മക്കുര്‍ഡി/നൈജീരിയ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്തെ ഗോത്രത്തലവന്റെ മൃതസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂന്ന് ക്രൈസ്തവര്‍ നൈജീരിയന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഫുലാനി തീവ്രവാദികളുടെ അക്രമത്തെ തുടര്‍ന്ന് തങ്ങളുടെ സ്വത്തുവകകള്‍ നഷ്ടപ്പെട്ട നസാവ് സമൂഹത്തിലെ ക്രൈസ്തവരാണ് സൈന്യത്തിന്റെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.
നസാവ് ഗോത്രവര്‍ഗ തലവന്റെ മൃതസംസ്‌കാരത്തിന് ശേഷം ജാറ്റോ-അക്ക പട്ടണത്തിലേക്ക് മടങ്ങുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയാണ് നൈജീരിയന്‍ സൈനികര്‍ വെടിയുതിര്‍ത്തത്. രണ്ട് വിദ്യാര്‍ത്ഥികളും ഒരു യുവാവും കൊല്ലപ്പെട്ടു. ബെന്യു സംസ്ഥാനത്തിന്റെ തലസ്ഥാനമായ മക്കുര്‍ഡിയില്‍ നിന്ന് 161 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ക്വാണ്ടെ കൗണ്ടിയിലെ ജാറ്റോ-അക്കയിലാണ് സംഭവം.
പരമ്പരാഗത ക്രൈസ്തവ കര്‍ഷക വിഭാഗമായ നസാവ് ഗോത്രവര്‍ഗത്തിന്റെ സ്ഥലം ഫുലാനി തീവ്രവാദികള്‍ കയ്യേറിയതിനെ തുടര്‍ന്ന് അവിടം ഉപേക്ഷിച്ച് ജാറ്റോ അക്കയിലാണ് ഇപ്പോള്‍ ക്രൈസ്തവര്‍ താമസിച്ചുവരുന്നത്. ഫുലാനി തീവ്രവാദികള്‍ കയ്യേറിയ തങ്ങളുടെ സ്ഥലത്ത് സമൂഹത്തിലെ തലവന്‍ ഹനാവെ ലഹയുടെ മൃതസംസ്‌കാരം നടത്തിയ ശേഷം ജാറ്റോ-അക്കയിലേക്ക് മടങ്ങുന്ന വഴിയാണ് സൈനികരുടെ ആക്രമണം ഉണ്ടായത്.യുവാക്കളുടെ കൊലപാതകത്തെത്തുടര്‍ന്ന് സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരകളില്‍ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ പത്ത് പേര്‍ ചികിത്സയിലാണ്.
ആക്രമണങ്ങള്‍ പ്രകോപനമില്ലാതെയും ആസൂത്രിതമായും നടത്തിയതാണെന്ന് നസാവ് സമൂഹത്തിന്റെ യുവജന നേതാവും ദൃക്സാക്ഷിയുമായ സോളമന്‍ അമാന്‍ഡെ, അപലപിച്ചു.സൈന്യത്തിന്റെ ആക്രമണത്തിന് കാരണമായ സംഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. ‘ഫുലാനി തീവ്രവാദികള്‍ കയ്യേറിയ നസാവ് ഗ്രാമത്തില്‍ ഞങ്ങളുടെ രാജാവിനെ സംസ്‌കരിക്കാന്‍ വേണ്ട സുരക്ഷാക്രമീകരങ്ങള്‍ ഒരുക്കാന്‍ ഞങ്ങള്‍ സൈന്യത്തെ ബന്ധപ്പെട്ടു. അവര്‍ ഞങ്ങളോട് ഒരു മില്യണ്‍ നൈറ (667 യുഎസ് ഡോളര്‍) ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് 493 യുഎസ് ഡോളര്‍ മാത്രമേ താങ്ങാന്‍ കഴിയൂ എന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു, പക്ഷേ അവര്‍ മുഴുവന്‍ തുകയും വേണമെന്ന് നിര്‍ബന്ധിച്ചു.
ഞങ്ങള്‍ക്ക് ഒരു കരാറിലെത്താന്‍ കഴിയാത്തതിനാല്‍, സൈനിക സഹായമില്ലാതെ റിസ്‌ക് എടുത്ത് ഞങ്ങള്‍ നസാവിലേക്ക് പോയി, സംസ്‌കാരം നടത്തി. പക്ഷേ തിരികെ വരുന്ന വഴിയില്‍ സൈന്യം ഞങ്ങളെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ നേരിട്ടു. അവര്‍ ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഒരു യുവാവിനെ കൊല്ലുകയും നിരവധി പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് വന്‍ പ്രതിഷേധത്തിന് കാരണമായി. സൈന്യം വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കൊല്ലുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,’ സോളമന്‍ വിശദീകരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *