ജയ്‌മോന്‍ കുമരകം
കഴിഞ്ഞയാഴ്ച വാട്‌സാപ്പ് വഴി വൈറലായൊരു വീഡിയോ ഉണ്ട്. സിറ്റ്ഔട്ടിലെ കസേരയിലിരിക്കുന്ന വയോധികനെ മകന്‍ അക്രമിക്കുന്ന രംഗം. കൈകൊണ്ടൊന്ന് എതിര്‍ക്കുകപോലും ചെയ്യാതെ ആ അപ്പന്‍ മകന്റെ മര്‍ദ്ദനമത്രയും ഏറ്റുവാങ്ങുകയാണ്. ഓടിയെത്തിയ അയല്‍ക്കാര്‍ അപ്പനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ കയറ്റുമ്പോഴും പിന്നാലെയെത്തി മകന്‍ അക്രമിക്കുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് നടന്ന സംഭവമെന്ന് പറഞ്ഞ് കയ്യൊഴിയാമെങ്കിലും ഇതിനേക്കാള്‍ ക്രൂരമായ ഒരുപാട് സംഭവങ്ങള്‍ നമ്മുടെ ദേശത്തും നടക്കുന്നുണ്ട്. വൃദ്ധ മാതാപിതാക്കള്‍ മക്കളുടെ പീഡനത്തിന്റെ ഇരകളാക്കപ്പെടുന്ന ഒരുപാട് സംഭവങ്ങള്‍ അടുത്ത നാളില്‍ ഏറിവരുന്നു.
നമുക്ക് എന്താണ് സംഭവിക്കുന്നത്? ഇതെക്കുറിച്ച് എഴുതുമ്പോഴാണ് ഒരു വാട്‌സാപ് മെസേജ് സ്‌നേഹിതന്‍ ഫോര്‍വേഡ് ചെയ്ത് തന്നത്. ആരെഴുതിയാലും ഏറ്റവും ഹൃദ്യം എന്ന് മാത്രമേ പറയാനാവൂ. ആ എഴുത്ത് ചുവടെ;
അച്ഛന് പ്രായമായി, നടക്കുമ്പോള്‍ മതിലിലും, ഭിത്തിയിലും പിടിച്ചു നടക്കും. തല്‍ഫലമായി, അച്ഛന്‍ തൊടുന്നിടത്തെല്ലാം ചുവരുകള്‍ നിറം മാറുകയും ചുവരുകളില്‍ അച്ഛന്റെ വിരലടയാളം പതിയുകയും ചെയ്തു. എന്റെ ഭാര്യ ഇത് കണ്ടുപിടിച്ചു, വൃത്തികെട്ടെന്ന് അവള്‍ക്ക് മാത്രം തോന്നിയ ചുവരുകളെ കുറിച്ച് പലപ്പോഴും പരാതിപ്പെടുമായിരുന്നു. ഒരു ദിവസം, അച്ഛന് തലവേദന വന്നു. അതുകൊണ്ട് അദ്ദേഹം തലയില്‍ കുറച്ച് എണ്ണ മസാജ് ചെയ്തു. എണ്ണമയമുള്ള കൈതൊട്ട് നടക്കുമ്പോള്‍ ചുവരുകളില്‍ എണ്ണപ്പാടുകള്‍ പ്രത്യക്ഷമായി. ഇതുകണ്ട് ഭാര്യ എന്നോട് നിലവിളിച്ചുപറഞ്ഞു. ‘നടക്കുമ്പോള്‍ അച്ഛനോട് ചുവരുകളില്‍ തൊടരുതെന്ന് പറയാന്‍.’
തുടര്‍ന്ന് ഞാന്‍ അച്ഛനോട് കയര്‍ക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. അച്ഛന്‍ വേദനയോടെ എന്നെ നോക്കി. എന്റെ പെരുമാറ്റത്തില്‍ എനിക്കും ലജ്ജ തോന്നി, പക്ഷേ അച്ഛന്‍ ഒന്നും പറഞ്ഞില്ല. നടക്കുന്നതിനിടയില്‍ അച്ഛന്‍ മതിലില്‍ പിടിച്ചു നിന്നു. പിന്നെ ഒരു ദിവസം താഴെ വീണു. കിടപ്പിലായ അദ്ദേഹം താമസിയാതെ ഞങ്ങളെ വിട്ടുപോയി. എനിക്ക് കുറ്റബോധം തോന്നി, അച്ഛന്റെ ഭാവങ്ങള്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിഞ്ഞില്ല. താമസിയാതെ അദ്ദേഹത്തിന്റെ വിയോഗം എനിക്ക് കൂടുതല്‍ വേദനയുണ്ടാക്കി. കുറച്ച് കാലത്തിന് ശേഷം, വീട് പെയിന്റ് ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. പെയിന്റ് ചെയ്യുന്നവര്‍ വന്നപ്പോള്‍, മുത്തച്ഛനെ ആരാധിക്കുന്ന എന്റെ മകന്‍, അച്ഛന്റെ വിരലടയാളം വൃത്തിയാക്കാനും ആ ഭാഗങ്ങള്‍ മായ്ക്കാനും പെയിന്റ് ചെയ്യുന്നവരെ അനുവദിച്ചില്ല. അവര്‍ വളരെ നല്ലവരും പുതുമയുള്ളവരുമായിരുന്നു. അവര്‍ എന്റെ പിതാവിന്റെ വിരലടയാളങ്ങള്‍ നീക്കം ചെയ്യില്ലെന്നും പകരം ഈ അടയാളങ്ങള്‍ക്ക് ചുറ്റും മനോഹരമായ ഒരു വൃത്തം വരച്ച് തനതായ ഒരു ഡിസൈന്‍ സൃഷ്ടിക്കുമെന്നും അവര്‍ അവന് ഉറപ്പുനല്‍കി. പിന്നീട്, അച്ഛന്റെ കൈമുദ്ര പതിഞ്ഞ ചുമരിലെ വൃത്തം ഞങ്ങളുടെ വീടിന്റെ ഭാഗമായി മാറുകയും ചെയ്തു. ഞങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിയും ഞങ്ങളുടെ അതുല്യമായ രൂപകല്‍പ്പനയെ അഭിനന്ദിച്ചു.
കാലം ചെല്ലുന്തോറും എനിക്കും വയസായി. ഇപ്പോള്‍ എനിക്ക് നടക്കാന്‍ മതിലിന്റെ താങ്ങ് ആവശ്യമായിരിക്കുന്നു. ഒരു ദിവസം നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. അച്ഛനോടുള്ള എന്റെ വാക്കുകള്‍, മതിലില്‍ പിടിക്കാതെ ഞാന്‍ നടക്കാന്‍ ശ്രമിച്ചു. എന്റെ മകന്‍ ഇത് കണ്ടു, ഉടനെ എന്റെ അടുത്ത് വന്ന്, നടക്കുമ്പോള്‍ മതിലുകളില്‍ പിടിച്ചു നടക്കുവാന്‍ എന്നോട് ആവശ്യപ്പെട്ടു, താങ്ങില്ലാതെ ഞാന്‍ വീഴുമോ എന്ന ആശങ്ക അവന്‍ പ്രകടിപ്പിച്ചു, എന്റെ മകന്‍ എന്നെ പിടിക്കുകയാണെന്ന് എനിക്ക് മനസിലായി. എന്റെ ചെറുമകള്‍ ഉടന്‍ തന്നെ മുന്നോട്ട് വന്ന് സ്‌നേഹപൂര്‍വ്വം, അവളുടെ തോളില്‍ കൈ വെച്ചു നടക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ ഏതാണ്ട് നിശബ്ദമായി ഉള്ളില്‍ കരയാന്‍ തുടങ്ങി. എന്റെ പിതാവിന് വേണ്ടി ഞാന്‍ ഇത് ചെയ്തിരുന്നെങ്കില്‍, അദ്ദേഹം കൂടുതല്‍ കാലം ജീവിക്കുമായിരുന്നു. എന്റെ കൊച്ചുമകള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി സോഫയില്‍ ഇരുത്തി. എന്നിട്ട് എനിക്ക് കാണിച്ചു തരാന്‍ അവളുടെ ഡ്രോയിംഗ് ബുക്ക് എടുത്തു. ടീച്ചര്‍ അവളുടെ ഡ്രോയിംഗിനെ അഭിനന്ദിക്കുകയും മികച്ച അഭിപ്രായങ്ങള്‍ നല്‍കുകയും ചെയ്തു. ചുവരുകളില്‍ അച്ഛന്റെ കൈമുദ്രയായിരുന്നു രേഖാചിത്രം. അവളുടെ കമന്റ് ‘എല്ലാ കുട്ടികളും മുതിര്‍ന്നവരെ ഒരേ രീതിയില്‍ സ്‌നേഹിക്കട്ടെ എന്ന് ആശംസിക്കുന്നു’. ഞാന്‍ തിരികെ എന്റെ മുറിയില്‍ വന്ന് കരയാന്‍ തുടങ്ങി, ഇന്നില്ലാത്ത എന്റെ അച്ഛനോട് ഞാന്‍ ക്ഷമ ചോദിച്ചു. കാലത്തിനനുസരിച്ച് നാമും വൃദ്ധരാകുന്നു. നമുക്ക് നമ്മുടെ മുതിര്‍ന്നവരെ പരിപാലിക്കാം, നമ്മുടെ കുട്ടികളെയും അത് പഠിപ്പിക്കാം.
ഇത് ഇന്ത്യയില്‍
ആദ്യത്തെ വൈദികന്‍
ഇന്ത്യയില്‍ ആറുകോടിയോളം വരുന്ന ബധിരസമൂഹത്തില്‍ നിന്ന് ഒരു വ്യക്തി കത്തോലിക്കാ സഭയില്‍ പുരോഹിതനായി ഉയര്‍ത്തപ്പെട്ടു എന്നത് നിസാരമയൊരു കാര്യമല്ല. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് സഭാംഗമായ ഫാ. ജോസഫ് തേര്‍മഠമാണിത്. തൃശൂര്‍ വ്യാകുലമാതാ ബസലിക്കയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൈവയ്പു ശുശ്രൂഷക്ക് നേതൃത്വം നല്‍കി.
ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹോളിക്രോസ് അംഗമായിരുന്ന ഫാ. ബിജു മൂലക്കരയെ പരിചയപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. ഈ കോണ്‍ഗ്രിഗേഷന്‍ വര്‍ഷങ്ങളായി ബധിരര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിച്ചിരുന്നു.
കാനഡക്കാരനായ ഫാ. ഹാരി സ്റ്റോക്ക് ഏതാണ്ട് 35 ഓളം വര്‍ഷങ്ങളായി ഇന്ത്യയിലങ്ങോളമിങ്ങോളം ബധിരര്‍ക്കുവേണ്ടിയുള്ള സേവനങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ബധിരര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പലര്‍ക്കും അദ്ദേഹം ഒരു പ്രചോദനവുമായിരുന്നു. അദ്ദേഹമാണ് 2003 ല്‍ ഫാ. ബിജുവിനെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അദ്ദേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിനു ശേഷം 2008 ല്‍ തന്റെ പ്രഥമദിവ്യബലി ആംഗ്യഭാഷയിലര്‍പ്പിച്ച ഫാ. ബിജു തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആ സമയത്താണ് ജോസഫ് തേര്‍മഠം അദ്ദേഹത്തെ കാണാനിടയായത്. ജോസഫിന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ. ബിജു അദ്ദേഹത്തെ ഹോളിക്രോസ് കോണ്‍ഗ്രിഗേഷനിലേക്ക് നയിക്കുകയായിരുന്നു.
2017-ല്‍ ഹോളിക്രോസില്‍ പ്രവേശിച്ച ജോസഫ് 2018-ല്‍ പരിശീലനത്തിനായി പൂനെയിലെത്തി. 2019-ല്‍ ഏര്‍ക്കാട് നോവിഷ്യേറ്റ് പൂര്‍ത്തിയാക്കിയതിനുശേഷം റീജിയന്‍സി കാലയളവില്‍ 2020-21 അയ്മനത്തും 2022-ല്‍ ഘാന്‍പൂര്‍ ബധിര വിദ്യാലയത്തിലും ശുശ്രൂഷ ചെയ്തു. 2023 ല്‍ പൂനെയിലെ ഹോളിക്രോസ് സെമിനാരിയിലെ പഠനത്തിനു ശേഷം ഡീക്കന്‍ പട്ടം ലഭിച്ചു. 2024 മെയ് രണ്ടിന് വൈദികനായി അഭിഷിക്തനായി.
വൈദികനായതിനുശേഷം ഇന്ത്യയിലെ വിവിധ ബധിര മിനിസ്ട്രികളുമായി ബന്ധപ്പെട്ട് ശുശ്രൂഷ ചെയ്യാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ബധിരസമൂഹത്തിന് ഇത് അഭിമാന നിമിഷമാണ്. കാരണം ആഗോള കത്തോലിക്കാ സഭയില്‍ ഏകദേശം 25 ഓളം ബധിര വൈദികര്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായാണ് ബധിരസമൂഹത്തില്‍ നിന്ന് ഒരാള്‍ വൈദികപദവിയിലെത്തുന്നത്. ഇന്ത്യയിലെ ബധിരസമൂഹത്തിന് വലിയ ഒരു പ്രചോദനമായി ഇദ്ദേഹത്തിന്റെ വൈദികജീവിതം മാറുമെന്ന് പ്രത്യാശിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *