Follow Us On

12

March

2025

Wednesday

ഉണര്‍ന്നെണീക്കാന്‍

ഉണര്‍ന്നെണീക്കാന്‍

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍.
പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും പറയുന്നത് സ്വയം സജ്ജമായിരിക്കണം എന്നാണ്. തങ്ങളുടെ ഡിസിപ്ലിനില്‍ തങ്ങള്‍ ഏതുധര്‍മ്മമാണോ അനുഷ്ഠിക്കുന്നത് ആ ധര്‍മ്മത്തിന്റെ പൂര്‍ണിമയിലുള്ള അച്ചടക്കത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ നമുക്കൊരു ബാധ്യതയുണ്ട്.

പൂര്‍വ്വപിതാക്കന്മാര്‍ ഏതൊരു ധര്‍മ്മത്തിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് തിട്ടപ്പെടുത്തിയോ അതനുസരിച്ചു മുന്നോട്ടുപോകുക തന്നെ വേണം. സ്വധര്‍മ്മം പ്രാപിക്കലാണ് ഏറ്റവും വലിയ ധര്‍മ്മം എന്നാണ് ഭാരതീയ ചിന്ത. ചില കാര്യങ്ങള്‍ നാം പ്രതിരോധിക്കേണ്ടതായിട്ടുണ്ട് ഇക്കാലത്ത്. അത്രമാത്രം വ്യത്യസ്തമായ ഭീഷണികള്‍ നമുക്കുനേരെ ഉയരുന്നുണ്ട്. പ്രതിലോമകരമായ പല സാഹചര്യങ്ങളുമുണ്ട്.
വിഭാഗീയത അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ എന്റെ ആഹാരരീതിയും എന്റെ വസ്ത്രധാരണരീതിയും എന്റെ നിറവും എന്റെ ഭാഷയും സംസ്‌കാരവും അതിനപ്പുറമുള്ളവരെല്ലാം പരദേശികളും അന്യരുമാണെന്ന് ആരെങ്കിലും നമ്മോട് പറയുന്നുണ്ടങ്കില്‍ ഇക്കാലഘട്ടത്തിന്റെ പ്രത്യേകതയായ വിഭാഗീയതയാണതെന്ന് മനസിലാക്കിയിരിക്കണം.

ഈ വിഭാഗീയതയുടെ മുമ്പില്‍ പകച്ചുനില്‍ക്കാതെ ഒന്നിച്ചുനില്‍ക്കാനുള്ള ശേഷി നമുക്കുരൂപപ്പെടേണ്ടതായിട്ടുണ്ട്. അതിന് നാം സ്വയം സജ്ജരാകേണ്ടതുണ്ട്.
ഏലിയാപ്രവാചകനും സ്‌നാപകയോഹന്നാനുമൊന്നും ഞങ്ങള്‍ പ്രസംഗിച്ചതുപോലെയല്ല പ്രസംഗിച്ചത്.
കര്‍ത്താവില്‍ പ്രിയ വിശ്വാസി സമൂഹമേ എന്ന മട്ടില്‍ ആരെയും വേദനിപ്പിക്കാതെയും വളരെ സൗമ്യമായും ഞങ്ങള്‍ പ്രസംഗം തുടങ്ങുമ്പോള്‍ പ്രവാചകന്മാര്‍ പ്രസംഗം ആരംഭിച്ചിരുന്നത് സര്‍പ്പസന്തതികളേ, ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ എന്നൊക്കെയായിരുന്നു. കേള്‍ക്കുന്ന മാത്രയില്‍ തന്നെ ഹൃദയത്തില്‍ കത്തലും കുത്തലും ഉണ്ടാകത്തക്കവിധത്തിലായിരുന്നു അവര്‍ പ്രസംഗിച്ചിരുന്നത്. അവരുടെ ഭാഷണരീതിയും ഭക്ഷണരീതിയും ഭൂഷണരീതിയും വ്യത്യസ്തമായിരുന്നു. വ്യത്യസ്തമായ ഒരു മൂല്യബോധം ഉള്ളില്‍ സൂക്ഷിച്ചും വ്യത്യസ്തമായ ജീവിതശൈലി സ്വീകരിച്ചുംകൊണ്ടാണ് അവര്‍ തങ്ങളുടെ ജീവിതത്തെ നിരന്തരം സജ്ജമാക്കിയിരുന്നത്. അതുകൊണ്ടാണ് അവരുടെ വാക്കുകള്‍ക്ക് ഇത്രയധികം മൂര്‍ച്ചയുണ്ടായത്. നമ്മുടെ കപടവ്യക്തിത്വങ്ങളെ മുറിച്ചുകളയാന്‍ അവരുടെ വാക്കുകള്‍ക്ക് ഇന്നും ശക്തിയുണ്ട്.

ഗുരുക്കന്മാര്‍ എപ്പോഴും അഗ്‌നിസമന്മാരാണ്. തീയുടെ അടുക്കല്‍ ചെല്ലുമ്പോള്‍ ചൂടും വെളിച്ചവും കിട്ടും. വിറകുംകൊണ്ട് ചെല്ലുന്നവന് കുറച്ചുകൂടി ചൂടും വെളിച്ചവും കിട്ടും. നമ്മള്‍ സജ്ജരാകുമ്പോള്‍ നാം കുറെക്കൂടി പ്രകാശം നല്‍കുന്നവരായി മാറും.
ജീവിതത്തില്‍ അച്ചടക്കം വേണം എന്ന് കുട്ടികളോട് പലവട്ടം പറയുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ എന്താണ് അച്ചടക്കം? അച്ചില്‍ അമരുന്നതാണ് അച്ചടക്കമെന്നാണ് അതിന്റെ എറ്റിമോളജി. ഒരു സ്വര്‍ണക്കട്ടി കിട്ടുകയാണെന്ന് വിചാരിക്കുക. അതൊരിക്കലും നമ്മള്‍ നേരിട്ട് കഴുത്തില്‍ കെട്ടിത്തൂക്കിനടക്കുകയില്ല. പകരം ഒരു തട്ടാന്റെ അടുക്കല്‍ കൊണ്ടുപോയി കൊടുത്ത് നമ്മള്‍ പറയുന്ന ഫാഷനില്‍ അതുരൂപപ്പെടുത്തിയെടുക്കാന്‍ തട്ടാനോട് ആവശ്യപ്പെടും. അതനുസരിച്ച് തട്ടാന്‍ അത് അച്ചില്‍ വയ്ക്കും. അങ്ങനെ അച്ചിലൂടെ കടന്നുപോയതിന് ശേഷമാണ് നമ്മളത് അലങ്കാരമായി അണിയുന്നത്. അച്ചില്‍ അമരുന്ന മനുഷ്യരാണ് സമൂഹത്തിന് അലങ്കാരമായി മാറുന്നത്.

മതബദ്ധമായി ജീവിക്കുന്ന മനുഷ്യരില്‍ അവരുടെ തലച്ചോറിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയവും ആധികാരികവുമായ വിവരണം നല്‍കുന്ന പുസ്തകമാണ് അരുണ്‍ ഷൂറിയുടെ Two Saints. ശ്രീരാമകൃഷ്ണ പരമഹംസരും രമണമഹര്‍ഷിയുമാണ് അതില്‍ കടന്നുവരുന്നത്. കാലാതീതമായ ഒരു ബോധം അനന്തമായ കാരുണ്യം, നിത്യാനിത്യവസ്തുവിവേകം ഇങ്ങനെയൊക്കെയാണ് മതബദ്ധമായജീവിതം നയിക്കുന്ന ആളുകളുടെ തലച്ചോര്‍ രൂപപ്പെടുന്നതെന്നാണ് ഈ പുസ്തകം പരാമര്‍ശിക്കുന്നത്. കാലാതീതമായ ബോധം എന്താണ്?
ഗുരു നിത്യ ടെന്‍ഷന്‍ എന്ന വാക്കിന് കൊടുക്കുന്ന മനോഹരമായ ഒരു വിവരണമുണ്ട്. ടെന്‍ഷന്‍, ടെന്‍സില്‍ നിന്ന് വരുന്നതാണത്രെ? Present tense, Past tense, Future tense. ലുണ്ടാകുന്ന ഒരു താല്‍ക്കാലിക പ്രതിഭാസമാണ് ടെന്‍ഷന്‍. ഒരുദാഹരണം പറയാം. ഒരു കുഞ്ഞ് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നു. അവനൊരു ഹോംവര്‍ക്ക് കൊടുത്തുവിട്ടിട്ടുണ്ടായിരുന്നു. എന്നാല്‍ മറ്റ് പലകാര്യങ്ങള്‍ക്കിടയില്‍ അവന്‍ അതേക്കുറിച്ചു മറന്നുപോയി. അടുത്ത ദിവസം സ്‌കൂള്‍ ബസില്‍ കയറാന്‍ നേരത്താണ് ഹോംവര്‍ക്കിനെക്കുറിച്ച് അവന്‍ ഓര്‍മിക്കുന്നത്. അതോര്‍ത്ത് അവന്‍ ടെന്‍സ്ഡായി. മാത്രവുമല്ല, ടീച്ചര്‍ തനിക്കെന്ത് ശിക്ഷയായിരിക്കും നല്‍കാന്‍ പോവുകയെന്നോര്‍ത്ത് അതിലേറെ ടെന്‍ഷനുമായി. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സൗകര്യമുള്ള കസേരയില്‍ മൂന്നുപേര്‍ കയറിയിരുന്നാല്‍ എങ്ങനെയിരിക്കുമോ അതുപോലെയായി ഇവിടെ കാര്യങ്ങള്‍. കുട്ടി മൊത്തത്തില്‍ ടെന്‍ഷനിലായി.

ചരിത്രത്തിലെ പ്രവാചകന്മാരെല്ലാം നിത്യജീവനെക്കുറിച്ച് പറയുന്നതിന്റെ സാംഗത്യവും ഇവിടെയാണ്. Beyond Tenses. ക്രിസ്തു എപ്പോഴും പറഞ്ഞിട്ടുള്ളത് നിത്യജീവനെക്കുറിച്ചാണ്. കാലാതീതമായ ബോധത്തിലേക്കുള്ള ഉണര്‍വാണ് എല്ലാജീവിതത്തിലെയും ആത്യന്തികമായ ഭാഗധേയം. ക്രിസ്തുവിന് വളരെ കാലം മുമ്പ് ജീവിച്ച ഹെരാക്ലീറ്റസ് ഒരിക്കല്‍ പറയുന്നുണ്ട്, ഉറങ്ങുന്നവര്‍ക്കെല്ലാം അവരുടേതായ ഓരോ ലോകമുണ്ട്. എന്നാല്‍ ഉറങ്ങിയെണീറ്റവര്‍ക്കെല്ലാം കൂടി ഒരേയൊരു ലോകമേയുള്ളൂവെന്ന്. പക്ഷേ ഉണരുക എന്നു പറയുന്നത് അത്രനിസാരമല്ല എം എന്‍ വിജയന്‍ മാഷ് പറയുന്നതുപോലെ. മാഷിന്റെ ഒരു പുസ്തകത്തിന്റെ പേരുതന്നെ ശ്രദ്ധേയമാണ്. മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍ – ലോകം എന്നല്ല എന്നാണ് ശ്രദ്ധിക്കേണ്ടത്.
ഉറങ്ങാന്‍ നമുക്ക് പട്ടുമെത്തകളും മണിമാളികകളും വേണം. പക്ഷേ ഉണര്‍ന്നെണീക്കാന്‍ നമുക്ക് മറ്റ് പലതും വേണം. ഒരു സ്വപ്‌നം. വിശ്വാസം. ആദര്‍ശം. പ്രത്യയശാസ്ത്രം എല്ലാം വേണം. ഇങ്ങനെ ചില വ്യക്തമായ ബോധ്യങ്ങളുള്ള മനുഷ്യര്‍ മാത്രമാണ് പൊതു ലോകത്തിലേക്ക് ഉണര്‍ന്നെണീക്കുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?