Follow Us On

30

July

2025

Wednesday

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ എഫ്‌ഐആരില്‍ തിരിമറി നടന്നതായി ആരോപണം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുപ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ പോലീസ് ആദ്യം ചുമത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പോലീസ് കൈപ്പടയില്‍ എഴുതിയ ആദ്യ എഫ്‌ഐആറിലായിരുന്നു ഇത്. എന്നാല്‍ അന്നു വൈകുന്നേരം 5.22 ന് പുതിയ ഒരു എഫ്‌ഐആര്‍ കൂടിയിട്ട് അതില്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പും കൂട്ടിച്ചേര്‍ത്തു.
 മതപരിവര്‍ത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത വകുപ്പാണിത്. എഫ്‌ഐആറിലെ ഈ സമയവൈരുധ്യമടക്കം ചൂണ്ടിക്കാട്ടി കോടതിയില്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍സമിതി (സിബിസിഐ) അറിയിച്ചു. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്ക് എത്രയും വേഗം ജാമ്യം ലഭിക്കുന്നതിനുള്ള നടപടികള്‍ ഛത്തീസ്ഗഡ് കേന്ദ്രീകരിച്ച് നടന്നുവരുന്നതായും സിബിസിഐ വ്യക്തമാക്കി.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചതായും പെണ്‍കുട്ടികളെ മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചതായും സിബിസിഐ ആരോപിച്ചു. കുട്ടിയെ ഛത്തീസ്ഗഡിന് പുറത്തേക്ക് കൊണ്ടുപോകുന്നതായി അറിവില്ലായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാളുടെ മൊഴി പോലീസ് അവരെ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.
സംഭവമറിഞ്ഞെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അവരെ കാണാനുള്ള നിയമപരമായ അവകാശം പോലീസ് നിഷേധിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി അതിരൂപതാധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ് ഡോ. അനില്‍ തോമസ് കൂട്ടോ പറഞ്ഞു.
എഫ്‌ഐആറില്‍ കൂടുതല്‍ ഗൗരവമുള്ള ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതിന്റെ ലക്ഷ്യം കന്യാസ്ത്രീകളെ എങ്ങനെയെങ്കിലും ജയിലിലാക്കുക എന്നതുതന്നെയാണ്. ഉന്നതമായ ബാഹ്യ ഇടപെടലുകള്‍ നടന്നതുകൊണ്ടാകാം എഫ്‌ഐആറില്‍ തിരുത്തലുകള്‍ വരുത്തിയതും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?