ലാഹോര്‍: 24 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, 72 വയസുള്ള പാകിസ്ഥാന്‍ ക്രിസ്ത്യാനിയായ അന്‍വര്‍ കെന്നത്ത് ഒടുവില്‍ സ്വതന്ത്രനായി! തന്റെ ക്രൈസ്തവ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് ഒരു മുസ്ലീം മത പണ്ഡിതന് കത്തെഴുതിയതിനാണ് മതനിന്ദാക്കുറ്റം ചുമത്തി 2001 സെപ്റ്റംബര്‍ 14-ാം തിയതി, ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്ന കെന്നത്തിനെ അറസ്റ്റ് ചെയ്യുന്നത്.
2002 ജൂലൈ 18-ന്, പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295-സി പ്രകാരം ഇസ്ലാമിന്റെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കുറ്റത്തിന് കെന്നത്ത് കുറ്റക്കാരനാണെന്ന് ലാഹോറിലെ കോടതി കണ്ടെത്തി. അന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. 2014 ജൂണ്‍ 30-ന് ലാഹോര്‍ ഹൈക്കോടതി വധശിക്ഷ ശരിവച്ചു. എന്നാല്‍ കെന്നത്തിനെ തൂക്കിലേറ്റുവാനുള്ള വിധി നടപ്പാക്കിയില്ല.
കഴിഞ്ഞ വര്‍ഷം, ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി ഇന്‍ര്‍നാഷണല്‍(സിഎസ്‌ഐ) അഭിഭാഷകനായ റാണ അബ്ദുള്‍ ഹമീദ് ഖാന്റെ നേതൃത്വത്തിലുള്ള ഒരു നിയമസംഘം കെന്നത്തിന് വേണ്ടി പാക്കിസ്ഥാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണ് കെന്നത്തിന്റെ നരകയാതനക്ക് വിരാമമായത്. ഈ അപ്പീലിന്റെ ഫലമായി, ജൂണ്‍ 25 ന്, അദ്ദേഹത്തിന്റെ വധശിക്ഷ ഒടുവില്‍ റദ്ദാക്കി. തുടര്‍ന്ന് 2025 ഒക്ടോബര്‍ 21 ന്, അദ്ദേഹം ഫൈസലാബാദ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനാവുകയും ചെയ്തു.
‘പാകിസ്ഥാന്റെ നിയമ ചരിത്രത്തിലെ ഏറ്റവും വലിയ കേസ്’ എന്നാണ് കെന്നത്തിന്റെ അഭിഭാഷകന്‍ ഈ കേസിനെ വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഈ കേസില്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു: കെന്നത്ത് അറസ്റ്റിലാകുമ്പോള്‍ അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായും പറയപ്പെടുന്നു. മുസ്ലീം മത പണ്ഡിതനുമായും മറ്റുള്ളവരുമായും നടത്തിയ കത്ത് കൈമാറ്റം അദ്ദേഹം വിദ്യാസമ്പന്നനും ബൈബിളിനെക്കുറിച്ച് ആഴത്തില്‍ ഗ്രാഹ്യുമുള്ള വ്യക്തിയുമാണെന്ന് തെളിയിക്കുന്നതായി പാകിസ്ഥാനിലെ സിഎസ്ഐയുടെ പ്രാദേശിക പ്രതിനിധി പറഞ്ഞു.
കെന്നത്ത് ‘ഒരു ദൈവദൂഷണവും പറഞ്ഞിട്ടില്ലാത്ത ഒരു നിരപരാധിയാണ്’ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യത്യസ്ത കക്ഷികളില്‍ നിന്നുള്ള ഭീഷണികളും സമ്മര്‍ദ്ദങ്ങളും കാരണം ഒരു അഭിഭാഷകനും കേസ് ഏറ്റെടുക്കാന്‍ ആഗ്രഹിച്ചില്ലെന്നും തനിക്കെതിരെയും ഭീഷണികളുണ്ടായിരുന്നതായും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
2022-ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 1987-ല്‍ പാകിസ്ഥാനില്‍ മതിനന്ദാ നിയമം നിലവില്‍ വന്നതിനുശേഷം, ഏകദേശം 2,000 പേര്‍ ഈ നിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്; കുറ്റാരോപിതരായ ശേഷം 86 പേര്‍ നിയമത്തിന് പുറത്താണ് കൊല്ലപ്പെട്ടത്. മതന്യൂനപക്ഷങ്ങളും താഴ്ന്ന സാമൂഹിക പദവിയിലുള്ള ആളുകളുമാണ് ദൈവനിന്ദ നിയമങ്ങളുടെ ദുരുപയോഗത്തിന് പ്രത്യേകിച്ച് ഇരയാകുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *