കാക്കനാട്: സീറോ മലബാര്‍ സഭയുടെ അഞ്ചാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി ഓഗസ്റ്റ് 22 മുതല്‍ 25 വരെ പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.
സീറോമലബാര്‍ സഭ 1992ല്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന അഞ്ചാമത്തെ അസംബ്ലിയാണിത്. പാലാ രൂപതയാണ് ഇത്തവണത്തെ അസംബ്ലിയുടെ ആതിഥേയര്‍. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് കാമ്പസുമാണ് വേദി. ഓഗസ്റ്റ് 22 വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ചു 25 ഞായറാഴ്ച ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്.
80 വയസില്‍ താഴെ പ്രായമുള്ള 50 മെത്രാന്മാരും 108 വൈദികരും 146 അല്മായരും 37 സമര്‍പ്പിത സഹോദരിമാരും 7 ബ്രദേഴ്‌സും പ്രാതിനിധ്യ സ്വഭാവത്തോടെ ഉള്‍പ്പെടുന്ന 348 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഈ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പഠനവിഷയം: ‘കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാര്‍സഭയില്‍’ എന്നതാണ്.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്‌തോ ലിക്ക് നുണ്‍സിയോ ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി നിര്‍വഹിക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ബാവ, കേരളാ ലത്തീന്‍ ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മലങ്കര മെട്രോപൊളിറ്റന്‍ ആര്‍ച്ചുബിഷപ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ അസംബ്ലിയുടെ വിവിധ ഘട്ടങ്ങളില്‍ പ്രസംഗിക്കും. സീറോമലങ്കര സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിരിക്കും.
Leave a Comment
Your email address will not be published. Required fields are marked with *