ക്രോംവെല്‍: വിശുദ്ധ പാദ്രേ പിയോയുടെ ഇതുവരെയും പ്രസിദ്ധീകരിക്കാത്ത പത്ത് ഫോട്ടോകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുങ്ങി യുഎസ്സിലെ സെന്റ് പിയോ ഫൗണ്ടേഷന്‍. വിശുദ്ധ പാദ്രേ പിയോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ മുഴുകുന്നതും ഉള്‍പ്പെടെയുള്ള ഈ ശേഖരത്തില്‍ ഏറ്റവും സവിശേഷമായത് വിശുദ്ധന്‍ പുഞ്ചിരിക്കുന്ന ചിത്രമാണ്.
ഫൗണ്ടേഷന്റെ ഡയറക്ടര്‍ ലൂസിയാനോ ലാമോനാര്‍ക്ക, ഫോട്ടോഗ്രാഫറായ എലിയ സലെറ്റോയുടെ സ്റ്റുഡിയോ സന്ദര്‍ശിച്ചപ്പോഴാണ് ഈ ഫോട്ടോകള്‍ കണ്ടെത്തിയത്.
വിശുദ്ധ പാദ്രേ പിയോയുടെ മാധ്യസ്ഥതയാല്‍ കുഞ്ഞിനെ ലഭിച്ച വ്യക്തിയാണ് പ്രഫഷണല്‍ ഓപ്പറ ഗായകന്‍ കൂടിയായ ലാമോനാര്‍ക്ക. തന്റെ മുത്തച്ഛന്റെ സ്ഥാനമാണ് പാദ്രേ പിയോയ്ക്ക് ഉള്ളതെന്ന് ലാമോനാര്‍ക്ക പറയുന്നു.
വിശുദ്ധന്റെ ജീവിതവും സന്ദേശവും കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം സെന്റ് പിയോ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. ഫൗണ്ടേഷന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 29-നാണ് വിശുദ്ധന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുന്നത്.
ഇതു കൂടാതെ, പാദ്രെ പിയോയെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററി ഈ വര്‍ഷാവസാനം ഈഡബ്ല്യുറ്റിഎന്നില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമെങ്ങും ഏറെ ആദരിക്കപ്പെടുന്ന വിശുദ്ധ പാദ്രേ പിയോയുടെ അപൂര്‍വ ചിത്രങ്ങള്‍ കാണാനുള്ള സുവര്‍ണാവസരമാണ് വിശ്വാസികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *