Follow Us On

27

December

2024

Friday

വെറുപ്പ് സുവിശേഷമല്ല

വെറുപ്പ് സുവിശേഷമല്ല

 

ഫാ. മാത്യു ആശാരിപറമ്പില്‍

 

ഭരണഘടനയെന്ന സുന്ദരസ്വപ്‌നം സ്വതന്ത്രഭാരതം സാക്ഷാത്കരിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ഈ ദിനങ്ങളില്‍ ആഘോഷിക്കുകയാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ രാജ്യത്തെ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനെ പുണരുന്നുവെന്ന് പ്രഖ്യാപിച്ച പുണ്യപുസ്തകമാണ് ഭരണഘടന. ഈ ദിനങ്ങളില്‍ ആ ശ്രേഷ്ഠഗ്രന്ഥം കൂടുതല്‍ സംസാരവിഷയമാകുന്നത് നാം ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി, ഭരണഘടനയെ തലതാഴ്ത്തി പ്രണമിക്കുന്നതും പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കുന്നതും പ്രസംഗിക്കുന്നതും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടന ഉയര്‍ത്തിയ മൂല്യങ്ങള്‍ മാറോട് ചേര്‍ത്ത് പുണരുന്നവരാണ് ഭാരതമക്കള്‍. നെഹ്‌റു എന്ന വിശ്വപൗരന്റെ വീക്ഷണങ്ങളും ജ്ഞാനവും നീതിയും വികസനവും മഹാരഥന്മാര്‍ പങ്കുവച്ച കാഴ്ചപ്പാടുകളും മനസിലാക്കി ലോകത്തിലെ എല്ലാ ഭരണഘടനകളെക്കാളും സുന്ദരവും ശ്രേഷ്ഠവുമായ ഈ അമൂല്യഗ്രന്ഥം എഴുതിയുണ്ടാക്കിയ അംബേദ്കര്‍ എന്ന മഹാനെ പ്രണമിക്കണം. നമ്മുടെ സമീപ രാജ്യങ്ങള്‍ അവരുടെ പ്രമാണഗ്രന്ഥങ്ങളെ മറന്ന് അരാജകത്വത്തിലേക്ക് തലകുത്തി വീണപ്പോഴും ഇന്ത്യന്‍ ഭരണഘടന നിലനിന്നത് അതിന്റെ ശ്രേഷ്ഠതകൊണ്ടും മഹത്വംകൊണ്ടുമാണ്.

എന്നാല്‍ ഈ പുണ്യഗ്രന്ഥത്തിന്റെ ചൈതന്യത്തില്‍നിന്ന് വ്യതിചലിക്കുവാനുള്ള പ്രലോഭനം എല്ലാ കാലത്തും അധികാരികള്‍ക്ക് ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിന്റെ സുന്ദരഗീതങ്ങള്‍ മാറ്റിവച്ച് ഏകാധിപത്യത്തിന്റെ ആക്രോശങ്ങള്‍കൊണ്ട് ഭാരതത്തെ വികലമാക്കിയ ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലം ഭാരതത്തിന്റെ കറുത്ത ദിനങ്ങളാണ്. ഏകാധിപത്യത്തിലേക്കും വ്യക്തിപൂജയിലേക്കും ഈ ദിനങ്ങളിലും രാജ്യം വഴിമാറി ചവിട്ടുന്നുണ്ടോയെന്ന് ചിലരെങ്കിലും സംശയിക്കുന്നു.

അതിനെക്കാള്‍ ഭീകരവും ഭയാനകവുമായ യാഥാര്‍ത്ഥ്യം ഭരണഘടനയുടെ ശാശ്വത ചൈതന്യമായ മതേതരത്വം വികലമാക്കപ്പെടുന്നതാണ്. എല്ലാ മതങ്ങള്‍ക്കും തുല്യതയും മാന്യതയും നല്‍കുകയും ഓരോ വ്യക്തിക്കും ഇഷ്ടമുള്ള ദൈവത്തില്‍ വിശ്വസിക്കുവാനും മതത്തില്‍ ജീവിക്കുവാനും മതേതരത്വം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മതവിശ്വാസത്തിന്റെ സ്വകാര്യസുഖത്തിലേക്ക് മറ്റാരും ആക്രമിക്കുവാനോ അധിക്ഷേപിക്കുവാനോ പാടില്ല. ഭാരതത്തിലെ മഹാഭൂരിപക്ഷം പേരും (80%) ഹൈന്ദവവിശ്വാസത്തില്‍ ജീവിക്കുന്നവരായിട്ടും മറ്റ് മതവിശ്വാസങ്ങളെ അവഗണിക്കുവാനോ ഇല്ലാതാക്കുവാനോ അവര്‍ മുതിര്‍ന്നില്ല. എന്നാല്‍ തീവ്രഹിന്ദുത്വ സംഘടനകളുടെ കടന്നുകയറ്റം ഭാരതത്തെ കളങ്കിതമാക്കുന്നു എന്നത് വര്‍ത്തമാനകാല ചരിത്രം.

ഹൈന്ദവരും മുസ്ലീമുകളും ക്രിസ്ത്യാനിയും ജൈനനും സിക്കുകാരനും പാഴ്‌സിയുമെല്ലാം സഹോദരഭാവത്തില്‍ ഒന്നിച്ച് വസിക്കുന്ന ഈ സംസ്‌കാരത്തെ ഛിന്നഭിന്നമാക്കാന്‍ ചില തീവ്രചിന്താഗതിക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണ്. ബാബറിമസ്ജിത് തര്‍ക്കത്തെ മുതലെടുത്ത് മുസ്ലീം സമുദായത്തില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതകളും വിതച്ച് വിരോധത്തിന്റെ തിരമാലകള്‍ ഉയര്‍ത്തുവാന്‍ തീവ്രവാദ നിലപാടുകളുള്ള മുസ്ലീംനേതാക്കന്മാര്‍ക്ക് കഴിഞ്ഞു. അങ്ങനെ ഒരു വശത്ത് ഹൈന്ദവ തീവ്രവാദവും (ഭൂരിപക്ഷ വര്‍ഗീയത) മറുവശത്ത് ഇസ്ലാം ഭീകരവാദവും (ന്യൂനപക്ഷവര്‍ഗീയത) വളര്‍ന്നുവരുവാന്‍ തുടങ്ങി. ഭാരതം സ്വതന്ത്രമായതുതന്നെ പാക്കിസ്ഥാന്‍ എന്ന മുസ്ലീം ഭൂരിപക്ഷരാജ്യത്തിന് ജന്മം നല്‍കിയിട്ടാണ്. എന്നാലും നല്ലൊരു ശതമാനം മുസ്ലീം സഹോദരന്മാര്‍ ഭാരതത്തില്‍തന്നെ സമാധാനത്തോടെ ജീവിക്കാന്‍ തയാറായവരായിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ വന്ന ക്രൈസ്തവര്‍ക്കും എട്ടാം നൂറ്റാണ്ടില്‍ കടന്നുവന്ന ഇസ്ലാംമതസ്ഥര്‍ക്കും ഹൃദയത്തിന്റെ വാതില്‍ തുറന്നിട്ടവരായിരുന്നു ഈ രാജ്യത്തിലെ ഹിന്ദുക്കള്‍. എന്നാല്‍ എല്ലാ മതസമൂഹത്തിലുംപെട്ട ചെറിയ ശതമാനം തീവ്രചിന്താഗതിക്കാര്‍ക്ക് ഈ സമാധാനവും സഹവര്‍ത്തിത്വവും രുചികരമായി തോന്നിയില്ല. ഭിന്നതയും കലഹവും വെറുപ്പും വിതച്ച് മനുഷ്യരെ പരസ്പരം പോരടിപ്പിക്കുവാന്‍ അവര്‍ കുതന്ത്രങ്ങള്‍ രചിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി ഇത്തരത്തില്‍ രാജ്യത്ത് നടക്കുന്ന ധ്രുവീകരണം അപകടഭീഷണി ഉയര്‍ത്തുന്നതും മതേതരത്വത്തെ പിച്ചിചീന്തുന്നതുമാണ്.

