Follow Us On

27

August

2025

Wednesday

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതിയെ അപലപിച്ച് ജറുസലേമിലെ ഗ്രീക്ക്, ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റുകള്‍

ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതിയെ അപലപിച്ച് ജറുസലേമിലെ ഗ്രീക്ക്, ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റുകള്‍

ജറുസലേം: ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതാണെന്ന് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റിന്റെയും ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെയും സംയുക്ത പ്രസ്താവന. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് സാധാരണക്കാരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പദ്ധതി നീതീകരിക്കാനാവാത്തതും അനാവശ്യവുമാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പലസ്തീനിലെ ഏറ്റവും വലിയ നഗരമായിരുന്ന ഗാസ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. സമീപ ദിവസങ്ങളില്‍, വന്‍തോതിലുള്ള സൈനിക നീക്കവും ആസന്നമായ ആക്രമണത്തിനുള്ള തയാറെടുപ്പുകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

ക്രൈസ്തവസമൂഹം ഉള്‍പ്പടെ ലക്ഷക്കണക്കിന് സാധാരണ ജനങ്ങള്‍ താമസിക്കുന്ന ഗാസ നഗരത്തിലെ ചില ഭാഗങ്ങളില്‍ നിന്ന് ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നല്‍കിക്കഴിഞ്ഞതായി പ്രസ്താവന ചൂണ്ടിക്കാണിച്ചു. ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി ചര്‍ച്ചിന്റെയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദൈവാലയമായ  സെന്റ് പോര്‍ഫിറിയസിന്റെയും കോമ്പൗണ്ടുകളില്‍ നൂറുകണക്കിന് സാധാരണക്കാര്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. ഇതില്‍ വൈകല്യമുള്ളവര്‍, പ്രായമായവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നു.  ഇവരെ ഒഴിപ്പിക്കാനുള്ള ഉത്തരവ് ഇവരുടെ ‘വധശിക്ഷ’ നടപ്പാക്കുന്നതില്‍ കുറഞ്ഞ വിധിയല്ലെന്ന് ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ്  തിയോഫിലോസ് മൂന്നാമനും ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും പുറപ്പെടുവിച്ച പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നു.

വൈദികരും കന്യാസ്ത്രീകളും അവിടെ തന്നെ തുടരാനും കോമ്പൗണ്ടുകളില്‍ കഴിയുന്ന എല്ലാവരെയും പരിപാലിക്കുന്നത് തുടരാനും തീരുമാനിച്ചതായും പ്രസ്താവനയില്‍ പാത്രിയാര്‍ക്കീസുമാര്‍ വ്യക്തമാക്കി. ബലാല്‍ക്കാരമായ ഒഴിപ്പിക്കലും നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കലും, ‘ശരിയായ മാര്‍ഗമല്ല’ എന്നും സാധാരണക്കാരെ മനഃപൂര്‍വം നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ ന്യായീകരിക്കാന്‍ കാരണമില്ലെന്നും പാത്രിയാര്‍ക്കീസുമാര്‍ പറഞ്ഞു. പകരം ഈ അര്‍ത്ഥശൂന്യവും വിനാശകരവുമായ യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളുടെ പൊതുനന്മയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കാണാതായ ആളുകളുടെയും ഇസ്രായേലി ബന്ദികളുടെയും തിരിച്ചുവരവിന് വേണ്ടി പ്രവര്‍ത്തിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് പാത്രിയര്‍ക്കീസുമാര്‍ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?