വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഉറപ്പും പ്രത്യാശയുമെന്നും അവിടുന്നാണ് പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവയെന്നും ലിയോ 14-ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസദസ്സില്‍ ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന തലക്കെട്ടിലുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പരസ്പരവിരുദ്ധമായ വികാരങ്ങളെയും പരിമിതികളെയുംകുറിച്ച് പരിശുദ്ധ പിതാവ് വിചിന്തനം ചെയ്തു -‘ചിലപ്പോള്‍, നമുക്ക് സന്തോഷം തോന്നുന്നു; മറ്റു ചിലപ്പോള്‍, ദുഃഖം തോന്നുന്നു. നമുക്ക് സംതൃപ്തിയോ സമ്മര്‍ദ്ദമോ, നിരാശയോ തോന്നിയേക്കാം. മറ്റു ചിലപ്പോള്‍, ഒരിക്കലും ലഭിക്കാത്ത വിജയത്തിനോ അംഗീകാരത്തിനോ വേണ്ടി നാം കാത്തിരിക്കുന്നു. ചുരുക്കത്തില്‍, നമ്മള്‍ സന്തുഷ്ടരായിരിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ നിലനില്‍ക്കുന്ന സന്തോഷം പലപ്പോഴും നമുക്ക് അന്യമാണ്.’ പാപ്പ പറഞ്ഞു
എന്നാല്‍ ഈ ആഗ്രഹം യാദൃശ്ചികമല്ലെന്നും നമ്മള്‍ സൃഷ്ടിക്കപ്പെട്ടത് പൂര്‍ണതയ്ക്കുവേണ്ടിയാണെന്നും പാപ്പ തുടര്‍ന്നു. നമ്മുടെ ഹൃദയങ്ങളിലെ ഈ ആഴത്തിലുള്ള ആഗ്രഹം, അധികാരം കൊണ്ടോ, സമ്പത്തു കൊണ്ടോ തൃപ്തിപ്പെടുത്താന്‍ കഴിയില്ല. നമ്മുടെ ആഴമേറിയ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ല എന്ന ഉറപ്പിലൂടെ മാത്രമേ നമുക്ക് ആ പൂര്‍ണതയിലേക്ക് എത്താന്‍ കഴിയൂ. ഈ ഉറപ്പിനെയാണ് നമ്മള്‍ പ്രത്യാശ എന്ന് വിളിക്കുന്നത്.
ഉയിര്‍ത്തെഴുന്നേറ്റ യേശു നമ്മുടെ പൂര്‍ണതയ്ക്കുവേണ്ടിയുളള ദാഹം തൃപ്തിപ്പെടുത്തുന്ന ഉറവയാണെന്നു പാപ്പ തുടര്‍ന്നു. മനുഷ്യഹൃദയത്തിന്റെ ഏറ്റവും ആഴമേറിയ ചോദ്യങ്ങള്‍ക്ക് യേശുവിന് മാത്രമേ ഉത്തരം നല്‍കാന്‍ കഴിയുകയുള്ളൂ. നമ്മുടെ വേദനയില്‍ നിന്ന് വേര്‍പെട്ട് മുകളില്‍ നിന്ന് ഉത്തരങ്ങള്‍ നല്‍കുന്ന ദൈവമല്ല അവിടുന്ന്. പകരം, അവന്‍ നമ്മോടൊപ്പം നടക്കുന്നു – പലപ്പോഴും ദുഷ്‌കരവും, വേദനാജനകവും, നിഗൂഢവുമായ വഴിയിലൂടെ. നമ്മുടെ പാത്രം ശൂന്യമാകുമ്പോള്‍, ദാഹം അസഹനീയമാകുമ്പോള്‍, അവിടുത്തേക്ക് മാത്രമേ അത് നിറയ്ക്കാന്‍ കഴിയൂ. യേശു നമ്മുടെ സുഹൃത്ത് മാത്രമല്ല, നമ്മുടെ ലക്ഷ്യസ്ഥാനവുമാണെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *