Follow Us On

19

September

2024

Thursday

സമാധാനത്തിനായി ഏറെ പരിശ്രമിക്കേണ്ടതുണ്ട്: പാത്രിയാര്‍ക്കീസ് പിത്സബാല്ല

സമാധാനത്തിനായി   ഏറെ പരിശ്രമിക്കേണ്ടതുണ്ട്:  പാത്രിയാര്‍ക്കീസ് പിത്സബാല്ല

ജറുസലേം: ഗാസയില്‍ സമാധാനം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ, ദോഹയില്‍ സംഘടിപ്പിക്കപ്പെട്ട സമാധാന ചര്‍ച്ചയില്‍ ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയെര്‍ബത്തീസ്ഥ പിത്സബാല്ല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇസ്രായേല്‍ ഹമാസ് പോരാട്ടം അവസാനിപ്പിച്ച് ഗാസയില്‍ സമാധാനം സംജാതമാക്കുക എന്ന ലക്ഷ്യത്തോടെ,അമേരിക്കന്‍ ഐക്യനാടുകള്‍, ഖത്തര്‍, ഈജപ്ത് എന്നീ മൂന്നു നാടുകളുടെ മദ്ധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ചയെക്കുറിച്ച് വത്തിക്കാന്‍ മാദ്ധ്യമവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ചര്‍ച്ചയുടെ തുടര്‍ച്ച അടുത്തുതന്നെ ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ നടക്കാന്‍ പോകുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാത്രിയാര്‍ക്കീസ് പിത്സബാല്ല ഭാവികാര്യങ്ങള്‍ പ്രതീക്ഷ പകരുന്നവയാണെന്ന് പ്രസ്താവിച്ചു.

പ്രതിബന്ധങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഒരു ധാരണയിലെത്തിച്ചേരാന്‍ അനുകൂല സാഹചര്യങ്ങള്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേലിനെതിരെ ഇറാന്റെ ആക്രമണ ഭീഷണി നിലനില്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാത്രിയാര്‍ക്കീസ് പിത്സബാല്ല സംഘര്‍ഷാവസ്ഥ അവസാനിച്ചിട്ടില്ലെന്നും നാം വ്യാമോഹത്തില്‍ നിപതിക്കരുതെന്നും പറഞ്ഞു. സംഘര്‍ഷങ്ങള്‍ക്കറുതിയുണ്ടാകുന്നതിനും സമാധാനം വാഴുന്നതിനും വേണ്ടി നാം രാഷ്ട്രീയമായി മാത്രമല്ല, മതപരമായും ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ഇതേസമയം ഗാസയില്‍ സമാധാനം എന്ന ലക്ഷ്യത്തോടെ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ച ഫലം കാണുമെന്ന് ഗാസയിലെ ഏക കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഗബ്രിയേല്‍ റൊമനേല്ലി പ്രത്യാശ പ്രകടിപ്പിക്കുന്നു. വെടിനിറുത്തലിനെക്കുറിച്ചുള്ള ദോഹ ചര്‍ച്ചകള്‍ അവസാനിച്ചപ്പോഴും ദൗര്‍ഭാഗ്യവശാല്‍, പലയിടത്തും ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്നതില്‍ ഫാ. റൊമേനേല്ലി വേദനയും ആശങ്കയും പ്രകടിപ്പിച്ചു. എന്നിരുന്നാലും വെടിനിറുത്തലും ബന്ദികളുടെ മോചനവും ഉണ്ടാകുമെന്ന തന്റെ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?