കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വിലങ്ങാട് ദുരന്തബാധിത മേഖലയില്‍ കേരള കത്തോലിക്ക സഭയുടെ (കെസിബിസി) നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി. ഇതോടെ ദുരിതബാധിതര്‍ക്കായി കെസിബിസി നിര്‍മ്മിച്ചു നല്കിയ വീടുകളുടെ എണ്ണം 40 ആയി.
ആദ്യ മൂന്നു വീടുകളുടെ വെഞ്ചരിപ്പ് കര്‍മ്മം ഭദ്രാവതി രൂപതാ ധ്യക്ഷന് മാര്‍ ജോസഫ് അരുമച്ചാടത്ത് നിര്‍വ്വഹിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, മരുതോങ്കര അസി. വികാരി ഫാ. ഇമ്മാനുവല്‍ കൂരൂര്‍ എന്നിവര്‍ ഓരോ വീടുകളുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു.
ഹോളിക്രോസ് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അര്‍ച്ചന, താമരശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സിഒഡിയുടെ ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, മഞ്ഞക്കുന്ന് വികാരി ഫാ. ബോബി പൂവത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാദേശിക ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പദ്ധതിയുടെ ഭാഗമായി ആകെ 70 വീടുകളാണ് കെസിബിസി നിര്‍മ്മിക്കുന്നത്. ജനുവരി 27-ന് പതിനൊന്ന് വീടുകളും, 31-ന് ഒരു വീടും കൈമാറും. ശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണവും വെഞ്ചിരിപ്പും ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചക്കിട്ടപാറ, മരുതോങ്കര, വിലങ്ങാട്, കണ്ണൂര്‍ മേഖലകളിലായി നിര്‍മ്മിച്ച വീടുകളാണ് ദുരിതബാധിത കുടുംബങ്ങള്‍ക്ക് കൈമാറിയത്. വിവിധ രൂപതകള്‍, സന്യാസസഭകള്‍, സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്രയധികം ഭവനങ്ങളുടെ നിര്‍മ്മാണം സാധ്യമായത്. സിഒഡിയാണ് ഭവനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *