Follow Us On

20

April

2025

Sunday

പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണം ചെയ്യണം: മാര്‍ തട്ടില്‍

പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കായി ആത്മാര്‍പ്പണം ചെയ്യണം: മാര്‍ തട്ടില്‍
കാക്കനാട്: സ്വഭാവത്താലേ പ്രേഷിതയായ സഭ വിശ്വാസത്തിന്റെ വളര്‍ച്ചയ്ക്കും നന്മയുള്ള സമൂഹനിര്‍മ്മിതിക്കുമായി ആത്മാര്‍പ്പണം ചെയ്യണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ മിഷന്‍ ഓഫീസ് നേതൃത്വം നല്‍കുന്ന പ്രേഷിത വാരാചരണം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഡീഷ, തെലങ്കാന, ആന്ധ്രാ, നോര്‍ത്ത് ഈസ്റ്റ് എന്നീ മിഷന്‍പ്രദേശങ്ങളില്‍ ഉണ്ടായ പ്രേഷിതവളര്‍ച്ചയെ അഭിനന്ദിക്കുകയും, സീറോമലബാര്‍സഭയ്ക്ക് പ്രേഷിതപ്രവര്‍ത്തനം ചെയ്യാനായി ലഭിച്ചിരിക്കുന്ന ഭാരതം മുഴുവനിലും ആഗോളതലത്തിലുമുള്ള മിഷന്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ശക്തിപ്പെടുത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു. പ്രേഷിതദൈവവിളികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതകളില്‍ അധികമുണ്ടാകുന്ന ദൈവവിളികളെ മിഷന്‍ പ്രദേശങ്ങളില്‍ വിന്യസിപ്പിക്കാനുള്ള തുറവിയും വിശാല മനോഭാവവും ഉദാരതയും എല്ലാവര്‍ക്കും ഉണ്ടാകണമെന്നും മാര്‍ തട്ടില്‍ ഓര്‍മപ്പെടുത്തി.
‘മിഷനെ അറിയുക, മിഷനറിയാകുക’ എന്നതാണ് പ്രേഷിതവാരത്തിന്റെ മുഖ്യ സന്ദേശം. 2025 ജനുവരി ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് പ്രേഷിതവാരാചരണം. ഓരോ ദിവസവും ചെയ്യാനായുള്ള കര്‍മ്മപരിപാടികള്‍ തയാറാക്കിയിട്ടുണ്ട്. മിഷനുവേണ്ടി പ്രാര്‍ത്ഥിക്കുക, യേശു അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുക, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങള്‍ പഠിക്കുക, സ്വന്തം രൂപതയുടെയും ഇടവകയുടെയും മിഷനുവേണ്ടി പ്രാര്‍ത്ഥിക്കുകയും സാധ്യമാകും വിധം പ്രവര്‍ത്തിക്കുകയും ചെയ്യുക, മിഷനറിമാരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അറിയുക എന്നിവയാണ് ഈ വര്‍ഷത്തെ കര്‍മ്മപരിപാടികളില്‍ പ്രധാനമായവ. ജനുവരി പന്ത്രണ്ടാം തീയതിയാണ് പ്രേഷിത ഞായര്‍ ആചരണം.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനൊപ്പം കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, സഭാ ആസ്ഥാനത്ത്  ശുശ്രൂഷചെയ്യുന്ന വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ പ്രേഷിതപ്രതിജ്ഞ ചെയ്ത് ഉദ്ഘാടനപരിപാടികളില്‍ ഭാഗമായി. പ്രേഷിതവാരചരണ പരിപാടികള്‍ക്ക് ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?