ലിയോ പതിനാലാമന്‍ പാപ്പയെ അദ്ദേഹം കര്‍ദിനാളായിരുന്നകാലംമുതല്‍ എനിക്ക് പരിചയമുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്‌തോലികയാത്രകളില്‍ അനുഗമിക്കുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. സാധാരണഗതിയില്‍ മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ മാര്‍പാപ്പയുടെ യാത്രകളില്‍ പങ്കെടുക്കാറുള്ളതല്ല. പക്ഷെ ഓരോ അവസരത്തിലും മാര്‍പാപ്പതന്നെ മുന്‍കയ്യെടുത്ത് അദ്ദേഹത്തെ ഉള്‍പ്പെടുത്തുമായിരുന്നു. ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള്‍ പത്രോസിന്റെ പിന്‍ഗാമിയുടെ ശ്ലൈഹിക യാത്രകള്‍ എങ്ങനെയാണെന്നത് കണ്ടുപഠിക്കാന്‍ അദ്ദേഹത്തെ കൂടെകൂട്ടിയിരുന്നതുപോലെ തോന്നുന്നു. ആ യാത്രകളുടെ പ്രത്യേകതകള്‍ മനസിലാക്കി അതിനായി തയ്യാറെടുക്കാന്‍ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ ഒരുക്കിയതുപോലെ. വളരെ സൗമ്യനും ശാന്തനുമായ ലിയോ പതിനാലാമന്‍ പാപ്പ തന്റെ ഉത്തരവാദിത്വങ്ങളും തീരുമാനങ്ങളും വിവേകത്തോടും സൗമനസ്യത്തോടെയും എടുക്കുന്ന ഒരാളാണ്.
ലിയോ 14-ാമനോട് ചോദിച്ച സംശയം
ഞാന്‍ കര്‍ദിനാളായ അവസരത്തില്‍ അദ്ദേഹത്തോട് ചോദിച്ചു എങ്ങനെയാണ് ഒരു കര്‍ദിനാള്‍ ജീവിക്കേണ്ടത്? ഇങ്ങനെയായിരുന്നു മറുപടി: ‘ഞാനും കദിനാളായിട്ട് അധികമായിട്ടില്ല. പ്രത്യേകമായ രീതിയില്‍ സഭയ്ക്കായി സംലഭ്യനാകാനും, സഭയ്ക്കുവേണ്ടി ജീവിക്കാനും പ്രാര്‍ത്ഥിക്കാനും, സഭക്കായി മുഴുവനായി തന്നെത്തന്നെ നല്‍കാനുമുള്ള ജീവിതമാണ് നമ്മുടേത്.’ ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്ഥാനത്തിന്റെ ആശംസകളും ആശീര്‍വാദവും നല്‍കി കടന്നുപോയി. ലിയോ പതിനാലാമന്‍ പാപ്പ ഉത്ഥിതനായ ഈശോയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തന്റെ ആദ്യപ്രഭാഷണം ആരംഭിച്ചത്. എല്ലാവര്‍ക്കും- കുടുംബങ്ങള്‍ക്കും, വേദനയനുഭവിക്കുന്നവര്‍ക്കുമെല്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശമാണ് അദ്ദേഹം പകര്‍ന്നത്.
സഭയെ എങ്ങനെയാണ് പരിശുദ്ധാത്മാവ് നയിക്കുന്നതെന്ന് വ്യക്തിപരമായി അനുഭവിക്കാന്‍ സാധിച്ച അവസരമായിരുന്നു കോണ്‍ക്ലേവ് ദിവസങ്ങള്‍. സഭയുടെ ബാഹ്യമായ സംവിധാനങ്ങള്‍ മാത്രം കാണുകയും അതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അങ്ങനെ ചെയ്യുന്ന പലരെയും നമുക്കുചുറ്റും കാണാനുമാകും. എന്നാല്‍ സഭയുടെ യഥാര്‍ത്ഥ ശക്തി പരിശുദ്ധാത്മാവാണ് എന്ന ആഴമായ അനുഭവം വ്യക്തമായി പകരുന്ന ഒരവസരമായിരുന്നു കോണ്‍ക്ലേവ് ദിനങ്ങള്‍.
സഭയുടെആവശ്യങ്ങളെയും കാലഘട്ടത്തിന്റെ പ്രത്യേകതകളെയും കണക്കിലെടുത്തു അവയോട് പ്രതികരിക്കാന്‍ സഭയെ സഹായിക്കുന്ന വലിയ ഇടയനെ ദൈവം അത്ഭുതകരമായി നല്‍കി. അധികം ബുദ്ധിമുട്ടുകളില്ലാതെ ദൈവാനുഗ്രഹത്തിന്റെ ചിറകേറിയാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ക്ലേവില്‍ പങ്കെടുത്ത 108 പേര്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയവരായിരുന്നു. അവര്‍ തമ്മില്‍ വലിയ പരിചയം ഇല്ലായിരുന്നു. എന്നിരിക്കിലും ഭിന്നതകളോ അഭിപ്രായ വ്യത്യാസങ്ങളോ കാലതാമസമോ കൂടാതെ പുതിയ പിതാവിനെ തിരഞ്ഞെടുക്കാന്‍ കര്‍ദിനാള്‍ സംഘത്തിന് സാധിച്ചുവെന്നത് ദൈവിക ഇടപെടലിന്റെ തെളിവാണ്.
രണ്ടു ദിവസത്തെ കാത്തിരിപ്പ്
വിശുദ്ധ പത്രോസിന്റെ 266-ാമത് പിന്‍ഗാമിയായി കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ ്‌പ്രെവോസ്റ്റ് തിരഞ്ഞെടുക്കപ്പെടുകയും പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ എന്നനാമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. ലോകത്തിന്റെ ദൃഷ്ടികള്‍ വത്തിക്കാന്റെ ചിമ്മിനിക്കുഴലിലേക്ക് ഒതുങ്ങിയ രണ്ടുദിനങ്ങളുടെ കാത്തിരിപ്പിന്റെ അവസാനം പത്രോസിന്റെ നാമധേയത്തിലുള്ള ചത്വരത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് വിശ്വാസികളുടെ കരഘോഷങ്ങളുടെ മധ്യത്തിലേക്കാണ് സമാധാനത്തിന്റെ വാക്കുകളുമായി അദ്ദേഹം കടന്നുവന്നത്. മെയ്മാസം എട്ടാംതീയതി വൈകുന്നേരമാണ് ദൈവജനത്തിന്റെ പ്രാര്‍ത്ഥനകള്‍ക്ക് വിരാമമിട്ട വെള്ളപ്പുക പ്രത്യക്ഷപ്പെട്ടത്. ഉയിര്‍പ്പുതിരുനാളിനുശേഷമുള്ള തിങ്കളാഴ്ച (ഏപ്രില്‍ 21) പരിശുദ്ധപിതാവ് ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗപ്രാപ്തനായ നിമിഷംമുതലുള്ള തിരുസഭയുടെയും ലോകം മുഴുവന്റെയും പ്രാര്‍ത്ഥനകള്‍ക്ക് ദൈവം നല്‍കുന്ന ഉത്തരമാണ് ഈ തിരഞ്ഞെടുപ്പ്.
അമേരിക്കയിലെ ചിക്കാഗോയില്‍ സ്പാനിഷ്- ഫ്രഞ്ച്- ഇറ്റാലിയന്‍ വേരുകളുള്ള കുടുംബത്തില്‍ 1955 സെപ്റ്റംബര്‍ 14ന് ജനിച്ച പുതിയ പാപ്പ അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗമാണ്. 1982 ല്‍ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം റോമിലെ അഞ്ചെലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം പെറു എന്ന ദക്ഷിണ അമേരിക്കന്‍ രാജ്യത്തില്‍ മിഷനറിയായി എത്തിച്ചേര്‍ന്നു. പിന്നീട് അജപാലകന്‍, സെമിനാരിയില്‍ അധ്യാപകന്‍, രൂപതയിലെ വിവിധ ശുശ്രൂഷകള്‍, പ്രൊവിന്‍ഷ്യല്‍ പ്രിയോര്‍, പ്രിയോര്‍ ജനറല്‍, മെത്രാന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ ശുശ്രൂഷ ചെയ്തു. 2023 ലാണ് കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടതും മെത്രാന്മാര്‍ക്കായുള്ള തിരുസംഘത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ആരംഭിച്ചതും. ഈ വര്‍ഷമാദ്യം അദ്ദേഹം കര്‍ദിനാള്‍ ഡീക്കനില്‍ നിന്നും കര്‍ദിനാള്‍ മെത്രാനായി ഉയര്‍ത്തപ്പെടുകയും അല്‍ബാനോ രൂപതയുടെ സ്ഥാനിക മെത്രനാകുകയും ചെയ്തു.
സിസ്‌റ്റൈന്‍ ചാപ്പലിലെ ചിത്രം
നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഏഴാം പീയൂസ് പാപ്പയോടെ സഭയുടെ അവസാനമുണ്ടാകുമെന്ന് കരുതിയിരുന്ന ഒരുകാലഘട്ടമുണ്ടായിരുന്നു. പിന്നീട് പല കാലഘട്ടങ്ങളിലും സമാനമായ പ്രവചനങ്ങള്‍ ലോകത്തിന്റെ അവസാനത്തെപ്പറ്റിയും സഭയുടെ അവസാനത്തെപ്പറ്റിയും തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ സഭയെ പരിശുദ്ധാത്മാവ് എങ്ങനെ നയിക്കുന്നു എന്നതിന്റെ വലിയ ആത്മീയ അനുഭവമായിരുന്നു ഈ കോണ്‍ക്ലേവ്. സിസ്‌റ്റൈന്‍ ചാപ്പലില്‍ അന്ത്യവിധിയുടെ ചിത്രമാണ് പ്രധാന അള്‍ത്താരയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ മുന്‍പില്‍ അവസാനം കണക്ക് നല്‍കേണ്ടവരാണ് എന്ന ബോധ്യത്തിലാണ് ഓരോ കര്‍ദിനാളന്മാരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്.
അവിടെയുള്ള ഒരു പ്രധാന ചിത്രം ജെറുസലേം ദൈവാലയത്തിനു മുന്നില്‍ നില്‍ക്കുന്ന ഈശോയുടെയും പത്രോസിന്റെയും ചിത്രമാണ്. ഈശോ പത്രോസിനു രണ്ടു താക്കോലുകള്‍ സമ്മാനിക്കുന്നു. സുവര്‍ണനിറത്തില്‍ സ്വര്‍ഗീയ അധികാരം ഉള്‍ക്കൊള്ളുന്ന താക്കോലും വെള്ളിനിറത്തില്‍ ഭൗമിക അധികാരം ഉള്‍ക്കൊള്ളുന്ന താക്കോലും പത്രോസിന് നല്‍കപ്പെട്ടു. സുവര്‍ണ താക്കോല്‍ ഈശോയുടെ ഹൃദയത്തിലേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഈശോയുടെ ഹൃദയത്തില്‍നിന്നു കൃപ സ്വീകരിച്ചു മിശിഹായുടെ സന്തോഷവും സമാധാനവും അനേകര്‍ക്ക് പകരുന്ന ശുശ്രൂഷയാണ് പത്രോസിന്റെ പിന്‍ഗാമിയുടെ ശുശ്രൂഷ.
ലിയോ പതിനാലാമന്‍ എന്ന പേര് പുതിയ പാപ്പ സ്വീകരിക്കുമ്പോള്‍ പതിമൂന്നാം ലിയോ പാപ്പയുടെ ശുശ്രൂഷാമേഖലകളുടെ പ്രത്യേകതകളും നാം ഓര്‍ത്തിരിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ പാപ്പ എന്നറിയപ്പെടുന്ന അദ്ദേഹം റേരും നോവാരും എന്ന തിരുവെഴുത്തുവഴി സഭയുടെ സാമൂഹിക നീതിയുടെയും തൊഴിലിനോടുള്ള ആഭിമുഖ്യത്തിന്റെയും വ്യക്തമായ പഠനം നല്‍കിയ പാപ്പയാണ്.
ബൗദ്ധികമായ പഠനങ്ങള്‍ക്ക് വ്യക്തമായ പ്രാധാന്യം നല്‍കുകയും സഭയെ ശാസ്ത്രത്തോടും സമൂഹത്തോടുംകൂടുതല്‍ സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ദൈവശാസ്ത്രത്തിനു പുത്തനുണര്‍വ് നല്‍കുകയും ചെയ്തത് അദ്ദേഹമാണ്. അന്താരാഷ്ട്രതലത്തില്‍ വത്തിക്കാന്റെ നയതന്ത്രബന്ധങ്ങളെ വിപുലപ്പെടുത്താനും അദ്ദേഹം പരിശ്രമിച്ചു. 25 വര്‍ഷത്തോളം നീണ്ട തന്റെ ശ്ലൈഹിക ശുശ്രൂഷയില്‍ ലിയോ പതിമൂന്നാമന്‍ ചെയ്തതുപോലെ കത്തോലിക്ക സഭയുടെ പഠനങ്ങളോട് പൂര്‍ണ വിശ്വസ്തത പുലര്‍ത്തി ആധുനിക കാലഘട്ടത്തിന്റെ ബൗദ്ധികവും സാമൂഹികവും അജപാലനപരവുമായ പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഈ വലിയ ഇടയന്‍ നമ്മെ നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
യുദ്ധങ്ങളും വേദനകളും നിറയുന്ന ഈ കാലഘട്ടത്തില്‍ പിതാവിന്റെ സന്ദേശവും തുടര്‍ന്നുള്ള ജീവിതവും അനേകര്‍ക്ക് ആശ്വാസവും പ്രത്യാശയും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *