വത്തിക്കാന്‍ സിറ്റി: ‘വിശുദ്ധിക്കായി വിശക്കുന്നവരാകാന്‍’ സമര്‍പ്പിതരെ ക്ഷണിച്ച് ലിയോ 14-ാമന്‍ മാര്‍പാപ്പ. സമര്‍പ്പിത ജീവിതത്തിന്റെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. ലോകമെമ്പാടുമുള്ള സമര്‍പ്പിത സമൂഹങ്ങളിലെ അംഗങ്ങള്‍ ജൂബിലിയില്‍ പങ്കെടുത്തു.
നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാന്‍ യേശു നമ്മെ ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമര്‍പ്പിത വ്രതങ്ങള്‍ ജീവിക്കുക എന്നാല്‍ പിതാവിന്റെ കരങ്ങളില്‍ കുട്ടികളെപ്പോലെ സ്വയം സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. ദൈവം നമ്മുടെ ജീവിതത്തിന്റെ പൂര്‍ണതയും അര്‍ത്ഥവുമാണെന്ന് പാപ്പ പറഞ്ഞു. കര്‍ത്താവ് എല്ലാം ആകുന്നു. സ്രഷ്ടാവും അസ്തിത്വത്തിന്റെ ഉറവിടവും എന്ന നിലയിലും, വിളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സ്‌നേഹമെന്ന നിലയിലും സ്വയം ദാനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തിയെന്ന നിലയിലും വ്യത്യസ്ത രീതികളില്‍ അവിടുന്ന് എല്ലാം ആകുന്നു. അവിടുത്തെക്കൂടാതെ, ഒന്നും നിലനില്‍ക്കുന്നില്ല, ഒന്നിനും അര്‍ത്ഥമില്ല, ഒന്നും വിലപ്പെട്ടതല്ല; പാപ്പ വിശദീകരിച്ചു.
യഥാര്‍ത്ഥ സന്തുഷ്ടി കണ്ടെത്താന്‍ സ്ഥിരതയുള്ളതും നിലനില്‍ക്കുന്നതും സ്‌നേഹത്തില്‍ ഉറച്ചതുമായ അനുഭവങ്ങള്‍ ആവശ്യമാണെന്ന് പാപ്പ തുടര്‍ന്നു. സമര്‍പ്പിതരെ ദരിദ്രരും, സൗമ്യരും, വിശുദ്ധിക്കായി വിശക്കുന്നവരും, കരുണയുള്ളവരും, ഹൃദയശുദ്ധിയുള്ളവരും ആയിരിക്കുവാന്‍ പാപ്പ ക്ഷണിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *