വത്തിക്കാന്‍ സിറ്റി: ഈശോ ജനിച്ച സ്ഥലത്ത് സ്ഥാപിതമായ തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണത്തിന് സഹായം പ്രഖ്യാപിച്ച് പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ലിയോ 14 -ാമന്‍ മാര്‍പാപ്പ, ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ല, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയോ മെലോനി തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് നൂറ്റാണ്ടുകളായി പരിപാലിക്കപ്പെടാത കിടന്നിരുന്ന തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണ പദ്ധതി പാലസ്തീന്‍ പ്രസിഡന്റ് പ്രഖ്യാപിച്ചത്. 2020-ല്‍ സഭയുടെ നേതൃത്വത്തില്‍ പുര്‍ത്തീകരിച്ച തിരുപ്പിറവി ബസിലിക്കയുടെ പുനരുദ്ധാരണത്തിന്റെ രണ്ടാം ഘട്ടമാണ് തിരുപ്പിറവി ഗ്രോട്ടോയുടെ പുനരുദ്ധാരണം.
ഗ്രോട്ടോ പുനഃസ്ഥാപിക്കാനുള്ള തീരുമാനം വിശുദ്ധ നാട്ടിലെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ക്രിസ്തുവിന്റെ ജനന സ്ഥലത്തിന്റെ വിശ്വാസപരമായ പ്രാധാന്യത്തോടൊപ്പംം, സാമ്പത്തികമായ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന ബെത്ലഹേമിലെ കുടുംബങ്ങള്‍ക്ക് ഈ പദ്ധതി വളരെ ആശ്വാസം നല്‍കുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, യേശു ജനിച്ച ഗുഹയായ ബെത്ലഹേമിലെ ഗ്രോട്ടോയുടെ ദീര്‍ഘകാലമായി കാത്തിരുന്ന നവീകരണം ഈ വര്‍ഷത്തെ വിശുദ്ധ നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കും പുതു ഊര്‍ജം പകരും.
റോമിലെ ലോറോ സമുച്ചയത്തിലെ സാന്‍ സാല്‍വറ്റോറില്‍ നടന്ന ബെത്ലഹേം റീബോണ്‍ എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടന വേളയില്‍, അബ്ബാസ് ഈ പദ്ധതിയെ ‘വിശുദ്ധ നാടിന്റെ പ്രത്യാശയുടെയും പുനര്‍ജന്മത്തിന്റെയും അടയാളം’ എന്ന് വിശേഷിപ്പിച്ചു. വര്‍ഷങ്ങളുടെ ഇരുട്ടിനുശേഷം, ബെത്ലഹേമിന്റെ പ്രകാശം – അക്ഷരാര്‍ത്ഥത്തിലും ആത്മീയമായും – ഒടുവില്‍ തിരിച്ചെത്തുമെന്ന പ്രത്യാശ അബ്ബാസിന്റെ പ്രഖ്യാപനം നല്‍കുന്നു. വിശുദ്ധ നാട്ടിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ട് ക്രിസ്മസുകള്‍ക്ക്, ബെത്ലഹേം നിശബ്ദമായിരുന്നു. വിളക്കുകളില്ല, ഗായകസംഘങ്ങളില്ല, തീര്‍ത്ഥാടകരില്ല. സമാധാനത്തിന് പേരുകേട്ട നഗരത്തെ യുദ്ധത്തിന്റെ അന്ധകാരം വിഴുങ്ങിയപ്പോള്‍ ഒരിക്കല്‍ ലോകരക്ഷകന്റെ ജീവന്‍ തുടിച്ച തെരുവുകള്‍ മൃതതുല്യമായി.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബര്‍ 24-ന് ക്രിസ്മസ് പാതിരാ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ തീരുമാനവും ശക്തമായ പ്രതീകാത്മകത പുലര്‍ത്തുന്നു. കേവലം ഔപചാരികമായ ഒരു നടപടി എന്നതിലുപരി തകര്‍ന്ന ഐക്യത്തിന്റെ പുനര്‍ജന്മം കൂടെയായി ഈ ക്രിസ്മസ് മാറുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍
ഗ്രോട്ടോ ഓഫ് ദി നേറ്റിവിറ്റി ആറ് നൂറ്റാണ്ടുകളായി വലിയ പുനരുദ്ധാരണത്തിന് വിധേയമായിട്ടില്ല. അതിന്റെ അതിലോലമായ മൊസൈക്കുകള്‍, മാര്‍ബിള്‍ പാനലുകള്‍, സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ എന്നിവ കാലത്തിന്റെയും അവഗണനയുടെയും അടയാളങ്ങള്‍ വഹിക്കുന്നു. ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഒരു വത്തിക്കാന്‍ പ്രതിനിധി സൂചിപ്പിച്ചതുപോലെ ഈ പുണ്യസ്ഥലത്തിന് നാം നല്‍കുന്ന പരിഗണന ഓരോ മനുഷ്യനോടും നാം കടപ്പെട്ടിരിക്കുന്നു.
















Leave a Comment
Your email address will not be published. Required fields are marked with *