ഫ്രാന്‍സിലെ മിഷനറീസ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് സന്യാസസഭാംഗമായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് 28-ാം വയസിലാണ് പപ്പുവ ന്യു ഗനിയിലെത്തുന്നത്. 1968-ല്‍ മെഡിറ്ററേനിയന്‍, അറ്റ്‌ലാന്റിക്ക്, പസഫിക്ക് സമുദ്രങ്ങളിലൂടെ നടത്തിയ 45 ദിവസം നീണ്ട ആ യാത്ര ഇന്നും പച്ചകെടാതെ ഫാ. ആല്‍ബര്‍ട്ടിന്റെ ഓര്‍മയിലുണ്ട്. പസഫിക്ക് സമുദ്രത്തിലൂടെ നടത്തിയ യാത്രയില്‍ ഒന്‍പത് ദിവസത്തെ കപ്പല്‍ യാത്രക്ക് ശേഷമാണ് കര കണ്ടത്. സിഡ്‌നിയില്‍ നിന്ന് അന്ന് പപ്പുവ ന്യു ഗനിയുടെ തലസ്ഥാനമായ പോര്‍ട്ട് മോറസ്ബിയിലേക്ക് പോയ ഫാ. ആല്‍ബര്‍ട്ട് പിന്നീട് 10 വര്‍ഷത്തിന് ശേഷമാണ് സ്വദേശത്തേക്ക് മടങ്ങിയത്.
പപ്പുവ ന്യൂ ഗനിയുടെ പൗരത്വം സ്വീകരിച്ച് അവരിലൊരാളായി മാറിക്കഴിഞ്ഞ പപ്പുവ ന്യു ഗനിയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മിഷനറിയായ ഫാ. ആല്‍ബര്‍ട്ട് ബൗദോദിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പപ്പുവ ന്യൂഗനി സന്ദര്‍ശനവേളയിലാണ് മാധ്യമപ്രവര്‍ത്തകര്‍ കണ്ടത്. അദ്ദേഹത്തിന്റെ മാതൃഭാഷയായ ഫ്രഞ്ചില്‍ സംസാരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകനോട് അല്‍പ്പം സങ്കോചത്തോടെ ഫാ. ആല്‍ബര്‍ട്ട് ഇങ്ങനെ മറുപടി പറഞ്ഞു: ‘എന്നോട് ക്ഷമിക്കണം. ഞാന്‍ ഫ്രഞ്ച് ഭാഷ മറന്നുപോയി.” താന്‍ ശുശ്രൂഷിക്കുന്ന ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയോടും സംസ്‌കാരത്തോടും ഹൃദയം കൊണ്ട് ഇഴുകിച്ചേര്‍ന്ന ഒരു മിഷനറിയുടെ വാക്കുകളായിരുന്നു അത്.
800-ഓളം സംസാര ഭാഷകളുള്ള പപ്പുവ ന്യൂ ഗനിയിലെ നിരവധി ഭാഷകള്‍ സ്വായത്തമാക്കിയ 84-കാരനായ ഫാ. ആല്‍ബര്‍ട്ട് ബൗദോദ് താന്‍ സഞ്ചരിച്ചിട്ടുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങള്‍ക്ക് മാമ്മോദീസാ നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു. ബൈബിളുമായി വിദൂര ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് അവരോടൊപ്പം താമസിച്ച് ദിവ്യബലി അര്‍പ്പിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി മറ്റ് കൂദാശകള്‍ പരികര്‍മ്മം ചെയ്യുകയും ചെയ്തുകൊണ്ട് ഒരു ആയുഷ്‌കാലം സാര്‍ത്ഥകമാക്കിയ ഈ മിഷനറി ഇന്ന് വിശ്രമജീവിതത്തിലാണ്. എങ്കിലും ഏറെ സമ്പന്നമായ തന്റെ ഓര്‍മകളടെയും അനുഭവങ്ങളുടെയും പാഠങ്ങള്‍ പുതു തലമുറയിലെ വൈദികര്‍ക്ക് പകര്‍ന്നുനല്‍കിക്കൊണ്ട് അദ്ദേഹം തന്റെ വാര്‍ധക്യത്തിലും സുവിശേഷത്തിന് സാക്ഷ്യം നല്‍കിക്കൊണ്ടിരിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *