Follow Us On

04

April

2025

Friday

കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി അഞ്ചിന്

കത്തോലിക്കാ കോണ്‍ഗ്രസിന്റെ അവകാശ പ്രഖ്യാപന റാലി അഞ്ചിന്
കോഴിക്കോട്: സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് ക്രൈസ്തവ ജനതയുടെ പ്രതിഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് റാലിയും പൊതുസമ്മേളനവും നടക്കുന്നത്.
വൈകുന്നേരം മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍നിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗറില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിക്കും.
സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടര്‍ സന്ദേശം നല്‍കും. താമരശേരി രൂപത വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ക്രിസ്ത്യന്‍ ചര്‍ച്ച് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് തോമസ്, കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ സബിന്‍ തൂമുള്ളില്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സ, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ്, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് പൊട്ടനാനി എന്നിവര്‍ പ്രസംഗിക്കും.
രൂപതയിലെ വിവിധ സംഘടനകളില്‍പെട്ട ആയിരക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ അണിചേരുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ അടയിരിക്കുന്ന ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നടപ്പില്‍ വരുത്തണം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് വന്യജീവികളെ വനത്തില്‍ മാത്രം സംരക്ഷിച്ച് വന്യജീവി ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തിനുള്ള ന്യൂനപക്ഷ അവകാശങ്ങളും സംവരണതത്വങ്ങളും നടപ്പിലാക്കാന്‍ അടിയന്തിര നടപടികളുണ്ടാവണം, 80:20 അനുപാതത്തിലുള്ള ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനീതിക്കെതിരെ ഹൈക്കോടതി നല്‍കിയ വിധി നടപ്പാക്കണം. പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ക്രൈസ്തവ വിരുദ്ധമായ ചരിത്ര അപനിര്‍മിതികള്‍ പിന്‍വലിക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?