ജോസഫ് മൈക്കിള്‍
മാതാപിതാ ഗുരു ദൈവമെന്ന് ചൊല്ലി പഠിച്ച മഹത്തായ പാരമ്പ്യമാണ് നമ്മുടേത്. ഒരു പടികൂടി കടന്നു ഗുരുകുല വിദ്യാഭ്യാസമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് മഹത്തായ ആര്‍ഷഭാരത സംസ്‌കാരമായിരുന്നു. ഗുരുകുലമെന്നത് ആശ്രമമോ അതിന്റെ പരിശ്രമമോ അല്ല, മറിച്ച് അതൊരു മനോഭാവമായിരുന്നു. ഗുരുവിന്റെ അനുഗ്രഹങ്ങള്‍കൂടി ലഭിക്കുമ്പോഴാണ് വിദ്യ പൂര്‍ത്തിയാകുന്നതെന്ന വലിയ പാഠം.
അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളുടെ പൊതിച്ചോര്‍
ദാരിദ്ര്യം കേരളത്തില്‍ വ്യാപകമായിരുന്ന കാലത്ത് കഴിയുന്നവര്‍ ഒരു പൊതിച്ചോര്‍ കൂടി കൊണ്ടുവരണമെന്ന നിഷ്‌കര്‍ഷിച്ചിരുന്ന നന്മനിറഞ്ഞ ചില അധ്യാപകരുടെ മുഖങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കാലംകഴിഞ്ഞപ്പോള്‍ അധ്യാപകര്‍ക്ക് പൊതിച്ചോറുമായി വിദ്യാര്‍ത്ഥികള്‍ വരേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ അവര്‍ പട്ടിണിയിലാകും. അപ്പോള്‍ അവരുടെ കുടുംബങ്ങളോ എന്ന ചോദ്യം വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അധ്യാപക ജോലി കഴിഞ്ഞ് കുടുംബം പുലര്‍ത്താന്‍ മറ്റു ജോലികള്‍ക്കു പോകുന്ന അധ്യാപകരുടെ എണ്ണം കുറവല്ല.
സുപ്രീംകോടതി വിധിയും സാങ്കേതികത്വവുമൊക്കെ ഇനി ചര്‍ച്ചചെയ്യുന്നതുകൊണ്ട് അര്‍ത്ഥം ഉണ്ടെന്നു തോന്നുന്നില്ല. സുപ്രീംകോടതി വിധി രേഖയായി മുമ്പിലുള്ളപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാദിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ജനങ്ങള്‍ സത്യം വളരെ വേഗം അറിയും. ഭിന്നശേഷി ഒഴിവുകള്‍ നീക്കിവച്ചിരിക്കുന്നു എന്നുള്ള കത്തോലിക്ക മാനേജ്‌മെന്റുകളുടെ സത്യവാങ്മൂലം രേഖയായി കോടതിയിലും ഗവണ്‍മെന്റിന്റെ കൈയിലുമുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ കത്തോലിക്ക മാനേജ്‌മെന്റുകള്‍ ഭിന്നശേഷി സംവരണം പാലിക്കാത്തതാണ് പ്രശ്‌നങ്ങളുടെ കാരണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങള്‍ക്ക് എന്ത് അടിസ്ഥാനമുള്ളത്?
ഏതെങ്കിലും മാനേജ്മന്റുകള്‍ അതു പാലിക്കാത്തതുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ഗവണ്‍മെന്റ് പുറത്തുവിടണം. എന്‍എസ്എസ് മാനേജ്‌മെന്റിനു കീഴിലെ അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കിയ സുപ്രീംകോടതി വിധി ഞങ്ങള്‍ പാലിച്ചു എന്ന് മേനിനടിക്കുമ്പോള്‍ നീതിനടപ്പിലാക്കാന്‍ സുപ്രീംകോടതി ഇടപെടേണ്ടിവന്നു എന്നൊരു വ്യാഖ്യാനം അവിടെ ഉണ്ട്. ആ നീതിതന്നെയല്ലേ ക്രൈസ്തവ മാനേജ്‌മെന്റിന് കീഴിലുള്ള അധ്യാപകര്‍ ചോദിക്കുന്നതും?
ഗുരുക്കന്മാരുടെ കണ്ണീര്‍ വീഴ്ത്തരുത്
ഇവിടെ വാദപ്രതിവാദങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം. പക്ഷേ, അപ്പോഴും ജോലിയില്‍ പ്രവേശിച്ചിട്ട് ആറും ഏഴും വര്‍ഷം കഴിഞ്ഞിട്ടും ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരെ നമ്മള്‍ മറക്കരുത്. അവര്‍ക്കും ജീവിക്കേണ്ടേ? അത്തരംഅധ്യാപകരുടെ സംഖ്യ 16,000-ത്തിന് അടുത്താണ്. ഇതൊരു മനുഷ്യാവകാശ പ്രശ്‌നമായിപോലും ഗവണ്‍മെന്റിന് തോന്നുന്നില്ലെന്നത് എത്ര കഷ്ടമാണ്. കഴിഞ്ഞ ഓണക്കാലത്ത് സ്വന്തം മകള്‍ക്കൊരു ഉടുപ്പു വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്നു വിലപിച്ച നിയമനംഗീകാരം ലഭിക്കാത്ത ഒരധ്യാപകന്റെ സങ്കടം ഇപ്പോഴും ചെവികളില്‍ മുഴങ്ങുന്നുണ്ട്.
ആദ്യാക്ഷരം മുതല്‍ വിജ്ഞാനത്തിന്റെ ലോകം ഒരു തലമുറയുടെ മുമ്പില്‍ തുറക്കുന്നത് അധ്യാപകരാണ്. അവരുടെ ഇടപെടലുകളും പ്രോത്സാഹനങ്ങളും കൊണ്ടുമാത്രം ആദരണീയ പദവികള്‍ എത്തിയവര്‍ അനേകരാണ്. അവരില്‍ പലരെയും സ്വന്തം കുടുംബവും സമൂഹവുമൊക്കെ എഴുതിത്തള്ളിയതായിരുന്നു. അതുകൊണ്ട്, ദയവായി ഗുരുക്കന്മാരോട് അല്പം കരുണകാണിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഗവണ്‍മെന്റും തയാറാകണമെന്നൊരു അപേക്ഷയുണ്ട്.
പ്രത്യാശയുടെ തിരിതെളിക്കുന്ന ഗുരുക്കന്മാരെ ദൈവതുല്യരായി കണ്ടിരുന്ന സംസ്‌കാരത്തിന്റെ പിന്‍തലമുറക്കാരാണ് നമ്മള്‍. ഗുരുക്കന്മാരെ ആദരിക്കാത്ത ഒരു തലമുറയായിരുന്നു കടന്നുപോയതെന്ന് ചരിത്രകാരന്മാര്‍ വരുംകാലത്ത് രേഖപ്പെടുത്താന്‍ അങ്ങ് ഇടനല്‍കരുത്. ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അധ്യാപകരാണ്. ചെയ്യുന്ന ജോലിക്ക് കൂലികിട്ടാതെ അവരുടെ കണ്ണീരു വീണാല്‍ അതു കഴുകികളയാന്‍ ആര്‍ക്കും കഴിയില്ല.
Leave a Comment
Your email address will not be published. Required fields are marked with *