ന്യൂഡല്‍ഹി: മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ ദുരുപയോഗിച്ച് ഉത്തര്‍പ്രദേശ് പോലീസ് ഷുവാട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും ഡയറക്ടര്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി.
യുപിയിലെ പ്രയാഗ് രാജില്‍ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാം ഹിഗിന്‍ബോട്ടം യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ടെക്‌നോളജി ആന്റ് സയന്‍സ് (ഷുവാട്‌സ്) വൈസ് ചാന്‍സര്‍ ഡോ. രാജേന്ദ്ര ബിഹാരി ലാല്‍, ഡയറക്ടര്‍ വിനോദ് ബിഹാരി ലാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ മതംമാറ്റി എന്നാരോപിച്ചായിരുന്നു 2021ലെ മതപരിവര്‍ത്തന നിരോധനനിയമം അനുസരിച്ച് യു.പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി എഫ്‌ഐആറുകള്‍ ഈ കേസില്‍ പോലീസ് ചുമത്തിയിരുന്നു. കുറ്റാരോപിതര്‍ ആദ്യം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എഫ്ഐആര്‍ റദ്ദാക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചില എഫ്‌ഐആറുകളില്‍ ഗുരുതരമായ പിഴവുക ള്‍ സംഭവിച്ചിട്ടുണ്ടെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുറ്റാരോപിതര്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീം കോടതി റദ്ദു ചെയ്തു. ഐപിസി പ്രകാരം ചുമത്തിയിരിക്കുന്ന ചില കേസുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ഗവണ്‍മെന്റിന്റെ വാദം കോടതി അംഗീകരിച്ചു. അതേസമയം ഹര്‍ജിക്കാര്‍ക്ക് അറസ്റ്റില്‍നിന്ന് നേരത്തെ നല്‍കിയിരുന്ന ഇടക്കാല സംരക്ഷണം അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ കോടതി നീട്ടുകയും ചെയ്തു.
മതപരിവര്‍ത്തന നിരോധന നിയമത്തെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ എങ്ങനെ വളച്ചൊടിക്കുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഈ കേസ്. യൂണിവേഴ്സ്റ്റി വൈസ് ചാന്‍സലര്‍ക്കെതിരെ വരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസുകള്‍ എടുക്കുകയാണെങ്കില്‍ ഉത്തര്‍പ്രദേശിലെ സാധാരണ വിശ്വാസികളുടെ അവസ്ഥ എത്ര ദയനീയമായിരുക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *