Follow Us On

18

August

2025

Monday

സാധാരണക്കാര്‍ക്കും വിശുദ്ധരാകാം; ഫ്രാന്‍സിസ് പാപ്പ കാണിച്ച വഴി

സാധാരണക്കാര്‍ക്കും വിശുദ്ധരാകാം; ഫ്രാന്‍സിസ് പാപ്പ കാണിച്ച വഴി

ഒരാള്‍ക്ക്  ക്രിസ്ത്യാനി ആയിരിക്കാനും ദുഃഖിച്ചിരിക്കാനും കഴിയുകയില്ല എന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നത്. ആനന്ദം വിശുദ്ധിയുടെ ലക്ഷണമാണ്, നമുക്ക് തമാശകള്‍ പറയാനും ചിരിക്കാനും കഴിയണം എന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. തന്റെ സന്തോഷവും എളിമയും നിറഞ്ഞ ജീവിതത്തിലൂടെ ഒരു ക്രിസ്ത്യാനി എങ്ങനെയാകണം എന്നു നമുക്ക് മാതൃക നല്‍കി.

പണവും അധികാരവും നേടാനായി വലിയ യുദ്ധങ്ങള്‍ പോലും നടക്കുമ്പോഴാണ് കത്തോലിക്ക സഭയുടെ ആഗോള അധ്യക്ഷന്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു കാണിച്ചത്. ദൈവം തന്റെ ഹൃദയവുമായി ലോകത്തിലേക്കയച്ച മാലാഖയെ പോലെ ഫ്രാന്‍സിസ് പാപ്പ നമുക്കിടയില്‍ ജീവിച്ചു. ലോകം മുഴുവന്റെയും ആത്മീയ ഗുരു എന്ന സ്ഥാനം ഒരിക്കല്‍ പോലും അദ്ദേഹത്തിന്റെ തലക്കനം കൂട്ടിയില്ല.
അധികാരം അലങ്കാരമല്ല, ദൈവത്തോടും മനുഷ്യരോടുമുള്ള  ഉത്തരവാദിത്തമാണെന്ന്  പാപ്പാ തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. ഔദ്യോഗിക കൊട്ടാരത്തിന്റെ ആഡംബരങ്ങളെ ഉപേക്ഷിച്ചു കൊണ്ട് പേപ്പല്‍ വസതിയില്‍ സന്ദര്‍ശകര്‍ക്കായി മാറ്റിവച്ചിരുന്ന ഒരു സാധാരണ മുറിയാണ് അദ്ദേഹം തനിക്കായി തെരെഞ്ഞെടുത്തത്.

സന്ദര്‍ശനങ്ങള്‍ക്കായി  മാര്‍പാപ്പ തെരെഞ്ഞെടുത്ത രാജ്യങ്ങള്‍ ഏറെയും  ദരിദ്ര രാഷ്ട്രങ്ങളായിരുന്നു. പലപ്പോഴും ക്രൈസ്തവര്‍ വളരെ കുറച്ചുമാത്രമുള്ള രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ദൈവത്തിനുള്ള ഒന്നാം സ്ഥാനവും മനുഷ്യരോടുള്ള അലിവുമായിരുന്നു പാപ്പയുടെ മുഖമുദ്ര. രോഗികള്‍, അനാഥര്‍, പ്രായംചെന്നവര്‍, കുട്ടികള്‍ എന്നിങ്ങനെയുള്ളവരെ കാണാനായി തന്റെ യാത്രകളില്‍ അദ്ദേഹം സമയം മാറ്റിവച്ചിരുന്നു. ഔപചാരികതയുടെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകളെന്ന് പാപ്പയെ കണ്ടവരെല്ലാം  സ്‌നേഹപൂര്‍വം ഓര്‍മിക്കുന്നു.
വിശുദ്ധി എന്നാല്‍ വിചിത്രമായ കാര്യങ്ങളാണ് എന്ന് ധരിച്ചിരുന്ന നമുക്ക് അത് അസാധാരണമായ സാധാരണ ജീവിതം തന്നെയാണെന്ന് പാപ്പ പഠിപ്പിച്ചു. നന്മയുടെ വഴി തുറന്നുതന്നുകൊണ്ട് നമ്മുടെ നല്ല ഇടയന്‍ തന്റെ ഭവനത്തിലേക്ക് യാത്രയായിരിക്കുകയാണ്. വിശുദ്ധിയുടെ ആനന്ദം പകരുന്ന മനുഷ്യരായി നമുക്കും ജീവിക്കാം. ആ നല്ല ഇടയന്‍ പകര്‍ന്നു തന്ന കരുണയുടെ പാത മറക്കാതിരിക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?