ഫാ. തോമസ് ആന്റണി പറമ്പി
കഴിഞ്ഞ മാസംമുതല്‍ കേരളത്തിലെ സ്ഥിരംകാഴ്ചയായിരുന്നു ദീപാലങ്കാരശോഭയില്‍ മുങ്ങിയ ദൈവാലയങ്ങള്‍. തിരുനാള്‍ അവസരമായതിനാല്‍ ദീപാലങ്കാരത്തിന്റെയും വാദ്യമേളങ്ങളുടെയും മത്സരം പോലെയായിരുന്നു. ദൈവാലയങ്ങള്‍ ദീപാലങ്കാരത്തില്‍ മുങ്ങിയപ്പോള്‍ വിശ്വാസത്തിന്റെയും ജീവിതസാക്ഷ്യത്തിന്റെയും ശോഭ മങ്ങിപ്പോയോ എന്ന സംശയം ബാക്കിനില്‍ക്കുന്നുണ്ട്. സാക്ഷ്യത്തിന്റെ ശോഭ മങ്ങിയിട്ടില്ലെന്ന് സ്ഥാപിക്കണമെങ്കില്‍ ജീവിതസാക്ഷ്യത്തിന്റെ കാര്യങ്ങളില്‍ മത്സരിക്കാന്‍ കഴിഞ്ഞെന്നും വിശ്വാസവര്‍ധനവുണ്ടായെന്നും അവകാശപ്പെടാന്‍ കഴിയണം.
കുടുംബത്തിലും സമൂഹത്തിലും ഏത് ആഘോഷത്തിന്റെയും ഫൈനല്‍ റിസള്‍ട്ട് വിശ്വാസവര്‍ധനവാണല്ലോ. സുവിശേഷത്തില്‍ കാനായിലെ കുടുംബത്തിലെ വിവാഹാഘോഷത്തിന്റെ വിവരണം അവസാനിക്കുന്നത് ‘ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചു’ എന്നു രേഖപ്പെടുത്തിയാണെന്ന് നമുക്കറിയാം. കഴിഞ്ഞ തിരുനാളാഘോഷത്തില്‍ ഓരോ ഇടവകയിലും നടത്തിയ പരിപാടികള്‍ ആത്മീയജീവിതത്തില്‍ അല്പംകൂടി വളരാനും ഈശോയിലുള്ള വിശ്വാസത്തിലും ജീവിതസാക്ഷ്യത്തിലും വര്‍ധനവുണ്ടാകാനും ഇടയായി എന്ന് തറപ്പിച്ച് പറയാനാകുമോ?
ഒറ്റനോട്ടത്തില്‍ തിരുനാള്‍ കാര്യങ്ങളില്‍ പിശകുകളോ ധൂര്‍ത്തോ കണ്ടെന്ന് വരില്ല. അധികമായെന്നും മോശമായെന്നും എടുത്തുപറയാന്‍തക്കവിധം സ്റ്റേജ് പ്രോഗ്രാമിലോ അലങ്കാരങ്ങളിലോ ഒന്നും ശ്രദ്ധയില്‍പ്പെട്ടെന്നും വരില്ല. എല്ലാം ആവശ്യമായും ഉപകാരമായും വ്യാഖ്യാനിക്കാനേ തോന്നൂ. അപ്പോള്‍ പിന്നെ ബൈബിള്‍ കൈയിലെടുക്കുകയെന്ന ഏക പോംവഴി മാത്രമാണ് നമുക്കുള്ളത്. കാനാന്‍ ലക്ഷ്യമാക്കിയുള്ള യാത്രയില്‍ ഇസ്രായേല്‍ജനത്തെ ദൈവം മോശവഴി തിരുത്തി പഠിപ്പിച്ചതും പഴയ നിയമപഠനങ്ങള്‍ക്ക് പൂര്‍ണത വരുത്തിക്കൊണ്ട് ഈശോ നല്‍കിയ സുവിശേഷപാഠങ്ങളും മുന്നില്‍വച്ച് പരിശോധിച്ചാല്‍ മെഡിക്കല്‍ സ്‌കാന്‍ റിപ്പോര്‍ട്ടിലേതുപോലെ എല്ലാം വ്യക്തമാകും.
ജൂബിലിവര്‍ഷത്തിലെ നോമ്പ്
നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇതു മഹാജൂബിലി വര്‍ഷത്തിലെ വലിയ നോമ്പാണെന്ന പ്രത്യേകതയുണ്ട്. എല്ലാ പ്രായക്കാരെയും ആകര്‍ഷിക്കാന്‍ തിരുനാളവസരത്തില്‍ കൊണ്ടുവന്ന ഐറ്റംസിന് ജനങ്ങളെ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാനും ആഴപ്പെടുത്താനുമുള്ള കരുത്ത് ഉണ്ടായിരുന്നോയെന്ന് ശരിയാംവണ്ണം പരിശോധിക്കണം. വിശ്വാസം ചോര്‍ന്നുപോകാതിരിക്കാനും ജീവിതം സാക്ഷ്യമാക്കാനും ഉതകുന്ന തരത്തിലുള്ള പരിപാടികള്‍ നോമ്പുകാലത്ത് അവതരിപ്പിക്കുവാന്‍ തിരുനാള്‍ ദിവസങ്ങളില്‍ കാണിച്ച മത്സരബുദ്ധിയോടെ മുന്നിട്ടിറങ്ങാനാകണം.
തിരുനാള്‍ദിനങ്ങളില്‍ അറിയാതെ ചെയ്ത എതിര്‍സാക്ഷ്യങ്ങള്‍ക്കും മറ്റും പരിഹാരമായിട്ടുകൂടിയാണ് നോമ്പുകാലത്ത് ഓരോ കാര്യങ്ങളും വിഭാവനം ചെയ്യേണ്ടത് എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. കാരണം മുള്ളുകള്‍ വളര്‍ന്ന് ഗോതമ്പുചെടികളെ ഞെരുക്കിയപോലത്തെ അവസ്ഥ (മര്‍ക്കോസ് 4:7) തിരുനാളാഘോഷങ്ങളില്‍ കടന്നുകൂടുന്നതിനെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിന് തെളിവുകളും കാരണങ്ങളും കണ്ടുപിടിക്കാന്‍ തുനിയുന്നതിനെക്കാള്‍ തിരുനാളില്‍ പങ്കെടുക്കാന്‍പോയ പലരില്‍നിന്നും കേട്ട അഭിപ്രായങ്ങള്‍ കുറിക്കാം.
ആകാശവിസ്മയങ്ങള്‍
• സക്രാരിയില്‍നിന്നും ക്രൂശിതരൂപത്തില്‍നിന്നും ശ്രദ്ധ മാറ്റിക്കളയുന്ന തരത്തില്‍ ഡാന്‍സ് പ്രോഗ്രാമിന് ഉപയോഗിക്കാറുള്ള സ്‌പോട്ട്‌ലൈറ്റുകള്‍ മദ്ബഹയില്‍ നിരത്തി വയ്‌ക്കേണ്ടതുണ്ടോ?
• പള്ളിയങ്കണത്തിന് ചേരാത്ത പാട്ടുകള്‍ ആര്‍ക്കുവേണ്ടി?
• പള്ളിക്ക് ചെലവില്ല, സ്‌പോണ്‍സര്‍ ചെയ്തതാണെന്നു പറഞ്ഞാല്‍ എല്ലാം ശരിയാകുമോ?
• വെടിക്കെട്ടെന്ന പേരുമാറ്റി ആകാശ വിസ്മയമെന്നാക്കിയപ്പോള്‍ അതിനു ബെല്ലും ബ്രേക്കുമില്ലാത്ത അവസ്ഥതന്നെയല്ലേ?
• വാദ്യമേളങ്ങള്‍ പല തരത്തിലുള്ളത് ഇറങ്ങിയിട്ടുണ്ടെന്നു കരുതി അവയെല്ലാം പള്ളിമുറ്റത്ത് പരീക്ഷിക്കണോ?
• അധിക വരുമാനത്തെ അനാവശ്യ അലങ്കാരത്തിന് ചെലവഴിക്കുന്നത് തിരുത്തേണ്ടതല്ലേ?
• അയല്‍പക്ക ദൈവാലയങ്ങളില്‍ കണ്ടവയെല്ലാം ഇവിടെയും വേണമെന്ന് പറഞ്ഞു മത്സരിക്കുന്നതെന്തിന്?
• തിരുക്കര്‍മങ്ങളുടെ സമയവിവരം അറിയിക്കുകയെന്ന ഉദ്ദേശത്തെക്കാള്‍ നോട്ടീസില്‍ പ്രാധാന്യം നാട്ടിലെ കടകളുടെ പരസ്യത്തിന് കൊടുക്കുന്നു.
അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവരില്‍ വാശിക്കാരും കുറ്റവും കുറവുംമാത്രം കണ്ടുപിടിക്കുന്നവരും അങ്ങനെ പലരും കാണുമെന്ന് തീര്‍ച്ച. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചാല്‍ മാത്രം പോരല്ലോ. തിരുനാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞുപോയി. ഇനിയെന്ത് പരിഹാരം ചെയ്യാനാകുമെന്ന് ചിന്തിക്കുന്നതല്ലേ ഉചിതം. വലിയ നോമ്പ് അടുത്തെത്തിയതിനാല്‍ പരിഹാരചിന്തകള്‍ക്ക് ചിറകുമുളയ്ക്കാന്‍ എളുപ്പമാണ്. സ്വയം ചികിത്സയെന്നോണം വ്യക്തി, കുടുംബം, ഇടവക തലങ്ങളില്‍ ഇതിനുചേര്‍ന്ന ആലോചനകള്‍ നടക്കാന്‍ അനുവദിച്ചാല്‍ ആത്മാവിന്റെ സഹായമുണ്ടാകുമെന്നത് ഉറപ്പ്.
നന്ദി പ്രകാശിപ്പിക്കേണ്ട വിധം
സാമ്പത്തികനേട്ടങ്ങള്‍ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനാണോ തങ്ങള്‍ പങ്കിടുന്നതെന്ന ചോദ്യം തിരുനാള്‍ സ്‌പോണ്‍സേഴ്‌സായവര്‍ ചിന്തിക്കണം. ദൈവം ധാരാളം സമ്പത്ത് തന്ന് അനുഗ്രഹിച്ചെങ്കില്‍ അതിനും നന്ദി പറയേണ്ടത് വാദ്യമേളക്കാരെയും നാടന്‍ പാട്ടുകാരെയും സ്‌പോണ്‍സര്‍ ചെയ്തുകൊണ്ടാണോ? വിന്‍സെന്റ് ഡി പോള്‍, മദര്‍ തെരേസ തുടങ്ങിയ വിശുദ്ധര്‍ കൂടുതലുള്ള ധനം ഉപയോഗിക്കേണ്ട പാഠങ്ങള്‍ പഠിപ്പിച്ചത് ഓര്‍ക്കണം. സുവിശേഷ സന്ദേശത്തിന്റെ വ്യാപനത്തിനും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ധനം ഉപയോഗിച്ച് ജീവിതസാക്ഷ്യം നല്‍കുന്നത് പുതിയ തലമുറ കാണട്ടെ.
ഈ തരത്തിലുള്ള പരിഹാരത്തിനുതകുന്ന ഐറ്റംസ് കണ്ടുപിടിക്കാന്‍ കുട്ടികള്‍, യുവാക്കള്‍, മതാധ്യാപകര്‍, മുതിര്‍ന്നവര്‍ എന്നിവരുടെയിടയില്‍ ഒരു മത്സരംതന്നെ സംഘടിപ്പിക്കാവുന്നതാണ്. ഇങ്ങനെയുള്ള ആശയങ്ങളെ സംശയത്തോടും എതിര്‍പ്പോടും കൂടെ എതിര്‍ക്കുന്നവരോട് ‘ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയും ചില മത്സരങ്ങള്‍ സംഘടിപ്പിച്ചുകൂടേയെന്ന്’ പറയാനാകണം. ഇതിനു സഹായകമായി ഇടവകയിലെ ജനങ്ങളുടെയിടയിലും സാധിക്കുമെങ്കില്‍ അയല്‍പക്ക ഇടവകകളിലും മാതൃവേദിയുടെയോ പിതൃവേദിയുടെയോ നേതൃത്വത്തില്‍ തിരുനാള്‍ കാര്യങ്ങളെപ്പറ്റി അഭിപ്രായസര്‍വേ നടത്തുന്നതിനെയും സ്വാഗതം ചെയ്യണം.
ദൈവത്തെ ആരാധിക്കാനും മഹത്വപ്പെടുത്താനും വിശ്വാസം പ്രഘോഷിക്കാനും ലഭിക്കുന്ന തിരുനാള്‍ അവസരങ്ങള്‍ ഇന്ന് മറ്റുപല കാര്യങ്ങള്‍ക്കുംവേണ്ടിയുള്ള ഒത്തുകൂടലായി അധഃപതിക്കുന്നതിന്റെ അടയാളങ്ങള്‍ എല്ലായിടത്തുംതന്നെ ഉണ്ടെന്നത് നിഷേധിക്കാനാവാത്തതാണ്. ദൈവാലയത്തില്‍ എങ്ങനെയോ കടന്നുകൂടിയവയെയും ആരൊക്കെയോ കൂട്ടിച്ചേര്‍ത്തവയെയും പരിശുദ്ധാത്മാവിന്റെ ധൈര്യത്താല്‍ ദൈവാലയത്തില്‍നിന്നും യേശു പുറത്താക്കിയിരുന്നു. ആ യേശുവിനെ പ്രസംഗിക്കുന്ന നാം, തിരുനാളവസരങ്ങളില്‍ എങ്ങനെയോ കടന്നുകൂടിയവയെയും ആരൊക്കെയോ കൂട്ടിച്ചേര്‍ത്തവയെയും നീക്കം ചെയ്യാന്‍ ധൈര്യം കാണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
സമുദായിക ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന നാം ക്രൈസ്തവര്‍ക്ക് ചേര്‍ന്നതരത്തിലുള്ള കാര്യങ്ങള്‍മാത്രം പള്ളിയങ്കണത്തിലുണ്ടാകാനും ചേരാത്തവയെ നീക്കം ചെയ്യാനും ധൈര്യം കാണിക്കണം. രൂപക്കൂടുകള്‍ ചുമക്കാന്‍ ആവേശം കാണിക്കുന്നവര്‍ ജീവിക്കുന്ന ഇടങ്ങളില്‍ ഈശോയ്ക്ക് സാക്ഷ്യംവഹിക്കാന്‍ ആവേശം പ്രകടിപ്പിക്കുന്നുണ്ടോ? വാടകയ്ക്ക് ഡസന്‍ കണക്കിന് പൊന്‍കുരിശും വെള്ളിക്കുരിശും കൊണ്ടുവരുമ്പോള്‍ അതു വഹിക്കാന്‍ വരുന്ന ചെറുപ്പക്കാര്‍ പക്ഷേ വീട്ടില്‍ കുരിശുവരയ്ക്കുന്നവരാണോയെന്ന് മാതാപിതാക്കളോട് ചോദിച്ചാലറിയാം. തിരുനാളിനോടനുബന്ധിച്ച വേറെയും ചില ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉണ്ടാകട്ടെ.
സൂപ്പര്‍ റിസള്‍ട്ട്
• പള്ളിയില്‍ ഒരുക്കനൊവേന ആരംഭിച്ച നാള്‍മുതല്‍ മുടങ്ങാതെ വീട്ടിലെ ഒരംഗമെങ്കിലും ഉണ്ടാകണമെന്ന് ഉറപ്പുവരുത്തുന്നതില്‍ കുറവ് സംഭവിച്ചോ?
• കുമ്പസാരിച്ചൊരുങ്ങി തിരുനാള്‍ ദിനങ്ങളില്‍ കുര്‍ബാന സ്വീകരിക്കുന്നതിലും മക്കളെ ആ കാര്യം ബോധ്യപ്പെടുത്തുന്നതിലും കുറവുണ്ടായോ?
• പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ നടക്കുമ്പോള്‍ അകത്ത് കയറുന്നതിലോ പ്രാര്‍ത്ഥനയില്‍ ഭക്തിയോടെ പങ്കെടുക്കുന്നതിലോ കുറവ് പറ്റിയോ?
ഇപ്രകാരമുള്ള കണ്ടെത്തലുകള്‍ക്ക് ബുദ്ധിയില്‍ ഇടംവേണമെന്ന വിവേകം കൂടിയായാല്‍ ചിന്തകള്‍ക്ക് സൂപ്പര്‍ റിസള്‍ട്ട് കിട്ടും. അപ്പോള്‍ ഹൃദയത്തില്‍ ആനന്ദത്തിന്റെ ഒഴുക്കുണ്ടാകും.
Leave a Comment
Your email address will not be published. Required fields are marked with *