Follow Us On

23

November

2024

Saturday

സിസ്റ്റര്‍ ഡോ. മേരി ലിറ്റി കേരളത്തിന്റെ മദര്‍ തെരേസ

സിസ്റ്റര്‍ ഡോ. മേരി ലിറ്റി   കേരളത്തിന്റെ മദര്‍ തെരേസ

മാര്‍ ജോര്‍ജ് ഞരളക്കാട്ട്,
ആര്‍ച്ചുബിഷപ് എമരിറ്റസ്, തലശേരി

ഞാന്‍ മാണ്ഡ്യ രൂപതയുടെ മേലധ്യക്ഷനായിരുന്ന അവസരത്തിലാണ് മദര്‍ ലിറ്റി ക്ഷണിച്ചിട്ട് ആദ്യമായി കുന്നന്താനത്ത് ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ ഭവനം (എല്‍എസ്ഡിപി) സന്ദര്‍ശിക്കാന്‍ ഇടയായത്. തലേദിവസം അവിടെ ചെന്ന് താമസിക്കുകയും അവരുടെ ഭക്ഷണം, പ്രാര്‍ത്ഥന, ഭിന്നശേഷിക്കാരായ മക്കളുടെ കലാപരിപാടികള്‍ എന്നിവയില്‍ സംബന്ധിക്കുകയും പിറ്റേദിവസം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുകയും ചെയ്തു.
എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ പറ്റാത്ത അതിശയകരമായ അത്ഭുതാവഹമായ, സന്തോഷകരമായ അനുഭവമായിരുന്നു അത്.
മാനസികവും ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികളുള്ള മക്കള്‍ക്കുവേണ്ടി തങ്ങളുടെ ജീവിതവും സര്‍വസ്വവും മാറ്റിവച്ച സിസ്റ്റേഴ്‌സിനെയും അവരുടെ സര്‍വസ്വവുമായ സിസ്റ്റര്‍ മേരി ലിറ്റിയെയും അവിടെ കാണാന്‍ സാധിച്ചു. അമ്മ നമ്മില്‍നിന്നും വേര്‍പിരിഞ്ഞിട്ട് എട്ടുവര്‍ഷങ്ങള്‍ ആയെങ്കിലും അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ ഇന്നും സജീവമാണ്. അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

വിളിക്കുള്ളിലെ വിളി
1935 ഓഗസ്റ്റ് രണ്ടിന് ജനിച്ച മദര്‍ തന്റെ പ്രീഡിഗ്രി പഠനശേഷം എംഎസ്‌ജെ സന്യാസിനി സമൂഹത്തില്‍ ചേര്‍ന്നു (ധര്‍മഗിരി). കുടുംബത്തില്‍നിന്ന്, പ്രത്യേകിച്ച് മാതാപിതാക്കളുടെ മാതൃകാജീവിതത്തില്‍നിന്ന് നല്ല സ്വഭാവവ്യക്തിത്വവും ദൈവവിശ്വാസവും യഥാര്‍ത്ഥ സ്‌നേഹവും മദര്‍ കരസ്ഥമാക്കി. തന്റെ ജീവിതത്തെ ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി സമര്‍പ്പിക്കാനുള്ള കരുത്തും പ്രചോദനവും മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍നിന്നും സ്വന്തമാക്കി. എംഎസ്‌ജെ അധികാരികള്‍ മദറിനെ മെഡിസിന്‍ പഠനത്തിനായി റോമിലേക്കയച്ചു. മദറിന്റെ പഠനകാലത്ത് പല പ്രാവശ്യം ഇറ്റലിയിലെ ടൂറിനില്‍ വിശുദ്ധ ജോസഫ് കൊത്തൊലെംഗോ സ്ഥാപിച്ച ദൈവപരിപാലനയുടെ ചെറുഭവനം സന്ദര്‍ശിക്കുകയുണ്ടായി. ഈ സന്ദര്‍ശാനുഭവത്തിലൂടെയാണ് ‘വിളിക്കുള്ളിലെ വിളി’ മദര്‍ തിരിച്ചറിയുന്നത്. ധര്‍മഗിരിയിലെ സിസ്റ്റര്‍ ഡോ. മേരി ലിറ്റിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. രോഗീശുശ്രൂഷയില്‍ പ്രാവീണ്യവും അര്‍പ്പണബോധവും പ്രതിബദ്ധതയും ഉള്ളവളായിരുന്നു മദര്‍.

എങ്കിലും പാവപ്പെട്ടവര്‍ക്കായി തന്റെ ജീവിതം മാറ്റിവയ്ക്കണമെന്ന ദൈവേഷ്ടത്തെ നിരസിക്കുവാന്‍ മദറിന് കഴിഞ്ഞില്ല. അങ്ങനെ ധര്‍മഗിരിയില്‍നിന്നും അധികാരികളുടെ അനുവാദത്തോടെ അഗതികള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി തന്റെ ജീവിതം സമര്‍പ്പിക്കുവാന്‍ മദര്‍ ഇറങ്ങിത്തിരിച്ചു. ദൈവപരിപാലനയ്ക്ക് സ്വയംസമര്‍പ്പിച്ച് ഈശോയില്‍ തന്റെ സര്‍വസമ്പത്തും കണ്ടെത്തി, അനാഥരും പാവപ്പെട്ടവരും പൊതുസമൂഹത്തില്‍നിന്ന് വേര്‍തിരിക്കപ്പെട്ടവരുമായ ദൈവത്തിന്റെ മക്കള്‍ക്കുവേണ്ടി ഇനിയുള്ള തന്റെ ജീവിതം മാറ്റിവയ്ക്കാന്‍ മദര്‍ തീരുമാനിച്ചു. അഗതികള്‍ക്കായി ഒരു സന്യാസിനിസമൂഹം തുടങ്ങണമെന്ന മദറിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ആന്റണി പടിയറ പിതാവ് ‘ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹം’ കുന്നന്താനത്ത് ആരംഭിക്കുന്നതിന് അനുവാദം നല്‍കി.

താല്‍ക്കാലിക ഭവനത്തില്‍ തുടങ്ങിയ എല്‍എസ്ഡിപി സമൂഹത്തിന്റെ ആദ്യഭവനം കുന്നന്താനത്ത് 1978 ജനുവരി 17-ന് ആശിര്‍വദിക്കപ്പെട്ടു. ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ രാജ്യങ്ങളില്‍ സിസ്റ്റേഴ്‌സ് സേവനം ചെയ്യുന്നു. വ്യത്യസ്തങ്ങളായ കഴിവുകളും പരിശീലനവും ഉള്ളവരാണ് സിസ്റ്റേഴ്‌സ്.
എന്നാല്‍ അവര്‍ എല്ലാവരും അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്ന മക്കള്‍ക്കായി തങ്ങളുടെ ജീവിതം മുഴുവനും സമര്‍പ്പിച്ചിരിക്കുന്നു. ഏറെ സന്തോഷത്തോടെ, സംതൃപ്തിയോടെ അവര്‍ ആ ശുശ്രൂഷ ചെയ്യുന്നു. ‘കര്‍ത്താവിന്റെ സ്‌നേഹം അതൊന്നുമാത്രം ഇതിനായി അവരെ നിര്‍ബന്ധിക്കുന്നു.’
”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25:40) എന്ന ഈശോയുടെ തിരുവചനം ഇവരെ ഉത്തേജിപ്പിക്കുന്നു. സര്‍വോപരി മദറിന്റെ അര്‍പ്പണവും ജീവിതമാതൃകയും ഇവര്‍ക്ക് പ്രചോദനമരുളുന്നു.

പ്രവര്‍ത്തനശൈലി
ഇന്ത്യയിലും ആഫ്രിക്കയിലുമായി ആയിരത്തി അമ്പതില്‍പരം ദൈവമക്കള്‍ക്ക് ദൈവപരിപാലനയുടെ ചെറിയ ദാസികള്‍ ശുശ്രൂഷ ചെയ്യുന്നു. തലശേരി അതിരൂപതയിലെ വിളമന ഇടവകയിലെ എല്‍എസ്ഡിപി ഭവനം പല പ്രാവശ്യം സന്ദര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ദൈവപരിപാലനയിലുള്ള സമ്പൂര്‍ണ ആശ്രയത്വം – അതാണ് മദറിനെയും ഇന്ന് സിസ്റ്റേഴ്‌സിനെയും നയിക്കുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും ദൈവസ്‌നേഹ-സഹോദരസ്‌നേഹ പ്രേരിതമാണ്.
ജാതി മത വര്‍ണ വര്‍ഗ വ്യത്യാസംകൂടാതെ എല്ലാ മക്കളെയും ശുശ്രൂഷിക്കുന്നു. ഭിന്നശേഷിക്കാരായ മക്കള്‍ എല്‍എസ്ഡിപി ഭവനങ്ങളില്‍ സംതൃപ്തരാണ്. നിര്‍ബന്ധങ്ങളില്ലാതെ, ലാഭേച്ഛയില്ലാതെ സഹോദരിമാര്‍ സേവനം ചെയ്യുന്നു. പ്രത്യേകമായും മാനസികവും ശാരീരികവുമായ വെല്ലുവിളിക ള്‍ നേരിടുന്നവരെ, മാതാപിതാക്കള്‍ക്ക് പരിചരിക്കാന്‍ പറ്റാത്തവരെ, ഉപേക്ഷിക്കപ്പെട്ടവരെ എല്ലാം കരുതലോടെ ശുശ്രൂഷിക്കുന്നു. മക്കള്‍ക്ക് ഏറെ സ്‌നേഹം നല്‍കുന്നു. സ്‌നേഹത്തില്‍ വളരാന്‍ അവരെ അഭ്യസിപ്പിക്കുന്നു. കരുണയുള്ളവരായി ജീവിക്കാന്‍ പരിശീലിപ്പിക്കുന്നു. കൃതജ്ഞതാമനസുള്ളവരായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. മദറിന്റെ വ്യക്തിത്വം ധാരാളംപേരെ ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു. അതിനാല്‍തന്നെ എല്‍എസ്ഡിപിയെ സഹായിക്കാന്‍ അതത് സ്ഥലങ്ങളിലെ ദൈവജനം മുന്നോട്ടുവരുന്നു.

മദര്‍ നല്‍കിയ പ്രചോദനങ്ങള്‍
സമര്‍പ്പണ ജീവിതത്തിലൂടെ അനേകരെ ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുവരുവാന്‍ മദറിന് കഴിഞ്ഞു. സമര്‍പ്പണത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു മദര്‍. എളിയവരോടുള്ള പരിഗണനയും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യവും മദര്‍ നമ്മെ പഠിപ്പിച്ചു. എളിയവളായ മദറിനെ ദൈവം തന്റെ ശക്തമായ ഉപകരണമാക്കി ഉയര്‍ത്തി. തന്റെ ജീവിതംകൊണ്ടും കര്‍മംകൊണ്ടും മറ്റൊരു മദര്‍ തെരേസയായി മാറി സിസ്റ്റര്‍ ഡോ. മേരി ലിറ്റി. മദറിന്റെ കബറിടത്തില്‍ വന്നു പ്രാര്‍ത്ഥിക്കുന്ന അനേകര്‍ക്ക് ദൈവം കൃപകള്‍ വര്‍ഷിക്കുന്നു. ധന്യമായ, വിശുദ്ധമായ മദറിന്റെ സമര്‍പ്പണ ജീവിതത്തെ ഓര്‍ത്ത് ദൈവത്തിന് മഹത്വം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?