ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)
2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ്. ട്രംപ് വന്നപ്പോള്‍ ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു.
എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന് പറയുന്നത്? ലോകത്തില്‍ അമേരിക്ക ഇടപെടാത്ത ഒരു കാര്യവുമില്ല. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഏറ്റവും വലിയ സംഭാവന നല്‍കുന്നത് അമേരിക്കയാണ്. ലോകം മുഴുവനും ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അമേരിക്ക നടത്തുന്നു. നിരവധി വിദേശികള്‍ക്ക് കുടിയേറാന്‍ അവസരവും ജോലിയും നല്‍കുന്നു. ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയില്‍ ഉണ്ട്. അവരോട് ഒരു മൃദുസമീപനം സ്വീകരിക്കുന്നു. ചുക്കില്ലാതെ കഷായം ഇല്ല എന്ന് പറഞ്ഞതുപോലെ അമേരിക്ക ഇടപെടാത്ത ഒരു കാര്യവും ഇല്ല.
ഇത്തരം ഇടപെടലുകള്‍കൊണ്ട് ലോകത്തിന് വലിയ നന്മകള്‍ ഉണ്ടായിട്ടുണ്ട്. ലോകപോലീസ് എന്ന പേരുതന്നെ അമേരിക്കയ്ക്ക് കിട്ടി. അമേരിക്ക എന്ന രാജ്യത്തിന്റെ പേരും പെരുമയും പ്രൗഢിയുമെല്ലാം കൂടി. പല ചെറിയ രാജ്യങ്ങള്‍ക്കും അമേരിക്ക ഒരു തുണയും സങ്കേതവും ബലവുമാണ്. അങ്ങനെ അമേരിക്ക ലോകത്തില്‍ ഒന്നാമതാകാന്‍ ശ്രമിച്ചപ്പോള്‍ അമേരിക്കക്ക് വലിയ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധംമുതല്‍ 2003-11 കാലത്തെ ഇറാക്ക് യുദ്ധംവരെയുള്ള പ്രധാന യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അമേരിക്കക്ക് 6,22,900-ലധികം പട്ടാളക്കാരുടെ ജീവന്‍ നഷ്ടമായി.
പ്രധാന യുദ്ധങ്ങള്‍ നടത്തുകവഴി അമേരിക്കക്ക് ഉണ്ടായ സാമ്പത്തിക ചെലവ് 20 ട്രില്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ്. ഇപ്പോഴത്തെ ഡോളര്‍- ഇന്ത്യന്‍ രൂപ വിനിമയനിരക്ക് അനുസരിച്ച് 1732.6 ലക്ഷം കോടി രൂപ. ശ്രദ്ധിക്കണേ എത്ര വലിയ തുകയാണിത്! അമേരിക്ക ഇടപെട്ട ചില പ്രധാന യുദ്ധങ്ങള്‍കൂടി ഏവയെന്ന് സൂചിപ്പിക്കാം. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ (1914-17; 1939-44), വിയറ്റ്‌നാം യുദ്ധം (1955-75), കൊറിയന്‍ യുദ്ധം (1950-1953), അഫ്ഗാന്‍ യുദ്ധം (2001-2021), ഇറാക്ക് യുദ്ധം (2003-2011), ലിബിയന്‍ യുദ്ധം (2011), സിറിയന്‍ യുദ്ധം (2014). ഇവയ്ക്ക് പുറമേ, ധാരാളം ചെറുയുദ്ധങ്ങള്‍ വേറെ. ഇതിനും പുറമേ, രാജ്യങ്ങള്‍ക്ക് നല്‍കുന്ന യുദ്ധസാമഗ്രികള്‍, പണം തുടങ്ങിയവ.
അങ്ങനെ നോക്കിയാല്‍ യുദ്ധങ്ങള്‍ക്കുവേണ്ടി അമേരിക്ക കൊടുത്ത വില എത്ര വലുതാണ്. ചുരുക്കിപ്പറയട്ടെ, യുദ്ധങ്ങള്‍, സാമൂഹ്യസേവനങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ക്കുള്ള ധനസഹായം, അനധികൃത കുടിയേറ്റക്കാര്‍മൂലം ഉണ്ടാകുന്ന ചെലവുകള്‍ തുടങ്ങിയവ എല്ലാംകൂടി കൂട്ടിയാല്‍ അമേരിക്കയുടെ ചെലവ് എത്രമാത്രം വലുതാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപ് പറയുന്നത്: ആദ്യം അമേരിക്ക (അമേരിക്ക ഫസ്റ്റ്). അതിനര്‍ത്ഥങ്ങള്‍ ഉണ്ട്. ഇങ്ങനെ യുദ്ധങ്ങള്‍ നടത്തുവാനും ധനസഹായം നല്‍കാനും അനധികൃത കുടിയേറ്റക്കാരെ പോറ്റാനും ശ്രമിക്കുമ്പോള്‍ അമേരിക്കന്‍ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി, അമേരിക്കയുടെ പുരോഗതിക്കുവേണ്ടി ചെലവാക്കേണ്ട പണമാണ് നഷ്ടമാകുന്നത്. അതുകൊണ്ട് ട്രംപ് പറയുന്നു: ഇങ്ങനെ എല്ലാത്തിന്റെയും പുറകെ പോകാതെ അമേരിക്കയുടെ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കണം.
അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം സ്വീകരിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടിവരും.
1. അമേരിക്കയുടെ ദേശീയതയ്ക്ക് മുന്‍ഗണന നല്‍കുക.
2. അമേരിക്കന്‍ സാമ്പത്തികരംഗത്തെ സംരക്ഷിക്കുക. അതിന്റെ ഫലമായി അന്താരാഷ്ട്ര സഖ്യങ്ങളുടെ പ്രാധാന്യം കുറയ്ക്കുക.
3. വ്യാപാരനയം അമേരിക്കക്ക് കൂടുതല്‍ അനുകൂലമാക്കുക.
4. വിദേശങ്ങളില്‍ നിലനിര്‍ത്തുന്ന പട്ടാളക്കാരുടെ എണ്ണം കുറയ്ക്കുക.
5. വിദേശയുദ്ധങ്ങളില്‍ ഇടപെടാതെ പരമാവധി വിട്ടുനില്‍ക്കുക.
6. വിദേശങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് കൂടുതല്‍ നികുതി (കസ്റ്റംസ് നികുതി) ചുമത്തുക. അപ്പോള്‍ അമേരിക്കയിലേക്കുള്ള ഇറക്കുമതി കുറയും; അമേരിക്കന്‍ വ്യവസായങ്ങള്‍ വളരും; അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ കൂടും.
7. ലോകാരോഗ്യസംഘടന, ഐക്യരാഷ്ട്രസഭ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന വിഹിതം കുറയ്ക്കുക അഥവാ നിര്‍ത്തിവയ്ക്കുക.
8. ചില അന്താരാഷ്ട്ര കരാറുകളില്‍നിന്ന് പിന്മാറുക.
9. നിയമപരമായി അമേരിക്കയിലേക്ക് നടത്തുന്ന കുടിയേറ്റം നിയന്ത്രിക്കുക.
10. അനധികൃത കുടിയേറ്റം തടയുകയും അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍നിന്ന് പുറത്താക്കുകയും ചെയ്യുക.
11. വികസ്വര രാജ്യങ്ങള്‍ക്കും മറ്റും നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ കുറയ്ക്കുക.
12. അഭയാര്‍ത്ഥികളെ നിയന്ത്രിക്കുക.
ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ വലിയ പ്രത്യാഘാതങ്ങള്‍ അമേരിക്കയിലും ലോകം മുഴുവനും ഉണ്ടാകും. അവയില്‍ ചിലത് ചൂണ്ടിക്കാണിക്കാം. ഈ പ്രത്യാഘാതങ്ങളില്‍ ചിലത് ഗുണകരവും മറ്റുചിലത് ദോഷകരവും ആയിരിക്കും.
1. യുദ്ധങ്ങള്‍, അന്യരാജ്യങ്ങള്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ കുറക്കുക, അഭയാര്‍ത്ഥികളെ നിയന്ത്രിക്കുക, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക, ഇറക്കുമതി വസ്തുക്കള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്തുക തുടങ്ങിയവ ചെയ്യുമ്പോള്‍ അമേരിക്കയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഇത് അമേരിക്കക്ക് ഗുണകരമാകും.
2. ഇറക്കുമതിചുങ്കം കൂട്ടുമ്പോള്‍, അമേരിക്ക കയറ്റി അയക്കുന്ന വസ്തുക്കള്‍ക്ക് ലോകരാജ്യങ്ങളും ചുങ്കം ഏര്‍പ്പെടുത്തും. അപ്പോള്‍ അമേരിക്കയുടെ കയറ്റുമതി കുറയും; തൊഴില്‍ അവസരങ്ങള്‍ കുറയും.
3. ലോകത്ത് സാമ്പത്തികയുദ്ധം മുറുകുകയും അതിന്റെ തിക്തഫലങ്ങള്‍ കൂടുകയും ചെയ്യും.
4. അനധികൃത കുടിയേറ്റക്കാരാണ് അമേരിക്കയില്‍ ഒരുപാട് ചെറിയ ജോലികള്‍ ചെയ്യുന്നത്. അവരെ പുറത്താക്കുമ്പോള്‍ അമേരിക്കയില്‍ ജോലിക്കാരെ കിട്ടാന്‍ വിഷമം വരും. പല സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരും. ഉത്പാദനച്ചെലവു കൂടും.
5. പല രാജ്യങ്ങളും അമേരിക്കയ്ക്ക് എതിരാകാനും സാധ്യതഉണ്ട്.
ഏതായാലും എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കാം. എല്ലാം അമേരിക്കയ്ക്കും ലോകത്തിനും നല്ലതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *