Follow Us On

13

September

2025

Saturday

രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍

രാജസ്ഥാനിലെ പുതിയ മതപരിവര്‍ത്തന നിരോധന നിയമം മറ്റൊരു യുഎപിഎ; ലക്ഷ്യം മിഷനറിമാര്‍
ജോസഫ് മൈക്കിള്‍
ഒരു നിയമത്തെ ഏതൊക്കെ വിധത്തില്‍ വളച്ചൊടിച്ച് നിരപരാധികളെ കുടുക്കാമെന്നതിന്റെ ഉദാഹരണമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം.  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് ഈ നിയമമാണ്. ഏതുവിധത്തില്‍ വേണമെങ്കിലും വളച്ചൊടിക്കാന്‍ കഴിയുന്ന വിധത്തിലാണ് അതു ഫ്രെയിം ചെയ്തിരിക്കുന്നത്. എന്നാല്‍, ആ നിയമം ഒന്നുകൂടി പ്രാകൃതമാക്കിയാല്‍ എന്തായിരിക്കും സംഭവിക്കാന്‍ സാധ്യത എന്നു ആലോചിക്കാവുന്നതേയുള്ളൂ.
മതാനിന്ദാ കുറ്റത്തെ തോല്പിക്കുന്ന നിയമം
 രാജസ്ഥാനില്‍ ദിവസങ്ങള്‍ക്കുമുമ്പ് ബിജെപി ഗവണ്‍മെന്റ് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ പാക്കിസ്ഥാനിലെ മതനിന്ദാകുറ്റത്തെയും നാണിപ്പിക്കുന്ന വിധത്തിലാണ്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ എന്നിവയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം എന്നാണ് പേരെങ്കിലും ഈ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരും ജയിലില്‍ കിടക്കേണ്ടിവന്ന ആരുംതന്നെ ബലമായി മതപരിവര്‍ത്തനം നടത്തിയവര്‍ ആയിരുന്നില്ല. മറിച്ച്, സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയവരും ദേവാലയങ്ങളിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തവരുമായിരുന്നു.
പൂര്‍വ്വിക മതത്തിലേക്ക് മടങ്ങുന്നവര്‍ക്ക് യാതൊരുവിധത്തിലുള്ള ശിക്ഷയുമില്ല. അതിനര്‍ത്ഥം സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ‘ഘര്‍ വാപ്പസി’ എന്ന ഓമനപേരിട്ടു വിളിക്കുന്ന യഥാര്‍ത്ഥ മതപരിവര്‍ത്തനത്തിന് നിയമപരമായ അംഗീകാരവും നല്‍കിയിരിക്കുന്നു.
ഛത്തീസ്ഗഡിലെ ‘വീഴ്ച’
നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സദുദ്ദേശ്യത്തോടെ നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കോ പരാതിക്കര്‍ക്കോ എതിരെ കേസോ പ്രോസിക്യൂഷന്‍ നടപടികളോ പാടില്ലെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. വളരെ അപകടകരമായ വ്യവസ്ഥയാണിത്.  രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛക്ക് അനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ക്രൈസ്തവര്‍ക്കെതിരെ മതപരിവര്‍ത്തന നിരോധന നിയമം ഏതു വിധത്തില്‍ വേണമെങ്കിലും പ്രയോഗിക്കാം. പരാതികള്‍ ഉണ്ടായാല്‍ സദുദ്ദേശ്യത്തോടെ സ്വീകരിച്ച നടപടികളാണെന്നു വ്യക്തമാക്കിയാല്‍ അതോടെ എല്ലാം അവസാനിക്കും. വ്യാജ പരാതികള്‍ നല്‍കുന്നവര്‍ക്കും നിയമം സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ട്.
ഛത്തീസ്ഗഡില്‍വച്ച് കഴിഞ്ഞ ജൂലൈ 25ന്   മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനെയും സിസ്റ്റര്‍ പ്രീതി മേരിയെും അറസ്റ്റു ചെയ്ത സംഭവത്തില്‍ പരാതിക്കാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. അത്തരം പരാതികളെ മറികടക്കുന്നതിനാണ് രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ‘സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്ന’ ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാര്‍ക്കും നിയമപരമായ സംരക്ഷണം ലഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
യുഎപിയയുടെ സാധ്യതകള്‍
ഛത്തീസ്ഗഡില്‍ അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്ത് നടത്തിയെന്ന പേരില്‍ യുഎപിഎ എന്ന കരിനിയമം ചുമത്തിയിരുന്നു. ഈ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ വര്‍ഷങ്ങളോളം വിചാരണയോ ജാമ്യമോ ഇല്ലാതെ ജയിലില്‍ കിടക്കേണ്ടതായി വരും. ജുഡീഷ്യല്‍ കസ്റ്റടിയില്‍ മരണമടഞ്ഞ ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ ചുമത്തപ്പെട്ടത് യുഎപിഎ ആയിരുന്നു. സിസ്റ്റേഴ്‌സിന് ജാമ്യം ലഭിക്കാന്‍ കാരണമായത് ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമായിരുന്നു. എപ്പോഴുമത് സാധ്യമാകണമെന്നില്ല. എന്നുമാത്രമല്ല, പല അറസ്റ്റുകളും പുറംലോകം അറിയാറുമില്ല. രാജസ്ഥാനിലെ നിയമപരിഷ്‌ക്കരണം മറ്റൊരു യുഎപിഎ ആയി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്.
 ക്രിസ്തീയ വിശ്വാസികള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥനകള്‍ നടത്തിയാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പേരില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കേസ് നല്‍കുന്നത് ഇപ്പോള്‍ പതിവാണ്. കള്ളപ്പരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ ചില ഉദ്യോഗസ്ഥരെങ്കിലും മടിക്കുന്നത് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. എന്നാല്‍, അവര്‍ക്ക് എല്ലാം നിയമപരമായ സംരക്ഷണം ഒരുക്കുകയാണ് ഈ ബില്ലിലൂടെ.
തോല്ക്കുന്നത് ജനാധിപത്യം
 നിലവില്‍ ഇന്ത്യയിലെ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുണ്ട്. ബിജെപി ഭരണത്തിലുള്ള പല സംസ്ഥാനങ്ങളും  നി യമം കൊണ്ടുവരാനുള്ള ആലോചനയിലാണ്. നിയമം നിലനില്ക്കുന്ന സംസ്ഥാനങ്ങളിലും രാജസ്ഥാനില്‍ നടപ്പിലാക്കിയ ഭേദഗതികള്‍ വളരെ വേഗം എത്തു മെന്ന കാര്യത്തില്‍ സംശയമില്ല.
ഇനി ഏതൊരു ക്രിസ്ത്യാനിക്കെതിരെയും മതപരിവര്‍ത്തനം നടത്തിയെന്ന പരാതി രാജസ്ഥാനില്‍ ആര്‍ക്കും നല്‍കാം. കള്ളപ്പരാതിയാണെന്ന് നൂറു ശതമാനം ഉറപ്പുണ്ടെങ്കിലും ഏതു നിരപരാധിയെയും ഉദ്യോഗസ്ഥര്‍ക്ക് ജയിലില്‍ അടക്കാം. സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു എന്നൊരു വിശദീകരണം നല്‍കിയാല്‍ മതി. പുതിയ നിയമം ലക്ഷ്യംവയ്ക്കുന്നത് ക്രിസ്ത്യന്‍ മിഷനറിമാരെയും ക്രൈസ്തവ വിശ്വാസികളെയുമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു മേനിനടിക്കുന്ന ഇന്ത്യയിലാണ് ഇങ്ങനെയൊക്കെയുള്ള നിയമങ്ങള്‍ ഉണ്ടാകുന്നത് എന്നുകൂടി ഓര്‍ക്കണം. ഇത്തരം കരിനിയമങ്ങള്‍ ഇല്ലാതാക്കുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യത്തെയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?