Follow Us On

23

November

2024

Saturday

ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍

ടോക്കിയോയിലെ ആദ്യ കത്തോലിക്ക ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍

ടോക്യോ: ജപ്പാനിലെ ടോക്കിയോ അതിരൂപതയിലെ ആദ്യത്തെ കത്തോലിക്കാ ദൈവാലയം സ്ഥാപിതമായിട്ട് 150 വര്‍ഷങ്ങള്‍ പിന്നിടുന്നു. വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചിരിക്കുന്ന സുകിജിയിലെ ദൈവാലയത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളില്‍ ടോക്കിയോ ആര്‍ച്ചുബിഷപ് ടാര്‍സിഷ്യസ് ഐസാവോ കികുച്ചി മുഖ്യ കാര്‍മികത്വം വഹിച്ചു. 150 വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും അതിജീവിച്ചാണ് മിഷനറിമാര്‍ ഈ ദൈവാലയം പണിതുയര്‍ത്തിയതെന്ന് ആര്‍ച്ചുബിഷപ് അനുസ്മരിച്ചു. ചുരുങ്ങുന്ന ജനസംഖ്യയുടെയും പ്രായമാകുന്ന സമൂഹത്തിന്റെയും മുന്നില്‍ സഭ ഇന്നും നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും എന്നാല്‍ ആശങ്കകള്‍ക്കിടയിലും ശുഭാപ്തി വിശ്വാസമുണ്ടെന്നും ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.

പാരിസ് ഫോറിന്‍ മിഷന്‍സ് സൊസൈറ്റി അംഗങ്ങള്‍ നിര്‍മിച്ച സുകിജിയിലെ ദൈവാലയം 1874 നവംബറിലാണ് കൂദാശ ചെയ്തത്. 1891-ല്‍ ടോക്കിയോ അതിരൂപത സ്ഥാപിതമായതോടെ അത് കത്തീഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1923-ല്‍, തീവ്രമായ കാന്റോ ഭൂകമ്പത്തില്‍ ഈ ദൈവാലയം നശിക്കുകയും 1927-ല്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. 1999-ല്‍ ടോക്കിയോയിലെ പൈതൃക സ്മാരകങ്ങളില്‍ ഒന്നായി ജാപ്പനീസ് ഗവണ്‍മെന്റ് ഇത് അംഗീകരിച്ചു.
1549 ഓഗസ്റ്റ് 15-ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഈ ദ്വീപ് സമൂഹത്തില്‍ ഇറങ്ങിയതോടെയാണ് ജപ്പാന്റെ സുവിശേഷവല്‍ക്കരണം ആരംഭിച്ചത്. പിന്നീട്, ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍, അഗസ്റ്റീനിയന്‍, ഫ്രഞ്ച് മിഷനറിമാര്‍ രാജ്യത്ത് എത്തി. മിഷനറി പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, അന്നത്തെ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നൂതന സാങ്കേതികവിദ്യകളും ആശയങ്ങളും അവതരിപ്പിക്കുകയും സ്‌കൂളുകളും മെഡിക്കല്‍ സൗകര്യങ്ങളും സ്ഥാപിക്കുകയും ചെയ്തു. ജാപ്പനീസ് ഭാഷയും പ്രാദേശിക പരമ്പരാഗത ആചാരങ്ങളും പഠിച്ചുകൊണ്ട് സുവിശേഷവല്‍ക്കരണ ദൗത്യം അവര്‍ നിര്‍വഹിച്ചു.

1587-ല്‍ ക്രിസ്തുമതത്തിനെതിരെ അടിച്ചമര്‍ത്തല്‍ ആരംഭിക്കുകയും വിദേശ മിഷനറിമാര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നിരുന്നാലും, മിഷനറിമാര്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നത് തുടര്‍ന്നു. പത്ത് വര്‍ഷത്തിന് ശേഷം, 1597-ല്‍ 26 ക്രൈസ്തവരെ കുരിശിലേറ്റിയതോടെ പീഡനങ്ങള്‍ മൂര്‍ധന്യത്തിലെത്തി. ഇവരെ പിന്നീട ് വിശുദ്ധരായി പ്രഖ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ജപ്പാന്റെ പുതിയ നയം കത്തോലിക്കാ സഭയ്ക്ക് ജപ്പാനിലെ ദൗത്യം പുനരാരംഭിക്കാന്‍ അവസരം നല്‍കി. 1846-ല്‍, വത്തിക്കാന്‍ ജപ്പാനില്‍ അപ്പസ്തോലിക് വികാരിയേറ്റ് സ്ഥാപിക്കുകയും അതിന്റെ ഭരണം പാരിസിലെ ഫ്രഞ്ച് വിദേശ മിഷനെ ഏല്‍പ്പിക്കുകയും ചെയ്തു. ടോക്കിയോ ആര്‍ച്ചുബിഷപ്പായിരുന്ന ടാറ്റ്സുവോ ഡോയി ആയിരുന്നു ആദ്യ ജാപ്പനീസ് കര്‍ദിനാള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?