കാക്കനാട്: യാക്കോബായ സഭയുടെ മേലധ്യക്ഷന്‍ ബസേലിയോസ് മാര്‍ ജോസഫ് കാതോലിക്ക ബാവ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദര്‍ശിച്ചു. സീറോമലബാര്‍ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിടയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.
മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോമലബാര്‍ മെത്രാന്‍ സിനഡ് സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ചേര്‍ന്ന് കാതോലിക്ക ബാവയെ സ്വീകരിച്ചു.
തുടര്‍ന്ന് സിനഡ് പിതാക്കന്മാരുമായും, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ക്യൂരിയയിലെ മറ്റു അംഗങ്ങളുമായും അദ്ദേഹം ആശയവിനിമയം നടത്തി. സഭകള്‍ തമ്മില്‍ പ്രത്യേകിച്ച് സീറോമലബാര്‍ സഭയും യാക്കോബായ സഭയും തമ്മില്‍ വളര്‍ത്തിയെടുക്കേണ്ട സഹവര്‍ത്തിത്വത്തെക്കുറിച്ചും കൂട്ടായ്മയിലൂടെ ലോകത്തിനു നല്‍കേണ്ട ക്രിസ്തീയ സാക്ഷ്യത്തെക്കുറിച്ചും കാതോലിക്ക ബാവ എടുത്തുപറഞ്ഞു.
യാക്കോബായ സഭയ്ക്ക് എപ്പോഴും ഏതാവശ്യത്തിലും സഹോദര്യത്തിന്റെ കരം നീട്ടാന്‍ സീറോമലബാര്‍ സഭ സന്നദ്ധമാണെന്ന് മാര്‍ റാഫേല്‍ തട്ടില്‍ ഉറപ്പുനല്‍കി. ഇരു സഭകളും തമ്മിലുള്ള പൊതുവായ വിശ്വസപൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കാന്‍ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് കൂട്ടിച്ചേര്‍ത്തു.
ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *