ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതികളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ദയാല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് രാജസ്ഥാന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജസ്ഥാനിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വ്യവസ്ഥകളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരിവര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ തുടങ്ങിയ ശിക്ഷകളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
ആര്‍ട്ടിക്കിള്‍ 14, 21, 300എ എന്നിവ പ്രകാരമുള്ള ഭരണഘടനാ അവകാശങ്ങളെ ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതി ഉത്തരവില്ലാതെ വസ്തുക്കള്‍ കണ്ടുകെട്ടാനോ പൊളിച്ചുമാറ്റാനോ ഉത്തരവിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് ശരിയായ നടപടിക്ര മങ്ങളല്ലെന്നും അധികാര വിഭജനത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ പൊളിക്കലുകള്‍ ക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് വ്യവസ്ഥകളെന്നും ഹര്‍ജിയില്‍ പറയുന്നു.
കൂട്ട മതപരിവര്‍ത്തനത്തിന് ഒരു കോടി രൂപ വരെ പിഴയും ജീവപര്യന്തം തടവും ഉള്‍പ്പെടെ നിര്‍ദ്ദേശിക്കപ്പെട്ട ശിക്ഷകള്‍ ആനുപാതികമല്ലെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പിന്നില്‍ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം എന്നാണ് പേരെങ്കിലും ഈ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവരും ജയിലില്‍ കിടക്കേണ്ടിവന്ന ആരുംതന്നെ ബലമായി മതപരിവര്‍ത്തനം നടത്തിയവര്‍ ആയിരുന്നില്ല. സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയവരും ദേവാലയങ്ങളിലെ പ്രാര്‍ത്ഥനാ ശു്രശൂഷകളില്‍ പങ്കെടുത്തവരുമാണ് ജയിലുകളില്‍ അടക്കപ്പെട്ടത്. ഏതു വിധത്തില്‍ വേണമെങ്കില്‍ വളച്ചൊടിക്കാന്‍ കഴിയുന്ന വ്യവസ്ഥകളാണ് ക്രൈസ്തവരെ ലക്ഷ്യംവയ്ക്കുന്ന ഈ നിയമത്തില്‍ ഉള്ളത്.
















Leave a Comment
Your email address will not be published. Required fields are marked with *