ഡെറാഡൂണ്‍: ജൂണ്‍ 8, 2024. ഡെറാഡൂണിലെ പ്രശസ്തമായ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡ് നടക്കുകയാണ്. ഔദ്യോഗിക സ്ഥാനചിഹ്നങ്ങള്‍ മേലധികാരികളില്‍ നിന്നും സ്വീകരിച്ച പട്ടാള ഉദ്യോഗസ്ഥന്‍ ദൃഢമായ കാല്‍വെപ്പുകളുടെ മാര്‍ച്ച് ചെയ്തു ഒരു ഫോട്ടോയ്ക്ക് മുന്‍പിലെത്തി സഗൗരവം സല്യൂട്ട് ചെയ്യുന്നു. ഫോട്ടോയില്‍ തെളിഞ്ഞു നില്‍ക്കുന്ന ചിത്രം പൂഞ്ചിലെ ആദ്യകാല മിഷനറിയായിരുന്ന ഫാ. ജോസഫ് പൈകട സിഎംഐയുടേതാണ്. സല്യൂട്ട് ചെയ്തത് ഫാ. ജോസഫ് പൈകടയുടെ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍ കുമാര്‍ എന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. അച്ചനായിരുന്നു ആ കൗമാരക്കാരന്റെ മുമ്പില്‍ ലോകത്തിന്റെ വിശാലമായ വാതായനങ്ങള്‍ തുറന്നിട്ട് അവന്റെ മനസില്‍ സ്വപ്‌നങ്ങള്‍ വിതച്ചത്.
ഒരു സാധ്യതയുമില്ലാതിരുന്ന എനിക്ക് ജീവിതത്തില്‍ മുന്‍പോട്ട് പോകാനുള്ള വഴി കാണിച്ചുതന്ന, ഫീസ് വാങ്ങാതെ പഠിപ്പിച്ച ഈ മനുഷ്യസ്‌നേഹിയുടെ മുമ്പിലല്ലാതെ ആരുടെ മുമ്പിലാണ് ഈ അവസരത്തില്‍ ഞാന്‍ സല്യൂട്ട് ചെയ്യേണ്ടതെന്നായിരുന്നു തുടര്‍ന്നു രാഹുല്‍ കുമാര്‍ കണ്ഠമിടറി പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു പട്ടാള ഉദ്യോഗസ്ഥന്‍ തന്റെ ജീവിതത്തിന് മാറ്റം ഉണ്ടാക്കിയത് പൈകടയച്ചന്റെ ഇടപെടലായിരുന്നു എന്ന് പരസ്യമായി പറയുമ്പോള്‍ പൈകടയച്ചന് മാത്രമല്ല, ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ അധഃസ്ഥിതരുടെ ഉന്നമനത്തിന് വേണ്ടി നീക്കി വച്ച ആയിരക്കണക്കിന് ക്രൈസ്തവ മിഷനറിമാര്‍ക്കുള്ള രാജ്യത്തിന്റെ പ്രണാമം കൂടിയായി മാറുകയാണ് ആ വാക്കുകള്‍. മിഷനറിമാര്‍ രാജ്യത്തിന്റെ വിദൂരഗ്രാമങ്ങളില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നുകൂടി ആ വാക്കുകളില്‍നിന്ന് തെളിയുന്നുണ്ട്.
‘പഠിക്കാന്‍ കഴിവുള്ളവര്‍ക്ക് മാത്രമാണ് പൈകടയച്ചന്‍ സ്‌കൂളില്‍ അഡ്മിഷന്‍ കൊടുക്കാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ എനിക്ക് വിദ്യാഭ്യാസം കിട്ടാന്‍ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. ഫീസ് കൊടുക്കാന്‍ സാമ്പത്തികശേഷി ഉള്ളവര്‍ക്കാണ് അദ്ദേഹം സ്‌കൂളില്‍ പ്രവേശനം നല്‍കിയിരുന്നതെങ്കില്‍ പൂഞ്ച് ക്രൈസ്റ്റ് സ്‌കൂളിന്റ പടി പോലും കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാത്തരത്തിലും സാമൂഹികമായ പിന്നാക്കം നിന്നിരുന്ന ക്രൈസ്തവര്‍ക്കു പഠിക്കാന്‍ ആഗ്രഹമുണ്ടാക്കി തന്നത് അദ്ദേഹമാണ്.’ പാസിംഗ് ഔട്ടിനുശേഷം രാഹുല്‍ ഇങ്ങനെ പറഞ്ഞാണ് പൂര്‍ത്തിയാക്കിയത്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരെ നമ്മുടെ സ്‌കൂളില്‍ എടുത്താല്‍ സ്‌കൂളിന്റെ ഭാവി എന്താകും എന്ന ചോദ്യത്തിന്, വര്‍ഷങ്ങള്‍ക്കുമുന്‍പ് പൈകടയച്ചന്‍ പറഞ്ഞ മറുപടിയുണ്ട്. ‘അതാണ് മിഷന്‍. അതിനു വേണ്ടിയാണ് മിഷന്‍. അതിനുവേണ്ടിയാണ് നമ്മള്‍ ഇവിടെ വന്നത്. പഠിക്കുന്നവരെ മാത്രം എടുത്ത് 100% വിജയം ഉണ്ടാക്കുന്നതിനു വേണ്ടിയല്ല, അവഗണിക്കപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തുന്നതിനു വേണ്ടിയിട്ടാണ് നമ്മളിവിടെ വന്നത്.’ രാഹുല്‍ ട്രെയിനിംഗ് കഴിഞ്ഞു രാജ്യസേവനത്തിനിറങ്ങുമ്പോള്‍ പൂഞ്ച് സെന്റ് ഇഗ്നേഷ്യസ് ഇടവകയ്ക്കും അത് അഭിമാന നിമിഷമാണ്. പുഞ്ചിലെ സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗമാണ് രാഹുല്‍ കുമാര്‍. കോഴിക്കോട് ദേവഗിരി കോളേജിന്റെ പ്രിസന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷമായിരുന്നു ഫാ. ജോസഫ് പൈകട ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ സേവനമനുഷ്ഠിച്ചത്. 2019 ഡിസംബര്‍ 20ന് 83-ാമത്തെ വയസില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി യാത്രയായി.
Leave a Comment
Your email address will not be published. Required fields are marked with *