ജോസഫ് മൂലയില്‍
പ്രത്യേകതരം മദ്യനയമാണ് കേരള സര്‍ക്കാരിന്റേത്. ഒരേസമയം മദ്യം എല്ലായിടത്തും സുലഭമാക്കുകയും മദ്യനിര്‍മാണ ശാലകള്‍ ആരംഭിക്കുന്നതിന് അനുവാദം നല്‍കുകയും ഒന്നാം തീയതികളില്‍ നിലവില്‍ ഉണ്ടായിരുന്ന ട്രൈ ഡേ (മദ്യശാലകള്‍ക്ക് അവധി) യില്‍ നിബന്ധനകള്‍ക്കു വിധേയമായി മദ്യം വില്ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതിനൊപ്പം ലഹരി വിമുക്ത കാമ്പയിനുകളും നടത്തുന്നു.
ലഹരിക്കെതിരായ പ്രവര്‍ത്തനത്തിന് ബിവ്‌റേജസ് കോര്‍പ്പറേഷന്റെ (മദ്യ വില്പന നടത്തുന്ന പൊതുമേഖല സ്ഥാപനം) സിഎസ്ആര്‍ ഫണ്ടിന്റെ 25% ശതമാനം തുക നീക്കിവയ്ക്കാനും തീരുമാനിച്ചതായി പുതിയ അബ്കാരി നയം വിശദീകരിച്ചുകൊണ്ട് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടം ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം വീടുകളില്‍ എത്തിക്കുകയും ചെയ്യും.
ഹൗസ്‌ബോട്ടുകളിലും ഇനി മദ്യം
പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതല്‍ മദ്യനിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ മദ്യനയത്തില്‍ വ്യവസ്ഥ ഉണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകളെ നവീകരിക്കുകയും കള്ള് കേരളത്തിന്റെ തനതുപാനീയമാക്കുകയുമാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. വിനോദസഞ്ചാര മേഖലയിലെ ത്രീ സ്റ്റാറിനോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റസ്റ്റോറന്റുകളില്‍ ഇനി കള്ളുഷാപ്പു തുടങ്ങാനും കഴിയും. കായലുകളിലെ സ്റ്റാര്‍ സൗകര്യമുള്ള ഹൗസ് ബോട്ടുകളില്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കാനും മദ്യനയത്തില്‍ വ്യവസ്ഥയുണ്ട്.
ലഹരിക്കെതിരായി കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നവര്‍തന്നെ പുതിയ മദ്യനിര്‍മാണ ഫാക്ടറികള്‍ക്കായി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി സൗകര്യങ്ങള്‍ ഒരുക്കുന്നു. മദ്യം വിറ്റുകിട്ടുന്ന പണംകൊണ്ട് ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നു. കള്ള് മദ്യമല്ലെന്ന പ്രചാരണം നടത്തി അതിലൂടെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നു. ഇതുപോലൊരു മദ്യനയം ലോകത്ത് എവിടെയെങ്കിലും ഉണ്ടാകുമോ? ഈ പ്രത്യേകതരം മദ്യനയത്തിന്റെ ലക്ഷ്യം ചിന്താശേഷിയുള്ള മലയാളികള്‍ക്ക് എളുപ്പത്തില്‍ മനസിലാകും. ഗവണ്‍മെന്റിന്റെ കൂറ് മദ്യമുതലാളിമാരോടാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാകുകയാണ്.
വിദേശികള്‍ വരുന്നത് മദ്യപിക്കാനോ?
മദ്യപിച്ച സംഘങ്ങള്‍ ഹൗസ് ബോട്ടുകളില്‍ ഒരുമിച്ചുകൂടിയാല്‍ ഗുരുതരമായ പ്രശ്‌നങ്ങളിലേക്കുവരെ അതു നയിക്കാം. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മദ്യ വിമുക്തമാക്കുകയാണ് ചെയ്യേണ്ടത്. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ അധികവും സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന കുടുംബങ്ങളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മദ്യപാന കേന്ദ്രങ്ങളായി മാറിയാല്‍ ക്രമേണ കുടുംബമായി അധികമാരും അവിടേക്കു വരില്ല.
കൂടാതെ, ആ പ്രദേശങ്ങള്‍ അധാര്‍ മികതയുടെ വിളനിലങ്ങളായി മാറും. അവയുടെ തകര്‍ച്ചക്കുതന്നെ അതു വഴിയൊരുക്കും. വിദേശടൂറിസ്റ്റുകള്‍ക്കായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ ആരംഭിക്കുന്നതെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. വിദേശികള്‍ മദ്യപിക്കാനാണ് കേരളത്തിലേക്ക് വരുന്നതെന്നൊക്കെ പറഞ്ഞാല്‍ ആരു വിശ്വസിക്കാനാണ്?
രാസലഹരിയുടെ പിന്നാമ്പുറങ്ങള്‍
മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്ന ഏത് നടപടിയും അപകടകരമാണ്. ലഹരിയുടെ ദൂഷ്യഫലങ്ങള്‍ അത്രയധികം അനുഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. പെരുകുന്ന വാഹനാപകടങ്ങള്‍ തുടങ്ങി ദുരന്തങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ മദ്യത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്ന് വ്യക്തമാകും. മനഃസാക്ഷിയുള്ള മനുഷ്യരെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് ഓരോ ദിവസവും നടക്കുന്നത്. അതിന്റെ പിന്നില്‍ രാസലഹരികള്‍ക്കൊപ്പം മദ്യവുമുണ്ട്. രാസലഹരികള്‍ക്ക് അടിമപ്പെട്ടവരുടെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞാല്‍ ഭൂരിപക്ഷത്തിന്റെയും തുടക്കം മദ്യത്തില്‍ നിന്നായിരിക്കും.
ഒരു മദ്യനിര്‍മാണ ശാല ആരംഭിച്ചാല്‍ കുറച്ചു പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ അതുകൊണ്ട് കണ്ണീര്‍ വീഴുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങളിലായിരിക്കും. ദാരിദ്ര്യത്തിലേക്ക് അനേകം കുടുംബങ്ങള്‍ കൂപ്പുകുത്തും. ജനനന്മ ലക്ഷ്യമിടുന്ന സര്‍ക്കാരുകള്‍ മദ്യത്തിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കില്ല. ഗവണ്‍മെന്റിന്റെ പുതിയ മദ്യനയം ഒട്ടും ദൂരക്കാഴ്ച ഇല്ലാത്തതും സംസ്ഥാനത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കുന്നതുമാണ്.
Leave a Comment
Your email address will not be published. Required fields are marked with *