റോം: തന്റെ ജന്മനാടായ അമേരിക്കയില്‍ നിന്ന് റോമിലേക്ക് നടത്തിയ കത്തോലിക്ക-ഓര്‍ത്തഡോക്‌സ് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരെ ലിയോ 14 ാമന്‍ മാര്‍പാപ്പ സ്വീകരിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ആര്‍ച്ചുബിഷപ് എല്‍പിഡോഫോറോസും ന്യൂവാര്‍ക്കിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ജോസഫ് ടോബിനും നേതൃത്വം നല്‍കിയ 50 അംഗ സംഘത്തില്‍ അമേരിക്കയില്‍ നിന്നുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, ബൈസന്റൈന്‍ കത്തോലിക്കാ, ലാറ്റിന്‍ കത്തോലിക്കാ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്നു.
വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിലേക്കുള്ള പാതയെക്കുറിച്ച് സംസാരിച്ച പാപ്പ സമീപകാല ദശകങ്ങളില്‍ ഈ മേഖലയില്‍ കൈവരിച്ച ദൈവശാസ്ത്രപരമായ പുരോഗതിയും സംഭാഷണങ്ങളും ചൂണ്ടിക്കാണിച്ചു. ക്രിസ്തുവിലുള്ള വിശ്വാസികള്‍ക്കിടയിലെ ഐക്യം ദൈവം നല്‍കുന്ന ആശ്വാസത്തിന്റെ അടയാളങ്ങളിലൊന്നാണെന്ന് പാപ്പ പറഞ്ഞു. ‘ജറുസലേമില്‍ വച്ച് ഞാന്‍ നിനക്ക് സാന്ത്വനം നല്‍കും’ എന്ന് തിരുവെഴുത്ത് വാഗ്ദാനം ചെയ്യുന്നു. ആത്മീയമായി, നാമെല്ലാവരും സമാധാന നഗരമായ ജറുസലേമിലേക്ക് മടങ്ങേണ്ടതുണ്ട്, അവിടെ കര്‍ത്താവിന്റെ പീഡാസഹനത്തിന്റെയും പുനരുത്ഥാനത്തിന്റെയും നാളുകള്‍ക്ക് ശേഷം പത്രോസും അന്ത്രയോസും എല്ലാ അപ്പോസ്തലന്മാരും പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. അവിടെ നിന്ന് ഭൂമിയുടെ അറ്റങ്ങള്‍ വരെ ക്രിസ്തുവിന് സാക്ഷ്യം നല്‍കി.ഐക്യത്തിന്റെയും സാഹോദര്യ സ്‌നേഹത്തിന്റെയും പാതയില്‍ നടക്കാനുള്ള കൃപയ്ക്കായി, നമ്മുടെ ഭാഗത്തുനിന്ന്, ആശ്വാസകനായ പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുന്നത് തുടരണമെന്ന് പാപ്പ പറഞ്ഞു.
നമ്മുടെ വിശ്വാസത്തിന്റെ വേരുകളിലേക്കുള്ള തിരിച്ചുവരവ് നമ്മെയെല്ലാം ദൈവത്തിന്റെ ആശ്വാസ ദാനം അനുഭവിക്കാന്‍ പ്രാപ്തരാക്കുകയും നല്ല സമരിയാക്കാരനെപ്പോലെ മനുഷ്യരാശിയുടെമേല്‍ ആശ്വാസത്തിന്റെ എണ്ണയും സന്തോഷത്തിന്റെ വീഞ്ഞും പകരാന്‍ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും എന്ന് ലിയോ പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *