Follow Us On

23

February

2025

Sunday

നഷ്ടപ്പെട്ട താലിമാലക്ക് പകരം ലഭിച്ച പുതുജീവിതം

നഷ്ടപ്പെട്ട താലിമാലക്ക്  പകരം ലഭിച്ച പുതുജീവിതം

ഫാ. നിധിന്‍ മുണ്ടയ്ക്കല്‍ OFM Cap

ഇത് 90 കളിലെ ഒരു സംഭവമാണ്. എന്റെ പപ്പയുടെയും മമ്മയുടെയും ജീവിതമാണ്. പപ്പയുടെ ബിസിനസ് നന്നായി പോകുന്ന കാലം. അന്ന് ഞാന്‍ കുഞ്ഞാണ്. എന്റെ അനിയന്‍ ഉണ്ടായിട്ടേ ഉള്ളൂ. ഒരിക്കല്‍ എന്റെ പപ്പയുടെ സഹോദരന്റെ കൂട്ടുകാരന്‍ എന്ന പേരില്‍ ഒരാള്‍ സഹായം ചോദിച്ച് വീട്ടില്‍ വന്നു. ദാരിദ്ര്യത്തിന്റെ വില നന്നായി അറിയാവുന്ന പപ്പ, സ്വന്തം സഹോദരങ്ങളെ~ഉള്‍പ്പടെ പലരെയും വീട്ടില്‍ത്തന്നെ നിര്‍ത്തി പഠിപ്പിക്കുകയും കടയിട്ട് കൊടുക്കുകയും ചെയ്ത് സഹായിച്ചിരുന്നു. സഹായം അഭ്യര്‍ത്ഥിച്ചു വന്ന ഈ വ്യക്തിയെയും പപ്പ വീട്ടില്‍ തന്നെ നിര്‍ത്തി.

ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ ഒരു കുടുംബാംഗംപോലെയാണ് കണ്ടിരുന്നത്. പക്ഷേ അദ്ദേഹം പലരുടെയും കയ്യില്‍നിന്നും വലിയ തുകകള്‍ ഞങ്ങളുടെ പേരും പറഞ്ഞ് മേടിച്ചിരുന്നത് പപ്പ അറിഞ്ഞില്ല. അവസാനം, ഒരു ദിവസം അമ്മയ്ക്ക് കാന്‍സര്‍ ആണ്, കുറച്ചു രൂപ വേണം, എത്രയും പെട്ടെന്ന് പോകണം, എന്നുപറഞ്ഞ് അദ്ദേഹം പപ്പയെ സമീപിച്ചു. പപ്പയുടെ കയ്യില്‍ അന്ന് മമ്മയുടെ താലിമാല മാത്രമായിരുന്നു പെട്ടന്ന് കൊടുക്കാന്‍ ഉണ്ടായിരുന്നത്. അതും പപ്പ അദ്ദേഹത്തിന് നല്‍കി. താലി മാത്രം തിരിച്ചു കൊടുത്തിട്ട് മൂന്നു പവന്റെ മാലയുംകൊണ്ട് ‘ഞാന്‍ പോയിട്ട് വരാം’ എന്നും പറഞ്ഞ് അദ്ദേഹം പോയി. പിന്നെ തിരിച്ചു വന്നില്ല.

അപ്പോഴാണ് അദ്ദേഹം മറ്റുള്ളവരുടെ അടുത്തുനിന്ന് പപ്പയുടെ പേരും പറഞ്ഞ് മേടിച്ച പണം തിരികെ ലഭിക്കാനായി മെല്ലെ മെല്ലെ ആളുകള്‍ വന്നു തുടങ്ങിയത്. ഈ സമയംകൊണ്ട് വലിയൊരു സംഖ്യ പല ആവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്നും എടുത്തത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥ ആയി തുടങ്ങിയിരുന്നു. ബാങ്കുകളുടെ കാര്യം അറിയാമല്ലോ. പലിശയും പലിശയുടെ പലിശയും കൂട്ടുപലിശയും! നിക്കക്കള്ളിയില്ലാത്ത അവസ്ഥ. കയ്യിലുള്ളതെല്ലാം തീര്‍ന്നു. പെരുവഴിയില്‍ ആകും എന്ന് ഉറപ്പായപ്പോള്‍, വലിയ ബുദ്ധിമുട്ട് നേരിട്ടപ്പോള്‍, ഇനി നിക്കക്കള്ളിയില്ല  എന്ന് കരുതിയപ്പോള്‍. എന്റെ പപ്പാക്കും മമ്മയ്ക്കും ഞങ്ങളെ വിട്ടു എന്നേക്കുമായി മരണത്തിലേക്ക് പോകണം എന്ന് തോന്നിപ്പോയി. അമ്മച്ചിയുടെ കയ്യില്‍ എന്നെയും എന്റെ കുഞ്ഞനുജനെയും ഏല്‍പ്പിച്ചിട്ട്, ‘ഞങ്ങള്‍ പോവുകയാണ്’ എന്ന് അമ്മച്ചിയോട് പറഞ്ഞുഅതിന്റെ അര്‍ത്ഥം എന്താണെന്ന് നല്ലവണ്ണം അറിയാവുന്ന അമ്മച്ചി പറഞ്ഞു: ‘ എന്തായാലും നിങ്ങള്‍ പോവുകയല്ലേ ഒരു കാര്യം ചെയ്യ്. പോട്ട വരെ പോയിട്ട് എന്താണ് എന്ന് വച്ചാല്‍ ചെയ്യ്’. അന്ന് പോട്ട ധ്യാനകേന്ദ്രം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

അമ്മച്ചി പറഞ്ഞത് കേട്ട് അവര്‍ ധ്യാനത്തിന് പോയി. ധ്യാനത്തിന്റെ കൗണ്‍സിലിങ്ങിന്റെ സമയത്ത് അവര്‍ ഇരുവരോടും നിങ്ങളുടെ കടങ്ങള്‍ എല്ലാം ദൈവം എഴുതി തള്ളുന്നതായും മൂന്ന് നില വീട് നല്‍കുന്നതായും കാണുന്നു എന്ന് പറഞ്ഞുവെങ്കിലും മുമ്പിലുള്ള ലക്ഷങ്ങളുടെ കടബാധ്യതയ്ക്ക് മുന്നില്‍ അത് വിശ്വസിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. എങ്കിലും ധ്യാനത്തിലൂടെ അവര്‍ക്ക് ഒരു ബോധ്യം കിട്ടി. ജപ്തി ചെയ്ത്, എല്ലാം നഷ്ടപ്പെട്ട്, കടത്തിണ്ണയില്‍ കിടക്കേണ്ടി വന്നാലും, ഞങ്ങളുടെ ദൈവമായ കര്‍ത്താവ് ഞങ്ങളുടെ കൂടെയുണ്ട്, ഞങ്ങള്‍ക്ക് അതുമതി എന്ന ബോധ്യം. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് അറിയാതെ, എന്തുതന്നെ സംഭവിച്ചാലും കര്‍ത്താവില്‍ ഞങ്ങള്‍ ഒരുമിച്ച് നേരിടും എന്ന തീരുമാനത്തോടെ അവര്‍ വീട്ടിലേക്ക് തിരിച്ചു വന്നു.

പ്രതീക്ഷിച്ചതുപോലെ അടുത്തദിവസം തന്നെ ബാങ്കില്‍ നിന്നും വിളി വന്നു. ജപ്തിയാണ് എന്ന് കരുതിയാണ് പപ്പ ബാങ്കിലേക്ക് പോയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ലോണുകള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചെന്നും ഒരു ചെറിയ തുക തന്നാല്‍ നിങ്ങളുടെ കടം എഴുതിത്തള്ളാമെന്നും അങ്ങനെ ചെയ്താല്‍ പെട്ടെന്ന് തന്നെ മറ്റൊരു ലോണ്‍ എടുക്കാന്‍ പറ്റും എന്നുമാണ് ബാങ്ക് മാനേജര്‍ പറഞ്ഞത്. ആ പറഞ്ഞ തുകയാകട്ടെ ധ്യാനത്തിന് പോയ ആഴ്ചയിലെ ടേണ്‍ ഓവര്‍ ആയിരുന്നു; പപ്പയുടെ സഹോദരങ്ങള്‍ രാവിലെ അത് പപ്പയുടെ കയ്യില്‍ ഏല്‍പ്പിച്ചതേ ഉണ്ടായിരുന്നുള്ളൂ. ദൈവത്തിന്റെ പരിപാലന തന്റെ കണ്ണുകള്‍കൊണ്ട് പപ്പ നേരിട്ട് അനുഭവിക്കുകയായിരുന്നു.

ഇപ്പോഴുള്ള അവരുടെ ജീവിതം അവിടെനിന്ന് തുടങ്ങിയതാണ്. കര്‍ത്താവില്‍ ശരണപ്പെട്ടുകൊണ്ട് ഉള്ള ഒരു ജീവിതം. പ്രതിസന്ധികളിലൂടെ പോകുമ്പോള്‍, മുമ്പില്‍ വാതിലുകള്‍ അടയുമ്പോള്‍, ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിച്ചാല്‍, അവിടുത്തെ ആശ്രയിച്ചാല്‍ യൗസേപ്പിതാവിന് രാത്രിയില്‍ മാലാഖയിലൂടെ ഒരു പരിഹാരം നല്‍കപ്പെട്ടതുപോലെ ദൈവം നമുക്കായി ഒരു പുതിയ വാതില്‍ തുറക്കുമെന്ന് ആ അനുഭവം ഞങ്ങളെ പഠിപ്പിച്ചു.
ദൈവം എന്തിനാണ് ഒരു നല്ല മനുഷ്യന് ഇത്രയും കഷ്ടത നല്‍കിയത് എന്ന് ഇത് വായിക്കുന്നവര്‍ക്ക് തോന്നിയേക്കാം. അതിനുള്ള ഉത്തരം പപ്പതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ‘ആ ഒരു സംഭവം നടന്നതുകൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഞാന്‍ ജീവിക്കാന്‍ പഠിച്ചതും ദൈവത്തില്‍ ആശ്രയിക്കാന്‍ പഠിച്ചതും’ എന്ന്. കൂടാതെ ഈ സംഭവങ്ങളിലൂടെ അവരുടെ ജീവിതത്തില്‍ മറ്റൊരു മാറ്റവും സംഭവിച്ചു.

അതിനെക്കുറിച്ച് അവര്‍ പറയുന്നത് ഇപ്രകാരമാണ്, ‘ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് ദൈവം കേള്‍ക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ദൈവം ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതിന് എല്ലാം ഉത്തരം നല്‍കുന്നുണ്ട് എന്ന് അറിയുമായിരുന്നില്ല. കാരണം ഞങ്ങള്‍ക്ക് അത് കേള്‍ക്കാന്‍ സാധിച്ചില്ല. കേള്‍ക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ മരണത്തെപ്പറ്റി ചിന്തിക്കുമായിരുന്നില്ല. അതുകൊണ്ട്, ഇനി ഒന്നുകില്‍ ഞങ്ങള്‍ക്ക് ദൈവം പറയുന്നത് കേള്‍ക്കാന്‍ മാത്രം വിശുദ്ധി ഉണ്ടാകണം. അല്ലെങ്കില്‍ അതിന് കഴിവുള്ള, പരിശുദ്ധാത്മാവിന്റെ വരങ്ങളുള്ള ഏതെങ്കിലും വൈദികരോ സിസ്റ്റേഴ്‌സോ ഞങ്ങള്‍ക്ക് വേണം.’ പപ്പയും അമ്മയും രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ദൈവത്തിന്റെ പ്രത്യുത്തരം കേള്‍ക്കാന്‍ അവര്‍ വളരെയധികം അന്വേഷിച്ച് കണ്ടെത്തിയത് എല്‍സി സെബാസ്റ്റ്യന്‍ എസ്എച്ച് സിസ്റ്ററിനെ ആണ്. അവരുടെ എല്‍ഡറായി സിസ്റ്ററിനെ അവര്‍ പരിഗണിച്ചു. അത് ഇന്നും അങ്ങനെ തുടരുന്നു.

ജീവിതത്തില്‍ ഇഴപിരിഞ്ഞ് കിടക്കുന്ന പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ പപ്പയുടെയും അമ്മയുടെയും ജീവിതം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഒന്ന്, മനുഷ്യന് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അവന്‍ ദൈവത്തില്‍ തന്നെ ആശ്രയം വയ്‌ക്കേണ്ടിയിരിക്കുന്നു. രണ്ട് ദൈവമക്കളായ നമുക്ക് പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ അതിലൂടെ ദൈവം നമ്മെ വിശ്വാസത്തില്‍ വളര്‍ത്താനും അവിടുത്തെ ആശ്രയിക്കാനും അങ്ങനെ നമ്മെ വിശുദ്ധീകരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കുക. മൂന്നാമതായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്ന ഒരു കാര്യം പോലും അവിടുന്ന് കേള്‍ക്കാതെ പോകുന്നില്ല. എങ്കിലും നമ്മള്‍ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല പലപ്പോഴും അവിടുന്ന് ഉത്തരം നല്‍കുന്നത് എന്നും മനസിലാക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?