കാക്കനാട്: കുടുംബങ്ങളുടെ കെട്ടുറപ്പും കൂട്ടായ്മയുമാകുന്ന വീഞ്ഞ് കുറഞ്ഞുപോകുമ്പോള്‍ സാന്ത്വനവും പരിഹാരവും നല്കുന്ന സാന്നിധ്യമായി സഭയുടെ കുടുംബ ശുശ്രൂഷകര്‍ മാറണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കുടുംബ പ്രേഷിതത്വം, മാതൃവേദി, കുടുംബ കൂട്ടായ്മ, പ്രോ-ലൈഫ് എന്നീ വകുപ്പുകളുടെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങള്‍ക്ക് സ്വര്‍ഗീയ സാന്നിധ്യം പകരാന്‍ കുടുംബ പ്രേഷിതര്‍ ശ്രമിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. അപ്പസ്തോലന്മാരുടെ ദൗത്യമാണ് കുടുംബ പ്രേഷിതരുടേതെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച കമ്മീഷന് ചെയര്മാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഓര്‍മിപ്പിച്ചു. ആയുധമല്ല ആള്‍ബലമാണ് സഭയുടെയും സമൂഹത്തിന്റെയും സമ്പത്തെന്നും ജനസം ഖ്യാപരമായ ഇടിവ് ഉണ്ടാകുമ്പോള്‍ പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബങ്ങളിലെയും സമൂഹത്തിലെയും വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാന്‍ കുടുംബ ശുശ്രൂഷകര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് കമ്മീഷന് അംഗം മാര്‍ ജോസ് പുളിക്കല്‍ ആശംസാസന്ദേശത്തില്‍ സൂചിപ്പിച്ചു. സിബിസിഐ അല്മായ കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ വി.സി സെബാസ്റ്റ്യന്‍, കമ്മീഷന് ജനറല്‍ സെക്രട്ടറി ഫാ. ജോബി ആന്റണി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുടുംബത്തിനും അല്മായര്ക്കും ജീവനുംവേണ്ടിയുള്ള സഭാകമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *