പുഷ്പങ്ങള്‍ ബഹുലമായി വളരുന്ന ഒരു തോട്ടംപോലെയായിരുന്നു ജോസഫിന്റെ ഹൃദയം; അവ നിശ്വസിച്ചിരുന്ന സുഗന്ധങ്ങള്‍ ചുറ്റുപാടും വ്യാപിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ചുറ്റുമുള്ള അന്തരീക്ഷം ഊഷ്മളവും ശാന്തിയും ആര്‍ദ്രതയും സ്‌നേഹവുംകൊണ്ട് നിറഞ്ഞതുമായിരുന്നു. ദിവ്യപൈതല്‍ ജോസഫിന്റെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തി.
”കളങ്കമറ്റ കൈകളും നിര്‍മ്മലമായ ഹൃദയവുമുള്ള, മിഥ്യയുടെമേല്‍ മനസ് പതിക്കാത്തവന്റെമേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവന് പ്രതിഫലം നല്‍കും. ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് ദൈവത്തിന്റെ മുഖം തേടുന്നത്” (സങ്കീര്‍. 24:4-6).
എത്രയോ ഭക്തിയോടും സ്‌നേഹത്തോടും ആര്‍ദ്രതയോടുമാണ് അദ്ദേഹം ദൈവപുത്രനെ കൈകളിലേന്തിയത്! അനുസരണം അനുഷ്ഠിച്ചതും എളിമ അഭ്യസിച്ചതും എത്രയോ ശ്ലാഘനീയമായ വിധം! ദൈവത്തിന്റെ വിളിയുടെ മുമ്പില്‍ അദ്ദേഹം എപ്പോഴും ഒരുങ്ങിയിരുന്നു. ശ്രദ്ധക്കുറവോ അലസതയോ അദ്ദേഹത്തിന് അജ്ഞാതമായിരുന്നു. ദൈവത്തിന്റെ പ്രഭാവത്താല്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റുപോലെയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ വിളിപ്പുറത്ത് ഔദാര്യഹരിതമായ മരുഭൂമിയിലൂടെ നിസാരമായ ഒരു പരാതിപോലും ഉരിയാടാതെ മൈലുകള്‍ താണ്ടി നടന്നു. അതില്‍ അദ്ദേഹത്തിന്റെ സഹനം ഭയാനകമായിരുന്നുവെന്ന് എനിക്കറിയാം.
കാലാവസ്ഥയുടെ രൂക്ഷതയുടെ മുമ്പില്‍ അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളെല്ലാം എത്രയോ ക്ഷീണിതരും വിശക്കുന്നവരും ദാഹിക്കുന്നവരുമാണെന്ന് നിസഹായനായി കണ്ടുനില്‍ക്കേണ്ടിവന്നു. ദിവ്യശിശുവിനെ അഭ്യസിപ്പിക്കാനും പരിചരിക്കാനും സംരക്ഷിക്കാനും ദൈവം അദ്ദേഹത്തെ ചുമതലപ്പെടുത്തി, അതും സ്വന്തം കുട്ടിയെന്നപോലെ.
രാവും പകലും ജോസഫിന്റെ കണ്ണുകള്‍ യേശുവിന്റെ നേരെയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവ് യേശുവില്‍ ആശ്രയിച്ചിരുന്നു. അപ്രകാരമായിരുന്നു ജോസഫ് ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന സ്‌നേഹം.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച സ്വര്‍ഗവാതിലായ മറിയം എന്ന ഗ്രന്ഥത്തില്‍നിന്ന്…).
Leave a Comment
Your email address will not be published. Required fields are marked with *