തങ്ങള്‍ ചെല്ലുന്നിടത്തെല്ലാം തങ്ങളുടെ മതവിശ്വാസത്തിന്റെ ഇസ്ലാമികരാജ്യം സ്ഥാപിക്കുവാന്‍ ശഠിക്കുന്ന തീവ്രനിലപാടുകളാണ് ആഗോളതലത്തില്‍ ഇസ്ലാംമത വിശ്വാസത്തെ സംശയത്തിലാക്കിയിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമെല്ലാം വളര്‍ന്നുവരുന്ന ‘ഇസ്ലാമോഫോബിയ’യ്ക്കു കാരണം ഇസ്ലാംമതവിശ്വാസികളില്‍ ചിലര്‍ സ്വീകരിച്ച ഭീകരവാദനിലപാടുകളാണ്. ക്രൈസ്തവ സമൂഹം ആഗോളതലത്തില്‍ ഏറ്റവും ഭീഷണി നേരിടുന്നത് ഇത്തരത്തിലുള്ള ഇസ്ലാമിക ഭീകരവാദികളില്‍നിന്നാണ്. എന്നാല്‍ ഭാരതത്തില്‍ ക്രൈസ്തവസമൂഹം പീഡിപ്പിക്കപ്പെട്ടത് ഹൈന്ദവതീവ്രവാദികളില്‍നിന്നാണ്. കര്‍ണാടകയിലും ഉത്തരേന്ത്യയിലും മണിപ്പൂരിലും ക്രൈസ്തവ ദൈവാലയങ്ങളും പുരോഹിതരും സ്ഥാപനങ്ങളും ഇന്നും അക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ കേരളത്തില്‍ മൂന്നു മതങ്ങളും പരസ്പരം ആദരിച്ചും അംഗീകരിച്ചും സഹവര്‍ത്തിത്വത്തോടെ ജീവിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും ഓളങ്ങള്‍ മതമേഖലകളില്‍ ഉയര്‍ത്തുന്നത് സുനാമിപോലെ നാം ഭയാശങ്കയോടെ കാണണം.
തമ്മിലടിപ്പിക്കുവാനുള്ള ഗൂഢതന്ത്രങ്ങള്‍ ആരെങ്കിലും ആവിഷ്‌കരിക്കുന്നുണ്ടോ? തീവ്രവാദചിന്തകള്‍ വിളമ്പുന്ന ഇസ്ലാമിക പണ്ഡിതന്മാരുടെ ഖുറാന്‍ വ്യാഖ്യാനങ്ങളാലും ഹദിസുകളാലും സ്വാധീനിക്കപ്പെട്ട ഒരുപറ്റം മുസ്ലീം സഹോദന്മാര്‍ ജിഹാദിന്റെ അനുരണനങ്ങളുയര്‍ത്തുമ്പോള്‍, പ്രതികരണങ്ങളുമായി ചില ക്രൈസ്തവ സഹോദരങ്ങളും രംഗത്തെത്തിയിരിക്കുന്നു. വെറുപ്പിന്റെ അഗ്നിച്ചുരുളുകളില്‍ പരസ്പരം പൊള്ളല്‍ ഏല്‍ക്കുന്ന ദുരന്തക്കാഴ്ച നല്ല മനസുകളെ വിഷമിപ്പിക്കുന്നു.

ഒരുകാലത്ത് സാമ്പത്തികമായി ദുര്‍ബലരും ജനസംഖ്യയില്‍ ന്യൂനപക്ഷവുമായിരുന്ന ഇസ്ലാംവിശ്വാസികള്‍ക്കു നല്‍കിയ പല ആനുകൂല്യങ്ങളും ഇന്ന് അപ്രസക്തമാണ്. അവര്‍ ജനസംഖ്യയുടെ മൂന്നിലൊന്നും സാമ്പത്തികത്തില്‍ മുന്നോക്കക്കാരുമായി മാറിയിരിക്കുന്നു. ഒരു കാലത്ത് സംരക്ഷണകവചമൊരുക്കി അവരുടെ ദുര്‍ബല അവസ്ഥയെ നേരിടുവാന്‍ പ്രാപ്തരാക്കിയ പല സംവരണനിയമങ്ങളും (വഖഫ് പോലുള്ളവ) ഇന്ന് അപ്രസക്തവും അരോചകവുമാണ്.
കാലത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അവയെ തിരുത്തുവാന്‍, ഭരണഘടനാപരമായി പരിഷ്‌കരിക്കുവാന്‍ ഭരണാധികാരികള്‍ തയാറാകണം. അങ്ങനെ പല രംഗത്തും ചെയ്തതിന്റെ വളര്‍ച്ചയാണ് ഇന്ന് സമൂഹത്തില്‍ കാണുന്ന സാംസ്‌കാരിക ഉയര്‍ച്ച. സതി നിരോധിച്ചത്, അയിത്തം ഇല്ലാതാക്കിയത്, ക്ഷേത്രത്തിലും വിദ്യാലയങ്ങളിലും എല്ലാവര്‍ക്കും തുല്യപ്രവേശനം അനുവദിച്ചത് തുടങ്ങിയവയെല്ലാം പഴയ നിയമങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ടാണ്. ഭൂമിയുടെ ഉടമസ്ഥത വ്യാഖ്യാനിക്കുന്ന ഭൂപരിഷ്‌കൃത നിയമവും പട്ടയവും മിച്ചഭൂമി സംരക്ഷണ നിയമവുമൊക്കെ നമ്മുടെ വളര്‍ച്ചയെ വേഗത്തിലാക്കിയതാണ്. അതിനാല്‍ ഭരണഘടനയെ അതിലംഘിക്കാത്ത പൊളിച്ചെഴുത്തലുകളാണ് അധികാരികള്‍ നടത്തേണ്ടത്. അത് ഏതെങ്കിലും വ്യക്തിയെയോ മതത്തെയോ വിഴുങ്ങുവാനോ നശിപ്പിക്കുവാനോ ആധിപത്യം സ്ഥാപിക്കുവാനോ ആകരുത്. എല്ലാവരെയും അംഗീകരിക്കുവാനുള്ള വിശാലതയാണ് ആവശ്യം.

നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യമെന്നത് ആരെയും അധിക്ഷേപിക്കുവാനോ തോല്‍പിക്കുവാനോ ഉള്ള ലൈസന്‍സ് അല്ല. മറ്റുള്ളവരുടെയും നന്മ ആഗ്രഹിക്കുന്ന സുവിശേഷമാണ് ക്രിസ്ത്യാനിയുടേത്. തങ്ങളെ വെറുക്കുന്നവരെയും പീഡിപ്പിക്കുന്നവരെയും സ്‌നേഹിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും ആവശ്യപ്പെടുന്ന യേശുവിന്റെ സുവിശേഷമല്ലാതെ മറ്റൊന്നും ഒരു ക്രിസ്ത്യാനിയും ഉയര്‍ത്തിപ്പിടിക്കരുത്. മറ്റുള്ളവരെ അകറ്റിനിര്‍ത്തുവാനും വെറുക്കുവാനും അധിക്ഷേപിക്കുവാനും പഠിപ്പിക്കുന്നത് ക്രിസ്തുവിന്റെ സുവിശേഷത്തിന് ചേരാത്തതാണ്. മറ്റ് മതത്തില്‍പെട്ടവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതും താഴ്ത്തിക്കെട്ടുന്നതും അവരോട് സംസര്‍ഗംപോലും ഉണ്ടാകാതെ അകറ്റിനിര്‍ത്തണമെന്നു പറയുന്നത് ഏതു സുവിശേഷമാണ്? ഭൗതികമായ ധനവും ജോലിയും ഭൂമിയും സംവരണവുമൊക്കെ ചര്‍ച്ചാവിഷയമാകുമ്പോഴും സുവിശേഷം നാം മറക്കരുത്. ക്രിസ്തു പഠിപ്പിച്ചതിനെക്കാള്‍ വ്യത്യസ്തമായ ദര്‍ശനങ്ങള്‍ ക്രിസ്തുമതത്തിനില്ല. ഭൗതികമായ വാദഗതികളിലും തര്‍ക്കങ്ങളിലും പെട്ടുപോകുമ്പോള്‍ സുവിശേഷമാണ് വിസ്മരിക്കപ്പെടുന്നത്. സുവിശേഷം മറക്കുകയെന്നാല്‍ ക്രിസ്തുവിനെ ഒഴിവാക്കുക എന്നാണ്. ‘ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്ക് പ്രസംഗിക്കാനില്ല’ എന്ന വിശുദ്ധ പൗലോസിന്റെ പ്രഖ്യാപനം എല്ലാക്കാലത്തും പ്രശോഭിതമായ നക്ഷത്രമാണ്. മുറിക്കപ്പെടുമ്പോഴും നഷ്ടപ്പെടുമ്പോഴും ചോര വീഴുമ്പോഴും നാം ക്രിസ്തുവിനെ മാറ്റിനിര്‍ത്തി ചിന്തിക്കരുത്. തര്‍ക്കിക്കാം, വിമര്‍ശിക്കാം എന്നാല്‍ വെറുക്കരുത്. വെറുപ്പ് സുവിശേഷമല്ല.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?