കൊച്ചി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി സമഗ്ര പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതര്‍ക്ക് നൂറ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള്‍ സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.
മറ്റ് ജില്ലകളില്‍ വന്ന് താമസിക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. സര്‍ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന കടുംബങ്ങള്‍ക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ നല്‍കുക, കുട്ടികളുടെ വിദ്യാഭ്യാസം, പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് വരുമാന ലഭ്യതയ്ക്കായി സംരംഭങ്ങള്‍ സജ്ജമാക്കുക, വിവിധങ്ങളായ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ അംഗങ്ങളാക്കുക, വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് കൗണ്‍സിലിംഗ് ടീം രൂപീകരിച്ച് തുടര്‍ച്ചയുള്ള മാനസിക പിന്തുണ നല്‍കുക, ഒറ്റപ്പെട്ട വ്യക്തികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത ഇടം കണ്ടെത്തി സംരക്ഷിക്കുക, എന്നിവയാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍ക്കൊള്ളി ച്ചിരിക്കുന്നത്. ദുരന്തത്തില്‍ വീടും വരുമാനമാര്‍ഗ്ഗവും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 9,500 രുപ വീതം അടിയന്തര സാമ്പത്തിക സഹായവും നല്‍കും.
ദുരന്തത്തില്‍ നഷ്ടമായതും, ഒഴിപ്പിക്കപ്പെടുന്നതുമായ സ്ഥലത്തിന് യുക്തമായ നഷ്ടപരിഹാരം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന മെത്രാന്മാരുടെയും, കാരിത്താസ് ഇന്ത്യാ, സിആര്‍എസ്, വിവിധ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗം ഡയറക്ടര്‍മാര്‍, എന്നിവരുടെയും യോഗം ആവശ്യപ്പെട്ടു. ഈ യോഗമാണ് പുനരധിവാസ പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കിയത്.
പുനരധിവാസ പദ്ധതികളുടെ നടത്തിപ്പിന് പ്രദേശത്തെ രൂപതാ നേതൃത്വം ഉള്‍ക്കൊള്ളുന്ന സമിതികള്‍ സ്വീകരി ക്കുമെന്നും യോഗ തീരുമാനങ്ങള്‍ അറിയിച്ചുകൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, ജസ്റ്റീസ് ഫോര്‍ പീസ് ആന്റ് ഡവലപ്മെന്റ് ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ മാര്‍ ജോസ് പൊരുന്നേടം, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കരിത്താസ് ഇന്ത്യ ഡയറക്ടര്‍ ഫാ. ജോളി പുത്തന്‍പുര, സി ആര്‍എസ് ഇന്ത്യ ഡയറക്ടര്‍ ഡോ. സെന്തില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *