Follow Us On

17

May

2025

Saturday

വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ അവസാന മെത്രാന്‍

വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പായുടെ  അവസാന മെത്രാന്‍

ഇന്നുമുണ്ട്, വിശേഷണങ്ങള്‍ ഏറെ

വി. ജോണ്‍ 23-മന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയ ജോസ് ഡി ജീസസ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പ്. 103 വര്‍ഷത്തെ ദീര്‍ഘായുസ്സ്, 79 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയില്‍ 64 വര്‍ഷം ബിഷപ്പായി അജപാലന ശുശ്രൂഷ! ബിഷപ്പ് ജോസ് ഡി ജീസസ് സഹഗുന്‍ ഡി ലാ പാര ഒരു അത്യപൂര്‍വമായ സേവനകാലം പിന്നിട്ടിരിക്കുകയാണ്. മെക്‌സിക്കോയിലെ മൈക്കോകാനിലെ സിയുഡാഡ് ലാസാരോ കര്‍ഡെനാസ് എന്ന തുറമുഖ നഗരത്തിലെ എമിരിറ്റസ് ബിഷപ്പായ അദ്ദേഹം ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ ബിഷപ്പായി കണക്കാക്കപ്പെടുന്നു.

1946ല്‍ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ, ‘നല്ല പോപ്പ്’ എന്ന് അറിയപ്പെടുന്ന വി. ജോണ്‍ 23-മന്‍ മാര്‍പാപ്പയാണ് തുലാ രൂപതയുടെ ബിഷപ്പായി നിയമിച്ചത്. വി. ജോണ്‍ 23-മന്‍ മാര്‍പാപ്പ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തിയ അവസാനത്തെയും, ഇപ്പോഴും ജീവിച്ചിരിക്കുന്നതുമായ ബിഷപ്പാണ് മോണ്‍സിഞ്ഞോര്‍ ജോസ് ഡി ജീസസ്.

സഭയുടെ ചരിത്രത്തിനൊപ്പമുള്ള ജീവിക്കുന്ന സാക്ഷിയായ അദ്ദേഹം, 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ എല്ലാ സെഷനുകളിലും പങ്കെടുത്തിരുന്നു. അതില്‍ പങ്കെടുത്ത ഏകദേശം 2,500 ബിഷപ്പുമാരില്‍ ഇന്നും ജീവിച്ചിരിക്കുന്നത് നാലുപേരാണ്, ബിഷപ്പ് സഹഗൂണ്‍ ഡി ലാ പാരയോടൊപ്പം ആര്‍ച്ച്ബിഷപ്പ് വിക്ടോറിനസ് യൂന്‍ കോങ്ഹി, കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ, ബിഷപ്പ് ഡാനിയേല്‍ അല്‍ഫോണ്‍സ് ഒമര്‍ വെര്‍സ്‌ട്രേറ്റ് എന്നിവരും ഈ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

അദ്ദേഹത്തിന്റെ അജപാലന കാലം മുഴുവനും, അദ്ദേഹം ക്ഷമയോടെയും സഹനുഭൂതിയോടെയും പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹത്തോടൊപ്പം സേവനം അനുഷ്ടിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തുലാ രൂപതയുടെ ആദ്യ കാലഘട്ടങ്ങളില്‍, വിശ്വാസികളുടെ എണ്ണം തീരെ കുറവായിരുന്ന സമയത്ത്, ബിഷപ്പ് സഹഗൂണ്‍ നിശബ്ദമായി, തിരശ്ശീലയ്ക്ക് പിന്നില്‍, അക്ഷീണം പ്രവര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സേവനം, രൂപതയുടെ ശക്തമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതിനാല്‍, അദ്ദേഹത്തിന് ‘മഹാനായ നിര്‍മ്മാതാവ്’ എന്ന പദവി ലഭിച്ചു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യം ദിവ്യകാരുണ്യത്തോടുള്ള അഗാധമായ സമര്‍പ്പണമാണ്. പ്രായാധിക്യം വകവയ്ക്കാതെ ദിവസവും, നഴ്‌സിംഗ് ഹോമില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. അദ്ദേഹത്തെ തേടിയെത്തുന്ന അഭിമുഖങ്ങള്‍ക്കു മുഖം നല്‍കാതെ  ദിവ്യകാരുണ്യ നാഥനെ മാത്രം നോക്കി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. ‘ദിവ്യകാരുണ്യമാണ് അദ്ദേഹത്തിന് ശക്തിയും സന്തോഷവും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്’ എന്നാണ് അദ്ദേഹത്തെ ശുശ്രൂഷിക്കുന്നവരുടെ സാക്ഷ്യം.

103 വയസ്സുവരെ, ദൈവവിളിയോടും, സഭാ സേവനത്തിനോടും, ഉറച്ച സ്‌നേഹവും പ്രതിബദ്ധതയും പുലര്‍ത്തിയ ഈ മഹാനായ ബിഷപ്പ്, ലോകസഭയ്ക്ക് പ്രചോദനമായി തന്റെ ജീവിതയാത്ര തുടരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?