കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള്‍ കേരളത്തില്‍ വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്‍ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്‍ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില്‍ ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ ക്രമസമാധാന അന്തരീക്ഷത്തെപ്പോലും വെല്ലുവിളിച്ച് വേട്ടയാടുന്ന രാജാന്തര ഛിദ്രശക്തികള്‍ക്ക് വളരാന്‍ കേരളത്തിന്റെ മണ്ണില്‍ അവസരമൊരുക്കി വലിയ അരാജകത്വത്തിലേക്ക് ഈ നാടിനെ ഭാവിയില്‍ തള്ളിവിടുന്നത് അനുവദിക്കാനാവില്ല.
ഭീകരവാദപ്രസ്ഥാനങ്ങളുടെ സ്ലീപ്പിംഗ് സെല്ലുകള്‍ കേരളത്തിലുണ്ടെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും രാജാന്തര ഏജന്‍സികളും തെളിവുകള്‍ സഹിതം വെളിപ്പെടുത്തുമ്പോള്‍ ഭീകരവാദത്തിന്റെ ഉപകരണങ്ങളായി പുതുതലമുറയെ എറിഞ്ഞുകൊടുക്കുവാന്‍ ആരെയും അനുവദിക്കരുത്. മതസൗഹൃദ അന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ കരുക്കളാക്കി പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവ സ്ഥാപനങ്ങളിലേക്കും സംവിധാനങ്ങളിലേക്കും വിശ്വാസസത്യങ്ങളിലേക്കുമുള്ള ബാഹ്യശക്തികളുടെയും രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെയും കടന്നുകയറ്റത്തെ വിശ്വാസിസമൂഹം ശക്തമായി എതിര്‍ക്കുമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *