Follow Us On

24

May

2025

Saturday

ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍

ഒരോ വര്‍ഷവും കാന്‍സര്‍ മൂലം മരിക്കുന്നത് ഒരു കോടി ജനങ്ങള്‍; സമഗ്രമായ ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കാന്‍സര്‍ ഗവേഷണവും ചികിത്സയുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ കാന്‍സര്‍ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധര്‍ പങ്കെടുത്തു. പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് സംഘടപ്പിച്ച കോണ്‍ഫ്രന്‍സ് ഈ മേഖലയില്‍ നിലനില്ക്കുന്ന അസമത്വങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. നിലവിലുള്ള ചികിത്സാ രീതികള്‍, സാമൂഹിക അസമത്വങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് കോണ്‍ഫ്രന്‍സില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

ദരിദ്ര രാജ്യങ്ങളില്‍ കാന്‍സര്‍ രോഗത്തെ തടയുന്നതിനും, രോഗനിര്‍ണയത്തിനും, ചികിത്സയ്ക്കും ആധുനിക സൗകര്യങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്ന് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രസിഡന്റ് പ്രഫസര്‍ ജൊവാക്കിം വോണ്‍ ബ്രൗണ്‍ ചൂണ്ടിക്കാണിച്ചു. സഹാറന്‍ -ആഫ്രിക്ക പോലുള്ള പ്രദേശങ്ങളില്‍, റേഡിയേഷന്‍ തെറാപ്പി പോലുള്ള അത്യാവശ്യ ചികിത്സകള്‍ 10% രോഗികള്‍ക്കുമാത്രമാണ്  ലഭ്യമാകുന്നത്. സ്ത്രികള്‍ക്ക് സ്തനാര്‍ബുദം പോലുള്ള സാധാരണയായ കാന്‍സറിനെക്കുറിച്ച് അജ്ഞരാണ്. സ്തനാര്‍ബുദത്തെ സംബന്ധിച്ചുള്ള തെറ്റായ ധാരണകള്‍, സാമൂഹിക സമ്മര്‍ദ്ദം എന്നിവ, നേരത്തെയുള്ള പരിശോധനയും ചികിത്സയും തടസപ്പെടുത്തുന്നു.

ഇതിന് പരിഹാരമായി  സമഗ്രമായ കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങുവാനുള്ള നിര്‍ദേശം സമ്മേളനം മുന്നോട്ടുവച്ചു. എന്‍ജിഒകള്‍, മതസംഘടനകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ ഒന്നിച്ച് പ്രവര്‍ത്തിച്ച്, കാന്‍സര്‍-രോഗനിര്‍ണയം, ചികിത്സ, പാലിയേറ്റീവ് കെയര്‍ എന്നിവ ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ സമൂഹത്തില്‍ എല്ലാവര്‍ക്കും ലഭിക്കുന്ന രീതിയില്‍ സമന്വയിപ്പിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

‘കാന്‍സര്‍ നേരത്തേ കണ്ടെത്തിയാല്‍ അത് മരണവിധിയായി മാറില്ല’ എന്ന  സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ലോകമെമ്പാടും ഓരോ വര്‍ഷവും ഏകദേശം 2 കോടി പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, ഒരു കോടി മരണങ്ങളും സംഭവിക്കുന്നു.  ഇത് കോവിഡ് 19 പോലുള്ള സമീപകാല ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍, കാന്‍സറിന്റെ വൈകാരികവും ആത്മീയവുമായ ആഘാതത്തോട് പ്രതികരിക്കാന്‍ സമൂഹങ്ങളെ സഹായിക്കാന്‍ സഭയ്ക്ക് കഴിയുമെന്ന് പ്രഫസര്‍ വോണ്‍ ബ്രൗണ്‍ പറഞ്ഞു. ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍, നയപരമായ പിന്തുണ, സാമൂഹിക  ഇടപെടല്‍ എന്നിവ  സംയോജിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും പത്യേകിച്ച് ഈ ജൂബിലി വര്‍ഷത്തില്‍ സഭയ്ക്ക് പ്രത്യാശയുടെ സന്ദേശം കൊണ്ടുവരാന്‍ കഴിയും എന്നും പ്രഫസര്‍ അഭിപ്രായപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?