കാക്കനാട്: വ്യക്തിപരമായ വിശ്വാസാനുഭവങ്ങളില്‍ തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹന ന്മയ്ക്കായി പ്രവര്‍ത്തനസജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സമുദായ ശക്തീകരണവര്‍ഷം 2026-ന്റെ സഭാതല ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു കൂട്ടായ്മയില്‍ നവീകരിക്കപ്പെടുമ്പോള്‍ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തില്‍ രൂപാന്തരപ്പെടുത്താന്‍ കഴിയുന്നതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
വിശ്വാസത്തില്‍ ഉറച്ചതും ഐക്യബോധത്തില്‍ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാന്‍ കഴിയുമെന്ന് മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ കണ്‍വീനര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ യോഗത്തിനു നന്ദിയര്‍പ്പിച്ചു.
സീറോ മലബാര്‍ ബിഷപ്സ് സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷ പ് മാര്‍ ജോസഫ് പാംപ്ലാനി, പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലില്‍, ബിഷപ്പുമാര്‍, വിന്‍സന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ ഫാ. പോള്‍ പുതുവ, എസ്എബിഎസ് സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ റോസിലി ജോസ് ഒഴുകയില്‍, സഭാ കാര്യാലയത്തിലെ വൈദികര്‍, സന്യസ്തര്‍, സീറോമലബാര്‍ മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീനാ ജോഷി, അഡ്വ. സാം സണ്ണി എന്നിവര്‍ സംബന്ധിച്ചു.
















Leave a Comment
Your email address will not be published. Required fields are marked with *