ഇടുക്കി: കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍ വൈകിയാല്‍ മലയോര ജനത സമരമുഖത്ത് സജീവമാകണമെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ 21-ാം വാര്‍ഷിക സമ്മേളനം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ നീതിപീഠങ്ങളെയും ബോധ്യപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ശാശ്വത പരിഹാരമുണ്ടാക്കാനുള്ള ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്കയും നിസഹായാവസ്ഥയും പരിഗണിച്ച് തമിഴ്‌നാടിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുവാനും കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് സുഭിക്ഷിതയും എന്ന നിലപാട് നടപ്പിലാക്കുവാനും അധികാരികള്‍ പരിശ്രമിക്കണം. മനുഷ്യനിര്‍മിത ദുരന്തഭൂമിയായി കേരളം മാറാതിരിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഭൂപ്രശ്‌നങ്ങളും വന്യജീവി ആക്രമണവുംമൂലം ദുരിതത്തിലായ ഇടുക്കി ജില്ലയിലെ കര്‍ഷകജനതയ്ക്കുവേണ്ടി പ്രഖ്യാപിക്കപ്പെട്ട പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. മുല്ലപ്പെരിയാര്‍ വിഷയങ്ങളിലും ഭൂപ്രശ്‌നങ്ങളിലും ഇടുക്കിനിവാസികള്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ക്ക് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡോ. കെ.എം ഫ്രാന്‍സിസ് സന്ദേശം നല്‍കി. പ്രവര്‍ത്തനമാര്‍ഗരേഖ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍ പ്രകാശനം ചെയ്തു. യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറനിലം, സംസ്ഥാന നാടക പുരസ്‌കാര ജേതാവ് കെ.സി. ജോര്‍ജ് കട്ടപ്പന, ബാലസാഹിത്യകാരി ഇവാന സതീഷ്, ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
അമ്മയോടൊപ്പം എന്‍ഡോമെന്റിന് അര്‍ഹയായ ലിസി ബേബി കല്ലുവെച്ചേല്‍, കെസിവൈഎം സംസ്ഥാന സെക്രട്ടറി മരിറ്റാ തോമസ്, എസ്എംവൈഎം സംസ്ഥാന ഭാരവാഹികളായി രൂപതയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട അലക്‌സ് തോമസ്, അനു മരിയ എന്നിവര്‍ക്ക് ആദരവുകള്‍ അര്‍പ്പിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഇടുക്കി രൂപതാ ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ഡയറക്ടര്‍ ഫാ. ജോസഫ് പാലക്കുടിയില്‍, മുന്‍ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് ഇടവകം, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ലിസ ട്രീസാ സെബാസ്റ്റ്യന്‍, സെക്രട്ടറി ജോര്‍ജ്കുട്ടി പുന്നക്കുഴിയില്‍, കെസിവൈഎം രൂപതാ പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാങ്കുളം എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *