ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടി നടത്തിയ കത്തോലിക്കാ സന്യാസിനിമാര്‍ക്കെതിരെ വ്യാജ മതപരിവര്‍ത്തന ആരോപണം. അഭിഭാഷകയും മിഷനറി സേവകയുമായ സിസ്റ്റര്‍ ഷീല സവാരി മുത്തു, അധികാരികളുടെ അനുവദത്തോടെയാണ് ഇന്‍ഡോര്‍ നഗരത്തിലെ ഒരു പൊതു പാര്‍ക്കില്‍ വീട്ടുജോലിക്കാരുടെ കുട്ടികളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായി പരിപടി നടത്തിയത്. രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ചിലര്‍ ഇവിടെയെത്തി മതപരിവര്‍ത്തന പ്രവര്‍ത്തനമായി ഇതിനെ ആരോപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് സിസ്റ്റര്‍ ഷീലയെയും സഹ സന്യാസിനിമാരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. കന്യാസ്ത്രീകള്‍ളെ വൈകുന്നേരത്തോടെ വിട്ടയച്ചു.
വീട്ടുജോലിക്കാരുടെ നിരാലംബരായ കുട്ടികള്‍ക്കായി സിസ്റ്റര്‍ ഷീല സവാരി മുത്തുവും സംഘവും മെഡിക്കല്‍ ക്യാമ്പ് നടത്തുകയായിരുന്നുവെന്ന് ഇന്‍ഡോര്‍ ബിഷപ്പ് എമിരിറ്റസ് ചാക്കോ തോട്ടുമാരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു തെളിവും ഇല്ലാതെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്നത് ഒരു പൈശാചിക പ്രവൃത്തിയല്ലാതെ മറ്റൊന്നുമല്ല. ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ ഇതിനോട് പ്രതികരിക്കുന്നു,’ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *