ബാഗ്ദാദ്: ഇറാഖിലെ കത്തോലിക്ക സഭയുടെ തലവന്‍ എന്ന നിലയിലുള്ള അംഗീകാരം റദ്ദാക്കിയ രാഷ്ട്രീയ നടപടിയില്‍ പ്രതിഷേധിച്ച് ബാഗ്ദാദില്‍ നിന്ന് മാറി കുര്‍ദിസ്ഥാന്‍ പ്രദേശത്തുള്ള ഇര്‍ബിലില്‍ കഴിയുകയായിരുന്ന കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ലൂയിസ് സാക്കോ ബാഗ്ദാദിലേക്ക് മടങ്ങി.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ഔദ്യോഗികമായി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ബാഗ്ദാദിലേക്ക് മടങ്ങുന്നതെന്ന് പാത്രിയാര്‍ക്കീസ് വ്യക്തമാക്കി. ന്യൂനപക്ഷമായ ക്രൈസ്തവര്‍ ക്രിസ്തു പഠിപ്പിച്ചതുപോലെ സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും സാഹോദര്യത്തിന്റെയും ഉറവിടമായി മാറണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു.
ഒന്‍പതു മാസമായി ബാഗ്ദാദില്‍ നിന്നകന്നു കഴിയുകയായിരുന്ന കര്‍ദിനാളിന് ബാഗ്ദാദിലെ ക്രൈസ്തവ സമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ബാഗ്ദാദിലെ തിരിച്ചെത്തിയ കര്‍ദിനാള്‍ സാക്കോയുടെ കാര്‍മികത്വത്തിലര്‍പ്പിച്ച ദിവ്യബലിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു.
ഇറാഖ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് റഷീധാണ് കര്‍ദിനാളിനെ ഇറാഖ് കത്തോലിക്ക സഭയുടെ തലവനായി അംഗീകരിക്കുന്ന ഉത്തരവ് കഴിഞ്ഞ ജൂലൈ മാസത്തില്‍ റദ്ദാക്കിയത്. എന്നാല്‍ ഈ നടപടി മതപരമോ നിയമപരമോ ആയ ഏതെങ്കിലും വിധത്തില്‍ കര്‍ദിനാളിന്റെ പദവിയെ ബാധിക്കില്ലെന്ന നിലപാടാണ് ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രസിഡന്റ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് കര്‍ദിനാള്‍ സാക്കോ ഇര്‍ബിലിലേക്ക് മാറിയത്.
ഐഎസ് ആക്രമണത്തിന് മുമ്പ് 15 ലക്ഷം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ ഇന്ന് ഒന്നര ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമാണുള്ളത്. കര്‍ദിനാളിന്റെ ബാഗ്ദാദില്‍ നിന്നുള്ള പിന്മാറ്റം അവശേഷിക്കുന്ന ക്രൈസ്തവരുടെ ആത്മവിശ്വാസത്തെയും സാരമായി ബാധിച്ചിരുന്നു. ഏതായാലും കര്‍ദിനാള്‍ ഇറാഖിന്റെ ആസ്ഥാനത്തേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇറാഖിലെ ക്രൈസ്തവ സമൂഹം.
Leave a Comment
Your email address will not be published. Required fields are marked with *