Follow Us On

23

July

2025

Wednesday

സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി സ്മാരകമായി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം 28 ന്

സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി സ്മാരകമായി നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം 28 ന്
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് കോളജിന്റെ വജ്രജൂബിലി വര്‍ഷത്തില്‍ കോളേജ് എന്‍എസ്എസ് യൂണിറ്റ്, കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും എംജി യൂണിവേഴ്‌സിറ്റി എന്‍എസ്എസ് സെല്ലിന്റെയും  സഹകരണത്തോടെ ഭവനരഹിതര്‍ക്കായി നിര്‍മ്മിച്ച 14 വീടുകളുടെ  താക്കോല്‍ദാനം ഏപ്രില്‍ 28ന്  സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി  വി എന്‍ വാസവന്‍ നിര്‍വ്വഹിക്കും.
സര്‍ക്കാരിന്റെയും മറ്റ് ഏജന്‍സികളുടെയും വിവിധ ഭവനപദ്ധതികളില്‍ ഉള്‍പ്പെടാത്ത ഭവനരഹിതരായ 14 കുടുംബങ്ങളുടെ ‘സ്വന്തമായി വീട്’ എന്ന സ്വപ്നമാണ് ‘സ്‌നേഹവീട്’ എന്ന ഈ പദ്ധതി വഴി  യാഥാര്‍ത്ഥ്യമാകുന്നത്.
 ഇടുക്കി ജില്ലയില്‍ കൊക്കയാര്‍, കോട്ടയം ജില്ലയിലെ മുണ്ടക്കയം, തിടനാട്, ചിറക്കടവ്, എലിക്കുളം എന്നീ പഞ്ചായത്തുകളിലായാണ് 14 വീടുകള്‍ നിര്‍മ്മിച്ചത്. നിബന്ധനകള്‍ പ്രകാരം കണ്ടെത്തിയ പതിനാലില്‍ മൂന്നു  കുടുംബങ്ങള്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് ഭൂമി കണ്ടെത്തി നല്‍കിയാണ് വീട് നിര്‍മ്മിച്ചത്.
ഈ ഉദ്യമത്തില്‍ സെന്റ് ഡൊമിനിക്‌സ് കോളജ് എന്‍എസ്എസ് യൂണിറ്റിന് നാട്ടിലെ സുമനസുകളായ ഒട്ടേറെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും അകമഴിഞ്ഞ സഹകരണം ലഭിച്ചു എന്ന് പ്രോഗ്രാം ഓഫീസര്‍ ഡോ. ജോജി തോമസ് പറഞ്ഞു.
വീടില്ലാത്തവര്‍ക്ക് വീട് ലഭിച്ചു എന്ന നന്മയെപ്പോലെതന്നെ വിലമതിക്കുന്നതാണ് ഈയൊരു പ്രക്രിയയിലൂടെ കോളജിലെ എന്‍എസ്എസ് അംഗങ്ങള്‍ നേടിയ സമഗ്രപരിശീലനം എന്ന് പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ് പറഞ്ഞു.
അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുക; നിര്‍മ്മാണസ്ഥലം സന്ദര്‍ശിച്ച് ഭവനനിര്‍മ്മാണ ആസൂത്രണം നടത്തുക; സാമ്പത്തിക സഹായം, സര്‍ക്കാര്‍ രേഖകള്‍, അംഗീകാരങ്ങള്‍, പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയാറാക്കുക; സുമനസുകളെ സഹകരിപ്പിക്കുക എന്നിങ്ങനെ നേതൃത്വപരമായ എല്ലാ ഘട്ടങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കാളികളായി.
വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ ചുമന്ന് എത്തിക്കാനും  മണ്ണ് കുറവുള്ള പാറ  നിറഞ്ഞ പ്രദേശത്ത് തറ കെട്ടുന്നതിന് മണ്ണ് ചുമന്ന് എത്തിക്കാനും  അടക്കം വീട് നിര്‍മ്മാണത്തിന്റെ വിവിധഘ ട്ടങ്ങളില്‍ കൈമെയ് മറന്നുള്ള കായികാധ്വാനവും  എന്‍എസ്എസ് വോളന്റിയര്‍മാരുടെ വകയായിരുന്നു.
 കോളേജ് മാനേജര്‍ റവ. ഡോ. കുര്യന്‍ താമരശേരി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സീമോന്‍ തോമസ്, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി അതുല്‍ കൃഷ്ണന്‍, എന്‍എസ് എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയര്‍ സെക്രട്ടറിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറ് എന്‍എസ്എസ് വോളണ്ടിയര്‍മാര്‍  നടത്തിയ തീവ്രപരിശ്രമമാണ് വിജയംവരിച്ചിരിക്കുന്നത്. .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?