കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആലിംഗനം കൊച്ചിയിലെ ജെയിന്‍ ജോസഫ് കലാകാരന് ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. ആ സ്‌നേഹസ്പര്‍ശനം ഒരു ആശീര്‍വാദമായി ഇപ്പോഴും തനിക്കൊപ്പമുണ്ടെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. ഒപ്പം മകന്‍ ലിനോയ്ക്ക് പാപ്പ തൊപ്പിവച്ചു നല്‍കിയതും പത്തു വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നലെ സംഭവിച്ചതുപോലെ മനസില്‍ തങ്ങിനില്ക്കുന്ന ഓര്‍മയാണ്.
അള്‍ത്താരകള്‍ രൂപകല്പന ചെയ്യുന്ന കൊച്ചി തേവര സ്വദേശിയായ ജെയിന്‍ മനസില്‍ സൂക്ഷിച്ച സ്വപ്നമായിരുന്നു, തന്റെ കൈകളില്‍ പാപ്പയുടെ അനുഗ്രഹസ്പര്‍ശം. കേരളത്തിലും പുറത്തുമായി നൂറുകണക്കിന് അള്‍ത്താരകള്‍ ഒരുക്കിയ ജെയിന്റെ ആഗ്രഹമറിഞ്ഞു പിന്തുണച്ചത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരുന്നു. താന്‍ രൂപകല്പന ചെയ്ത നോര്‍ത്ത് കുത്തിയതോട് ദൈവാലയത്തിന്റെ ആശീര്വാദകര്മത്തിനെത്തിയപ്പോ ഴാണ് കര്‍ദിനാളിനോട് ജെയിന്‍ ആഗ്രഹം വെളിപ്പെടുത്തിയത്.
അന്നു വത്തിക്കാനില്‍ സേവനം ചെയ്തിരുന്ന ഫാ. സ്റ്റീഫന്‍ ചിറപ്പണത്ത് (പിന്നീട് മെത്രാന്‍) വഴി ജെയിനു പാപ്പയെ കാണാനുള്ള ക്രമീകരണമൊരുക്കി. പാപ്പയെ സന്ദര്‍ശിക്കുകയെന്ന ഒരേയൊരു നിയോഗവുമായി ജെയിനും കുടുംബവും വത്തിക്കാനിലെത്തി. 2014 ജൂണ്‍ 13 ന് രാവിലെ ഏഴിന് സാന്താ മാര്‍ത്തായിലെ കുര്‍ബാനയ്ക്കുശേഷമായിരുന്നു കൂടിക്കാഴ്ച.

ഭാര്യ മരിയ, മക്കളായ ജോസ്, ലിനോ എന്നിവരെയും പാപ്പ അടുത്തേക്കു വിളിച്ചു സംസാരിച്ചു. മരണപ്പണിക്കാരനായ പിതാവ് ജോസഫ്, അമ്മ മേരി എന്നിവരെക്കുറിച്ചും പറഞ്ഞപ്പോള്‍ ഹോളി ഫാമിലി എന്നു പാപ്പയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണവും ജെയിന്‍ ഓര്‍ക്കുന്നു.
അനേകം ദൈവാലയങ്ങളിലെ അള്‍ത്താരകള്‍ക്ക് അഴകൊരുക്കിയ കൈകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചേര്‍ത്തുപിടിച്ചു; സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. ബ്രാസ് പ്ലേറ്റില്‍ തയാറാക്കിയ, ആടിനെ തോളിലേറ്റി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം അന്ന് ജെയിന്‍ പാപ്പക്ക് സമ്മാനമായി കൈമാറിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *