റോം: ലിയോ 14 ാമന്‍ പാപ്പയെ അര്‍മേനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് അര്‍മേനിയന്‍ പാത്രിയാര്‍ക്കീസ് കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍. ഇറ്റലിയിലെ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ അല്‍ബാനോ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന വില്ല ബാര്‍ബെറിനി എന്ന പേപ്പല്‍ വസതിയില്‍, പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭയുടെ പാത്രിയാര്‍ക്കീസ്, കാതോലിക്കോസ് കരേക്കിന്‍ രണ്ടാമന്‍, ലിയോ പാപ്പയെ അര്‍മേനിയയിലേക്ക് ക്ഷണിച്ചത്.
നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എഡി. 301-ല്‍ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി സ്വീകരിച്ച ആദ്യ രാജ്യമാണ് അര്‍മേനിയ. അര്‍മേനിയയും വത്തിക്കാനുമായി നടത്തി വന്ന എക്യുമെനിക്കല്‍ സംഭാഷണത്തിന്റെ തുടര്‍ച്ചയായാണ് പാത്രിയാര്‍ക്കീസ് പാപ്പയെ സന്ദര്‍ശിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുമായി കരേക്കിന്‍ രണ്ടാമന്‍ മുമ്പ് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അര്‍മേനിയന്‍ അപ്പസ്‌തോലിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നറിയപ്പെടുന്ന അര്‍മേനിയന്‍ അപ്പസ്‌തോലിക് സഭ, അര്‍മേനിയയുടെ ദേശീയ സഭയും പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളുടെ ഭാഗവുമാണ്. റോമുമായി പൂര്‍ണമായി കൂട്ടായ്മയിലുള്ള അര്‍മേനിയന്‍ കത്തോലിക്കാ സഭയില്‍ നിന്ന് ഇത് വ്യത്യസ്തമാണ്. 451-ലെ കാല്‍സിഡോണ്‍ കൗണ്‍സിലിനുശേഷം അര്‍മേനിയന്‍ സഭ റോമുമായി ഔദ്യോഗികമായി ബന്ധം വേര്‍പെടുത്തുകയായിരുന്നു.
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമേ, ക്രൈസ്തവ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ കര്‍ട്ട് കോച്ചുമായും സംസ്‌കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് ടോളന്റിനോ ഡി മെന്‍ഡോന്‍സയെയുമായും കരേക്കിന്‍ രണ്ടാമന്‍ കൂടിക്കാഴ്ച നടത്തി.
Leave a Comment
Your email address will not be published. Required fields are marked with *