്‍…. അവരെ രക്ഷിക്കുക എന്നത് തന്റെ ദൗത്യമാണെന്ന് ആ യുവാവ് കരുതി…. എന്നാല്‍ തന്റെ ജീവനെപ്പോലും വകവയ്ക്കാതെയുള്ള ആ ശ്രമം വിഫലമായി എന്നുതന്നെ പറയാം…. അപ്പോഴേക്കും തീ അവരെ വിഴുങ്ങിക്കഴിഞ്ഞിരുന്നു…. റോയിയും അവരോടൊപ്പം അഗ്‌നിഗോളമായി..

ഇതിനിടയില്‍ തീ ആളികത്തുമ്പോഴും രക്ഷപ്പെട്ട് പുറത്തെത്തിയവരുടെയും, രക്ഷാപ്രവര്‍ത്തനത്തിനായ് ഓടിയെത്തിയവരുടെയും സാക്ഷ്യം ഇപ്രകാരമായിരുന്നു: ‘ബസ് ആളി കത്തുമ്പോള്‍ ബസിനുള്ളില്‍ നിന്നും ദൈവ സ്തുതികള്‍ ശക്തമായി ഉയര്‍ന്നു വന്നിരുന്നു’ എന്ന്…. അവസാനം, തീ ശമിച്ചപ്പോള്‍ ബസിനുള്ളില്‍ കണ്ട കാഴ്ച ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു; വെന്തുകരിഞ്ഞ ഈ അഞ്ചുപേരും കരങ്ങള്‍ കോര്‍ത്തുപിടിച്ചിരിക്കുന്നു. ‘തീ കത്തിയമരുന്ന സമയം മുഴുവനും ബസ്സിനുള്ളില്‍ ഈ അഞ്ചുപേരും കരങ്ങള്‍ കോര്‍ത്ത്, ദൈവ സ്തുതികളില്‍ ജ്വലിച്ചു പ്രാര്‍ത്ഥിക്കികയായിരുന്നു…. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള ഇവരുടെ ദൈവ സ്തുതികളാണ് രക്ഷപ്പെട്ടവരും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും അവിടെ തടിച്ചുകൂടിയവരും കേള്‍ക്കാനിടയായതും അവര്‍ തന്നെ സാക്ഷ്യപ്പെടുത്തിയതും…. ‘ഈ അഞ്ചുപേരില്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരും നിത്യ സമ്മാനത്തിനായ് ഈശോയുടെ അടുത്തേക്ക് യാത്രയായി…. ഉടന്‍ തന്നെ ജീവന്റെ തുടിപ്പുണ്ടായിരുന്ന ബിന്ദുവിനെ എല്ലാവരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ചെയ്തു….
തന്നെയും കൂട്ടുകാരെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് റോയി അഗ്നികുണ്ഠത്തില്‍ പെട്ടതെന്ന് ഗുരുതരമയി തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ കിടന്ന ബിന്ദു തന്നെ പറഞ്ഞിരുന്നു…. ആ അപകടത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞാണ് ബിന്ദു മരിക്കുന്നത്….
”സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഇല്ല.” യോഹന്നാന്‍ 15 : 13 എന്ന് യേശു പറഞ്ഞത് അങ്ങനെ ഇവരുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി….

ഇന്ന് എത്രപേര്‍ക്ക് ഇവരെ അറിയാം? എത്രപേര്‍ ഇവരെക്കുറിച്ച് പഠിക്കുന്നു, പഠിപ്പിക്കുന്നു? ഇവരെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവര്‍ ഇവരെ അറിയണം…. ഇവരെക്കുറിച്ച് പഠിച്ചിട്ടില്ലാത്തവര്‍ പഠിക്കണം…. കാരണം, ഇവര്‍ നമുക്കെല്ലാവര്‍ക്കും ഒരു സ്വര്‍ഗീയ പാഠപുസ്തകമാണ്…. നമുക്ക് മാതൃകയേകി ജ്വലിക്കുന്ന ക്രിസ്തു സാക്ഷികളാണ്…. ജീസസ് യൂത്ത് മുന്നേറ്റം പരിശുദ്ധ കത്തോലിക്കാ സഭയ്ക്ക് നല്‍കിയ അഗ്നി സ്തംഭങ്ങളാണ്….
അന്ന് ഇവരുടെ മൃതസംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തപ്പോള്‍ താമരശേരി രൂപതയുടെ അധ്യക്ഷനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് പറഞ്ഞത് ഇങ്ങനെയാണ്: ”നമുക്ക് അഞ്ച് വേദസാക്ഷികളെ ലഭിച്ചിരിക്കുന്നുവെന്ന്. അവര്‍ നമുക്കുവേണ്ടി മധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന്…” സത്യമാണ്, ഈ അഞ്ചുപേരും തങ്ങള്‍ക്ക് ലഭിച്ച ദൈവാനുഭവം അനേകര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മരണംവരെ പ്രയത്നിച്ചു, അതെ മരണംവരെ. യുവത്വത്തില്‍ തന്നെ ക്രിസ്തുവിലേക്ക് മടങ്ങിയ ഇവരിന്നും നമുക്കുവേണ്ടി ദൈവസന്നിധിയില്‍ മദ്ധ്യസ്ഥം വഹിക്കുന്നുണ്ടെന്നത് തീര്‍ച്ചയാണ്….

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?